ഇ മെയില്‍ വിവാദം: ഹിലരി രേഖാമൂലം മറുപടി നല്‍കണമെന്ന് കോടതി

Posted on: August 21, 2016 11:37 am | Last updated: August 21, 2016 at 11:37 am

hillaryവാഷിംഗ്ടണ്‍: അമേരിക്കന്‍ വിദേശ സെക്രട്ടറിയായിരിക്കെ സ്വകാര്യ ഇ മെയില്‍ സര്‍വര്‍ ഉപയോഗിച്ച കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡമോക്രാറ്റ് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റന്‍ എഴുതി ത്തയ്യാറാക്കിയ മറുപടി നല്‍കണമെന്ന് അമേരിക്കന്‍ കോടതി ജഡ്ജി ഉത്തരവിട്ടു. കണ്‍സര്‍വേറ്റീവ് ഗ്രൂപ്പ് ജുഡീഷ്യല്‍ വാച്ച് നല്‍കിയ കേസില്‍ ജഡ്ജ് എമ്മിത് സുള്ളിവന്‍ പുറപ്പെടുവിച്ച രണ്ട് പേജുള്ള ഉത്തരവില്‍ ഹിലരിക്ക് വ്യക്തിപരമായി തെളിവു നല്‍കാന്‍ അനുമതി നല്‍കിയില്ല. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ അനധികൃത സര്‍വര്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ വാച്ചിന്റെ ചോദ്യത്തിന് മറുപടി നല്‍കാന്‍ ഹിലാരിക്ക് 30 ദിവസം അനുവദിച്ചിട്ടുണ്ട്.

സ്വകാര്യ ഇ മെയില്‍ സര്‍വര്‍ ഉപയോഗിച്ചതിന് ഹിലരിക്കെതിരെ ഒരു കേസും ചാര്‍ജ് ചെയ്‌തേക്കില്ലെന്ന് യു എസ് അറ്റോര്‍ണി ജനറല്‍ ലോറിറ്ര ലിഞ്ച് കഴിഞ്ഞ മാസം ആദ്യം പറഞ്ഞിരുന്നു. ഹിലരിയും സഹായികളും രഹസ്യ നിയമങ്ങള്‍ ലംഘിച്ചുവെന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമി പറഞ്ഞു. 2009 മുതല്‍ 2013 വരെ വിദേശ സെക്രട്ടറിയായിരിക്കെ സ്വകാര്യ ഇ മെയില്‍ അക്കൗണ്ടും തന്റെ സ്വന്തം സര്‍വറും ഉപയോഗിച്ചതിന് ഹിലാരി ക്ഷമാപണം നടത്തിയിരുന്നു. സ്വകാര്യ ഇ മെയില്‍ സര്‍വര്‍ ഉപയോഗിച്ചതിലൂടെ രഹസ്യ രേഖകള്‍ സൈബര്‍ ആക്രമണത്തിന് വിധേയമാകാതെ സൂക്ഷിക്കേണ്ട നിയമങ്ങള്‍ ഹിലാരി ലംഘിച്ചിരിക്കുകയാണെന്നാണ് ഇവരുടെ എതിരാളികള്‍ വാദിക്കുന്നത്. നവംബര്‍ എട്ടിന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനാനിരിക്കെ എതിരാളികള്‍ ഹിലരിക്കെതിരായ ഇ മെയില്‍ വിവാദം സജീവമായി നിലനിര്‍ത്തുകയാണ്.