മദ്യനയത്തിന്റെ കാര്യത്തില്‍ പുനരാലോചന വേണം: മന്ത്രി എ സി മൊയ്തീന്‍

Posted on: August 24, 2016 9:23 am | Last updated: August 24, 2016 at 9:23 am

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങളിലെങ്കിലും മദ്യനയത്തിന്റെ കാര്യത്തില്‍ പുനരാലോചന വേണമെന്ന് ടൂറിസം മന്ത്രി എ സി മൊയ്തീന്‍. ടൂറിസം വകുപ്പ് നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമായെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളിലെങ്കിലും ഇളവ്് വേണം. എല്‍ ഡി എഫ് മദ്യനയം ചര്‍ച്ച ചെയ്യുമ്പോള്‍ ഇക്കാര്യം ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതു കൊണ്ട് മദ്യമൊഴുക്കണം എന്ന് പറയുന്നില്ല. ലോകത്ത് ഒരിടത്തും ടൂറിസം കേന്ദ്രങ്ങളില്‍ മദ്യലഭ്യത ഇല്ലാത്ത അവസ്ഥയില്ല. കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ നേരത്തെ മാസത്തില്‍ 20 ബുക്കിംങ് വരെ ലഭിച്ചിരുന്നു. എന്നാല്‍ മദ്യനയം നടപ്പിലാക്കിയതിനു ശേഷം ബുക്കിംഗ് മാസത്തില്‍ രണ്ട് ദിവസം മാത്രമായി. കോണ്‍ഫറന്‍സിനും മറ്റും എത്തുന്നവര്‍ ഒരു ദിവസം ഉല്ലസിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ അവര്‍ ഇപ്പോള്‍ കേരളത്തെ ഒഴിവാക്കുകയാണ്. ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യപ്രശ്‌നമുണ്ട്. മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് തദ്ദേശ വകുപ്പുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി അറിയിച്ചു. മുസിരിസ് പൈതൃക പദ്ധതി എല്‍ ഡി എഫ് സര്‍ക്കാര്‍ തുടങ്ങിയതില്‍ നിന്നും മുന്നോട്ട് പോയിട്ടില്ല.

തലശ്ശേരിയിലും ആലപ്പുഴയിലും പദ്ധതി നടപ്പാക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ടൂറിസം വരുമാനത്തില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. 2011 ല്‍ 11 ശതമാനമായിരുന്നത് ഇപ്പോള്‍ 5.5 ശതമാനമായി ഇടിഞ്ഞു. ടൂറിസത്തിന് മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്നും 700 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി അറിയിച്ചു. ടൂറിസം രംഗത്ത് മല്‍സരം ശക്തമാണ്. മറ്റ് സംസ്ഥാനങ്ങളും ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും മല്‍സര രംഗത്തുണ്ട്. പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ അഡൈ്വഞ്ചര്‍ ടൂറിസം പ്രോത്സാഹിപ്പിക്കും. കേന്ദ്ര വനം നിയമത്തിന്റെ പേരില്‍ പശ്ചിമഘട്ടത്തില്‍ ടൂറിസം പദ്ധതികള്‍ വിലക്കുന്ന അവസ്ഥയുണ്ട്. ഇതില്‍ ഇളവ് നേടുന്നതിന് ശ്രമിക്കും. മലബാര്‍മേഖലയില്‍ ഹൗസ് ബോട്ടുകളുടെ സൗകര്യം ഉപയോഗിക്കും. ബേക്കല്‍, വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ എയര്‍ സ്ട്രിപ്പുകള്‍ നിര്‍മിക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണ്. മന്ത്രി പറഞ്ഞു.