ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനിയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നു

Posted on: August 24, 2016 11:42 am | Last updated: August 24, 2016 at 4:31 pm

indian submarineന്യൂഡല്‍ഹി: നാവികസേനയുടെ സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നതായി രേഖകള്‍ പുറത്തായ വിവരം ഓസ്‌ട്രേലിയന്‍ പത്രമായ ദ് ഓസ്‌ട്രേലിയന്‍ ആണ് പുറത്തുവിട്ടത്. 22,400 പേജുകളാണ് ചോര്‍ന്നിരിക്കുന്നതെന്ന് ദ് ഓസ്‌ട്രേലിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് ഈ സാങ്കേതികവിദ്യ ഇന്ത്യയ്ക്കു കൈമാറിയത്. മൂന്നര ബില്യണ്‍ യുഎസ് ഡോളറിന്റെ കരാറിലൂടെ ഈ ശ്രേണിയില്‍പ്പെട്ട മുങ്ങിക്കപ്പലുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.

ആറ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയാണ് ഫ്രഞ്ച് കമ്പനി നാവികസേനയ്ക്ക് വേണ്ടി നിര്‍മിക്കുന്നത്. അന്തര്‍വാഹിനിയുടെ എല്ലാ വിവരങ്ങളും സംബന്ധിച്ചുള്ള രേഖകളും ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. അന്തര്‍വാഹിനിയുടെ സെന്‍സറുകള്‍ സംബന്ധിച്ച വിവരങ്ങള്‍, ആശയവിനിമയവും ഗതി നിര്‍ണയവും സംബന്ധിച്ച വിവരങ്ങള്‍, ശത്രുവാഹനങ്ങളെ തകര്‍ക്കുന്നതിനുള്ള ടോര്‍പിഡോ സംവിധാനം എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ചോര്‍ന്ന അഞ്ഞൂറോളം പേജുകളിലുള്ളതെന്ന് ദ ആസ്‌ട്രേലിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌കോര്‍പീന്‍ വിഭാഗത്തില്‍പെട്ട അന്തര്‍വാഹിനി ആദ്യം ഇന്ത്യയിലാണ് നിര്‍മിച്ചത്.

2016-ല്‍ ഇതിന്റെ പരീക്ഷണ ഓട്ടവും നടത്തിയിരുന്നു. നാവികസേനയിലേയ്ക്ക് സ്‌കോര്‍പീന്‍ ഉടന്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് സുപ്രധാന വിവരങ്ങള്‍ ചോരുന്നത്. 23,000 കോടി രൂപയുടെ കരാറാണ് ഡി.സി.എന്‍.എസിന് നല്‍കിയത്. സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ മലേഷ്യ, ചിലി എന്നിവ ഇപ്പോള്‍ തന്നെ ഉപയോഗിച്ചു വരുന്നുണ്ട്. 2018 ഓടെ ബ്രസീല്‍ സ്‌കോര്‍പ്പീന്‍ അന്തര്‍വാഹിനി നീറ്റിലിറക്കാനിരിക്കുകയാണ്. എന്നാല്‍ ഡിസിഎന്‍എസുമായി ഉപകരാറില്‍ ഏര്‍പ്പെട്ടിരുന്ന മുന്‍ ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥനാണ് ചോര്‍ത്തിയതെന്ന് പത്രം പറയുന്നു.
എന്നാല്‍ ഇത്തരത്തില്‍ തങ്ങളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ചോരില്ലെന്നാണ് ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസിന്റെ വാദം. ഇന്ത്യയില്‍ നിന്നു തന്നെയാവും വിവരങ്ങള്‍ ചോര്‍ന്നതെന്നും കമ്പനി പറയുന്നു. 12 അന്തര്‍വാഹനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഓസ്‌ട്രേലിയയില്‍ നിന്നും അടുത്തിടെ ഫ്രഞ്ച് കമ്പനിക്ക് ലഭിച്ചിരുന്നു.

എന്നാല്‍ ഇന്ത്യയില്‍നിന്നല്ല ചോര്‍ന്നതെന്ന് നാവികസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇക്കാര്യം നമ്മളുമായി ബന്ധപ്പെട്ടതാണോ എന്നു കണ്ടെത്തുകയാണ് ആദ്യ നടപടിയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. ഇക്കാര്യം അന്വേഷിക്കാന്‍ നാവികസേന മേധാവിയെ ചുമതലപ്പെടുത്തി. അര്‍ധരാത്രി 12നാണ് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടത്. പൂര്‍ണവിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ഹാക്കിങ് ആണെന്നാണ് വിലയിരുത്തലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.