പി കശ്യപും ഗോപിചന്ദുമായി പിരിഞ്ഞു

Posted on: August 25, 2016 6:00 am | Last updated: August 25, 2016 at 12:56 am
SHARE

P-Kashyapന്യൂഡല്‍ഹി്: പി വി സിന്ധുവിന്റെ മെഡല്‍ത്തിളക്കത്തില്‍ നില്‍ക്കുകയാണ് പരിശീലകന്‍ പുല്ലേല ഗോപിചന്ദ്. രാജ്യം മുഴുവന്‍ അദ്ദേഹത്തിന്റെ അക്കാദമിയെ പ്രശംസിക്കുന്നു. ഈ തിളക്കത്തിനിടയിലും ഗോപിചന്ദ് അക്കാദമിയില്‍ നിന്ന് പ്രമുഖ താരം പി കശ്യപ് വിട്ടു പോകുവാന്‍ തീരുമാനിച്ചിരിക്കുന്നു. നേരത്തെ സൈന നെഹ്‌വാളും ഗോപിചന്ദിന്റെ ശിഷ്യത്വം അവസാനിപ്പിച്ചിരുന്നു.
പരുക്കേറ്റത് കാരണം ഒളിമ്പിക്‌സ് നഷ്ടമായ കശ്യപ് ഹൈദരാബാദില്‍ നിന്ന് ബെംഗളുരുവിലെ ടോംസ് ബാഡ്മിന്റണ്‍ അക്കാദമിയിലേക്കാണ് തട്ടകം മാറ്റുന്നത്. പ്രശസ്ത കോച്ച്‌ടോം ജോണിന് കീഴില്‍ പ്രകടനം കുറേക്കൂടി മെച്ചപ്പെടുത്തുക എന്നതാണ് കശ്യപിന്റെ ലക്ഷ്യം.
രണ്ട് മാസം മുമ്പ് തന്നെ കശ്യപ് ഈ മാറ്റം പദ്ധതിയിട്ടിരുന്നു. ഗോപിചന്ദുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം കൂടുതലായൊന്നും പറഞ്ഞില്ല. എനിക്കുറപ്പുണ്ട് അദ്ദേഹം എന്റെ ഉദ്ദേശ്യശുദ്ധിയെ മാനിക്കുമെന്ന് – കശ്യപ് പറഞ്ഞു. ലോക റാങ്കിംഗില്‍ എട്ടാം സ്ഥാനം വരെ ഉയര്‍ന്ന താരമാണ് കശ്യപ്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ പരുക്കേറ്റത് കരിയറില്‍ തിരിച്ചടിയായി. സൈന 2014 ല്‍ ഗോപിചന്ദുമായി പിരിഞ്ഞിരുന്നു. ബെംഗളുരുവില്‍ വിമല്‍ കുമാറിന് കീഴിലാണ് ഇപ്പോള്‍ പരിശീലനം നടത്തുന്നത്.