സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ജെയിംസ് കമ്മിറ്റി യോഗം മാറ്റി

Posted on: August 23, 2016 6:00 am | Last updated: August 23, 2016 at 12:04 pm
SHARE

doctorതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കാനായി വിളിച്ചുചേര്‍ത്ത ജെയിംസ് കമ്മിറ്റിയുടെ യോഗം മാറ്റിവെച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലെയും പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്നുകൊണ്ട് പുറത്തിറക്കിയ ഉത്തരവ് നിയമപരമായി നിലനില്‍ക്കുമോയെന്നതിലെ അനിശ്ചിതത്വമാണ് യോഗം മാറ്റാന്‍ കാരണം.
ഉത്തരവിനെ ചോദ്യം ചെയ്ത് മാനേജ്‌മെന്റുകള്‍ കോടതിയില്‍ പോയാല്‍ അത് സര്‍ക്കറിന് തിരിച്ചടിയാകും. സര്‍ക്കാര്‍ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള പ്രവേശന നടപടികള്‍ വീണ്ടും താളംതെറ്റുകയും ചെയ്യും. മാനേജ്‌മെന്റുകളുടെയും കോടതിയുടെയും നിലപാട് അറിഞ്ഞ ശേഷം യോഗം ചേരാനാണ് ധാരണ.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനായി രണ്ട് അലോട്ട്‌മെന്റുകളുടെ ഷെഡ്യൂള്‍ ജെയിംസ് കമ്മിറ്റി തയ്യാറാക്കിയിരുന്നു. ഇതില്‍ ആദ്യത്തെ അലോട്ട്‌മെന്റ് രണ്ട് മുതല്‍ അഞ്ച് വരെയാണ് നിശ്ചയിച്ചിരുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശമനുസരിച്ച് സെപ്തംബര്‍ മുപ്പതിനകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. അതിനാല്‍ പ്രവേശന നടപടികള്‍ക്ക് മതിയായ സമയമുള്ളതിനാല്‍ തിടുക്കപ്പെട്ട് നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍, പ്രവേശന പരീക്ഷാ കമ്മീഷണര്‍ ബി എസ് മാവോജി, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ജെയിംസ് കമ്മിറ്റി യോഗം മാറ്റിവെച്ചത്. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്റെ കാര്യത്തില്‍ മുഴുവന്‍ സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് ഉത്തരവിറക്കിയതാണ് മാനേജ്‌മെന്റുകളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് സര്‍ക്കാറിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു. ഇതോടെയാണ് മാനേജ്‌മെന്റുകളും നിലപാട് കടുപ്പിച്ചത്.
എന്നാല്‍, സ്വാശ്രയ പ്രവേശനത്തില്‍ കോടതികളുടെ വിധികള്‍ പലപ്പോഴും മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമാകുന്നതാണ് സര്‍ക്കാറിനെ കുഴക്കുന്നത്. സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ മാനേജ്‌മെന്റുകള്‍ക്ക് കോടതി അനുമതി നല്‍കിയാല്‍ സര്‍ക്കാറിന് മറ്റ് വഴികളില്ലാത്ത സ്ഥിതിയാകും. അതിനാല്‍, മാനേജ്‌മെന്റുകളുമായി ചര്‍ച്ചക്കുള്ള വഴികളും സര്‍ക്കാര്‍ തുറന്നിടുന്നു. അതിന് മുന്നോടിയായാണ് ഏകീകൃത ഫീസ് പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞദിവസം പ്രസ്താവനയില്‍ പറഞ്ഞത്.
ഫീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജെയിംസ് കമ്മിറ്റിയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യാനായിരുന്നു തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here