കശ്മീരില്‍ കേന്ദ്രം ഇടപെടുന്നു; വിഘടനവാദികളുമായും ചര്‍ച്ച

Posted on: August 25, 2016 10:47 pm | Last updated: August 26, 2016 at 10:48 am
കശ്മീരില്‍ ദ്വിദിന സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വാര്‍ത്താ സമ്മേളനം നടത്തുന്നു
കശ്മീരില്‍ ദ്വിദിന സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വാര്‍ത്താ സമ്മേളനം നടത്തുന്നു

ന്യൂഡല്‍ഹി: സംഘര്‍ഷാവസ്ഥ തുടരുന്ന കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. പ്രതിപക്ഷ കക്ഷി നേതാക്കള്‍ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും നേരില്‍ കണ്ട് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കാശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സന്ദര്‍ശന നടപടികളിലേക്ക് നീങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ വിഘടനവാദികളുള്‍പ്പെടെ മുഴുവന്‍ വിഭാഗങ്ങളുമായും ചര്‍ച്ച നടത്താനും ഫലം കണ്ടില്ലെങ്കില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനുമാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം.
ഇതിന്റെ ഭാഗമായി കശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും കശ്മീരിലേക്ക് ഉടന്‍ സര്‍വകക്ഷി സംഘത്തെ അയക്കുമെന്നും കശ്മീരില്‍ ദ്വിദിന സന്ദര്‍ശനത്തിനു ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. നിലവില്‍ പ്രതിഷേധക്കാര്‍ക്കെതിരെ അതിര്‍ത്തി രക്ഷാസേന ഉപയോഗിച്ചുവരുന്ന പെല്ലറ്റ് തോക്കുകള്‍ക്ക് പകരമുള്ള മാര്‍ഗങ്ങള്‍ ഉടന്‍ കണ്ടെത്തും. പുതിയ സാഹചര്യത്തില്‍ പെല്ലറ്റ് തോക്കുകള്‍ക്ക് പകരം സംവിധാനത്തെക്കുറിച്ച് രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. ഈ മാസം അവസാനത്തോടെ താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗവര്‍ണറെ മാറ്റുകയോ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുകയോ ചെയ്യുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. സംഘര്‍ഷം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം.
കശ്മീരിലെ മുന്നൂറിലധികം പേരെ നേരില്‍ക്കണ്ട് സംസാരിച്ചുവെന്നും ഇതിലൂടെ കശ്മീരിലെ ജനങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയ രാജ്‌നാഥ് സിംഗ്, ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും വ്യക്തമാക്കി.
യുവാക്കളുടെ ഭാവികൊണ്ട് പന്താടരുത്. കശ്മീരിലെ 95 ശതമാനം ജനങ്ങളും അക്രമത്തിന് പകരം സമാധാനമാണ് കാംക്ഷിക്കുന്നത്. കല്ലുകള്‍ക്ക് പകരം കശ്മീരി യുവാക്കള്‍ കമ്പ്യൂട്ടറുകളും പുസ്തകവും പേനയുമാണ് എടുക്കേണ്ടത്. ഇവരെ വഴിതെറ്റിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. കശ്മീരില്ലാതെ ഇന്ത്യക്ക് നിലനില്‍ക്കാന്‍ കഴിയില്ലെന്നും കശ്മീരില്ലാതെ ഇന്ത്യ അപൂര്‍ണമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
കശ്മീരിലെ ജനങ്ങള്‍ പ്രശ്‌നങ്ങള്‍ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും തുടര്‍ച്ചയായി ഉണ്ടാകുന്ന കല്ലേറുകള്‍ സംഘര്‍ഷം അവസാനിപ്പിക്കില്ലെന്നും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും പറഞ്ഞു. കശ്മീരില്‍ സന്ദര്‍ശം തുടരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായും ഭരണകക്ഷിയായ പി ഡി പിയുടെ നേതാക്കളുമായും പൗര സമൂഹവുമായും ചര്‍ച്ച നടത്തിയിരുന്നു. ബി ജെ പി, കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടി നേതാക്കളുമായും ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ മാസം എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിക്കിടെ വധിക്കപ്പെട്ടതിന് പിന്നാലെയാണ് താഴ്‌വരയില്‍ 65 ജീവനുകളെടുത്ത സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.