ഇംറാന്റെ ചിത്രം പറയുന്നത്

Posted on: August 22, 2016 6:00 am | Last updated: August 21, 2016 at 10:00 pm

മനുഷ്യന്റെ നിസ്സഹയാവസ്ഥയും കണ്ണീരും രോഷവും വിവരണാതീതമായ ദുരവസ്ഥകളും പൊള്ളുന്ന സത്യങ്ങളും ഒട്ടും ചോരാതെ ദൃശ്യവത്കരിക്കാന്‍ ഒറ്റച്ചിത്രത്തിന് സാധിച്ചേക്കും. വിയറ്റ്‌നാം യുദ്ധത്തില്‍ നാപാം ബോംബില്‍ നിന്ന് രക്ഷതേടി ഓടുന്ന കുഞ്ഞും പട്ടിണിയില്‍ മരണാസന്നനായി കിടക്കുന്ന കുഞ്ഞിനരികെ ഊഴം കാത്തിരിക്കുന്ന കഴുകന്റെ ചിത്രവും ഇത്തരത്തിലുള്ള മഹാദൗത്യങ്ങള്‍ നിറവേറ്റിയവയാണ്. ഇംറാന്‍ ദഖ്‌നീശ് എന്ന അഞ്ച് വയസ്സുകാരന്റെ ചിത്രം ഇതേ ഗണത്തില്‍ വരുന്നു. വന്‍ശക്തികളുടെ രാഷ്ട്രീയ വടംവലിയിലും തീവ്രവാദികളുടെ മനുഷ്യത്വരഹതിമായ അരുംകൊലകളിലും അധികാരം കാത്തു സൂക്ഷിക്കാനായി ഭരണാധികാരി സ്വന്തം ജനതക്ക് നേരെ നടത്തുന്ന ആക്രമണങ്ങളിലും തകര്‍ന്ന് തരിപ്പണമായ സിറിയയുടെ നേര്‍ ചിത്രം വരച്ചുകാട്ടുകയാണ് ഈ ബാലന്‍. ഈ രാജ്യത്ത് മനുഷ്യജീവിതം എത്രമാത്രം ദുസ്സഹവും അപകടകരവും ആലംബഹീനവുമാണെന്ന് ഈ കുഞ്ഞ് നിശ്ശബ്ദമായി വിളിച്ചു പറയുന്നു.
നെറ്റിയില്‍ നിന്നുള്ള ചോര മുഖത്തേക്ക് ഒലിച്ചിറങ്ങുന്നു. മുഖം മുഴുവന്‍ വെളുത്ത പൊടികൊണ്ട് നിറഞ്ഞിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആംബുലന്‍സിന്റെ പിന്‍സീറ്റില്‍ തനിച്ചിരുത്തിയപ്പോഴും ഒരിറ്റ് കണ്ണുനീര്‍ പൊഴിയുന്നില്ല. ഭയാനകമായ നിസ്സംഗത. സിറിയയിലെ അലെപ്പോ നഗരത്തില്‍ നടന്ന സ്‌ഫോടനത്തിനു ശേഷം സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയ ഇംറാന്‍ ദഖ്‌നീശ് ഇപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ നോവായി മാറിയിരിക്കുന്നു. ഐലാന്‍ കുര്‍ദിയെന്ന പിഞ്ചുകുഞ്ഞ് മണലില്‍ മുഖം പൂഴ്ത്തി ഉറങ്ങുന്നത് പോലെ കടല്‍ത്തീരത്ത് മരിച്ച് കിടക്കുന്ന ചിത്രം ഇതു പോലെ ലോകത്തെ പിടിച്ചുലച്ചിരുന്നു. ഇസിലും സര്‍ക്കാര്‍ സേനയും പിന്നെ പേരുള്ളതും ഇല്ലാത്തതുമായ സായുധ ഗ്രൂപ്പുകളും സാമ്രാജ്യത്വ കുതന്ത്രങ്ങളും വംശീയതയും ചേര്‍ന്ന് തരിപ്പണമാക്കിയ സിറിയയിലെ കൊബാനി പ്രവിശ്യയില്‍ നിന്ന് പലായനം ചെയ്തതായിരുന്നു അബ്ദുല്ല കുര്‍ദിയുടെ കുടുംബം. അപകടകരമായ ആ യാത്ര ഐലാന്റെ നിതാന്തമായ ഉറക്കത്തില്‍ അവസാനിച്ചു. സിറിയയെക്കുറിച്ച് ഘോരം ഘോരം ചര്‍ച്ച നടന്നു. പക്ഷേ ഈ മനുഷ്യരുടെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടായില്ല.
ഇംറാന്റെ വീഡിയോ ദൃശ്യം കഴിഞ്ഞ ബുധനാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്. ആയിരക്കണക്കിന് ആളുകളാണ് ദൃശ്യം ഫേസ്ബുക്കിലും ട്വിറ്ററിലുമായി പങ്കുവെച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റും വഌദമീര്‍ പുടിനും ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ഇംറാനെ മുന്നിലിരുത്തി ചര്‍ച്ച ചെയ്യുന്നതിന്റെ മോര്‍ഫ് ചെയ്ത ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ഈ ചിത്രം പകര്‍ത്തുമ്പോള്‍ മുസ്തഫ അല്‍ സറൂത് കരുതിയിരിക്കില്ല ഈ ഒറ്റച്ചിത്രം ഇത്ര വലിയ ചര്‍ച്ചയാകുമെന്ന്. കാരണം, ബോംബ് സ്‌ഫോടനങ്ങളും അനുബന്ധ ദുരന്തങ്ങളും ഇവിടെ നിത്യസംഭവമാണ്. തന്റെ ക്യാമറ എത്രയെത്ര രംഗങ്ങളാണ് പകര്‍ത്തിയത്? വിമതരും ഇസില്‍ സംഘവും സര്‍ക്കാറും പങ്കിട്ടെടുത്ത സിറിയയിലെ ഒരു പ്രദേശവും സുരക്ഷിതമല്ല. അലപ്പോയിലും യര്‍മൂക്കിലും പാല്‍മിറയിലും ഹുമയിലുമെല്ലാം സ്ഥിതി അത്യന്തം പരിതാപകരമാണ്. ഇവിടെ മരിച്ചു വീഴുന്ന മനുഷ്യര്‍ വാര്‍ത്ത പോലും അല്ലാതായിരിക്കുന്നു.
അഞ്ച് വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ നാല് ലക്ഷത്തോളം പേര്‍ മരിച്ചുവെന്നും പകുതിയിലധികം പേരും മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തുവെന്നും യു എന്നിന്റെ പ്രത്യേക ദൂതന്‍ സ്റ്റഫാന്‍ ഡി മിസ്തുര പറയുന്നു. 2011ലെ മുല്ലപ്പൂ വിപ്ലവമെന്ന് വിളിക്കപ്പെട്ട ഭരണമാറ്റ പരമ്പരകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമിടയിലാണ് സിറിയയിലും സായുധ കലാപം തുടങ്ങിയത്. ടുണീഷ്യയിലും ഈജിപ്തിലും പ്രക്ഷോഭം ജനാധിപത്യപരമായിരുന്നുവെങ്കില്‍ സിറിയയിലും ലിബിയയിലും തീവ്രവാദ ഗ്രൂപ്പുകള്‍ തന്നെയാണ് തുടക്കത്തിലേ രംഗത്തുണ്ടായിരുന്നത്. ശിയാ അല്‍വൈറ്റ് വിഭാഗത്തില്‍ പെട്ട സിറിയന്‍ ഭരണാധികാരി ബശര്‍ അല്‍ അസദ് ഇറാനോടും ലബനാനിലെ ഹിസ്ബുല്ലയോടും റഷ്യ, ചൈന തുടങ്ങിയ യു എസ്‌വിരുദ്ധ ചേരിയോടും കൃത്യമായ അനുഭാവം പുലര്‍ത്തി. ഈ ചായ്‌വ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ചേരിയെ വലിയ തോതില്‍ പ്രകോപിപ്പിച്ചു. സിറിയയില്‍ തുടങ്ങിയ അസദ്‌വിരുദ്ധ സായുധ മുന്നേറ്റത്തിന് അമേരിക്കയും കൂട്ടാളികളും പിന്തുണ പ്രഖ്യാപിച്ചത് ഈ അമര്‍ഷത്തിന്റെ തുടര്‍ച്ചയായാണ്. അന്നുസ്‌റ ഫ്രണ്ട്, അല്‍ ഖാഇദ, ബ്രദര്‍ഹുഡ് തുടങ്ങി സര്‍വഗ്രൂപ്പുകള്‍ക്കും അവര്‍ ആയുധവും അര്‍ഥവും നല്‍കി. ഒരു ഘട്ടത്തില്‍ നേരിട്ട് സൈനിക ഇടപെടലിന് തയ്യാറാകുകയും ചെയ്തു. റഷ്യയാണെങ്കില്‍ അസദിനെ കൈയയച്ച് സഹായിച്ചു കൊണ്ടിരുന്നു. വന്‍ ശക്തികള്‍ തമ്മിലുള്ള കിടമത്സരമാണ് സത്യത്തില്‍ സിറിയയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ഈ കൂട്ടക്കുഴപ്പത്തിലേക്ക് ഇസില്‍ കൂടി വരുമ്പോള്‍ സ്ഥിതിഗതികള്‍ അതിസങ്കീര്‍ണമായിരിക്കുന്നു.
ഈ സ്ഥിതി വിശേഷം സൃഷ്ടിച്ച മുഴുവന്‍ ശക്തികളുടെയും മരണക്കളികള്‍ക്ക് നേരെയാണ് ഇംറാന്‍ ചോദ്യമെറിയുന്നത്. വെറും വിലാപങ്ങളും സഹതാപങ്ങളും ആകാശത്ത് നിന്ന് ഇട്ടുകൊടുക്കുന്ന ദുരിതാശ്വാസവുമല്ല സിറിയക്ക് വേണ്ടത്. അഭിമാനകരമായ നിലനില്‍പ്പിലേക്ക് രാജ്യം ഉണരുമോ? യഥാര്‍ഥ പരിഹാരം സാധ്യമാകുമോ?