കേരളത്തിന്റെ മനോനില

എല്ലാം അറിയാമെങ്കിലും ജീവിക്കാന്‍ അറിയാത്തവരാണ് മലയാളി. എല്ലാം പഠിപ്പിക്കുന്ന സിലബസ് നമ്മെ ജീവിക്കാന്‍ മാത്രം പഠിപ്പിക്കുന്നില്ല. ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ടെക്കികള്‍ക്കിടയില്‍ മാനസികാരോഗ്യത്തകര്‍ച്ചയുടെ ഫലമായുണ്ടാകുന്ന പൊട്ടിത്തെറികള്‍ കുടുംബ ബന്ധങ്ങളുടെ ശൈഥില്യത്തിലേക്കും കൊലപാതകങ്ങളിലേക്കും പലപ്പോഴും നയിക്കുന്നുണ്ട്. കേരളത്തില്‍ ആശുപത്രി വ്യവസായം തഴച്ചുവളരുന്നതിന് പ്രധാന കാരണം മലയാളിയുടെ മാനസികാരോഗ്യത്തിലുണ്ടായ തകര്‍ച്ചയാണെന്ന് കാണാന്‍ പ്രയാസമില്ല. മാനസിക -ശാരീരിക ആരോഗ്യം പരസ്പര പൂരകങ്ങളാണ്.
Posted on: August 21, 2016 6:20 am | Last updated: August 20, 2016 at 11:39 pm

കേരളം ഒരു ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ഇവിടെ നിലനിന്ന സാമൂഹിക വ്യവസ്ഥിതിയുടെ ഉച്ച-നീച വൈരുധ്യങ്ങളുടെ ഉന്‍മത്താവസ്ഥ കണ്ടിട്ടാണ്. എന്നാല്‍ മലയാളിയുടെ മാനസികാരോഗ്യത്തിന്റെ തോത് അളന്നാല്‍ കേരളം വീണ്ടും ഒരു ഭ്രാന്താലയമായിരിക്കുന്നുവെന്ന് ഏത് വിവേകശാലിക്കും തിരിച്ചറിയാന്‍ വിഷമമുണ്ടാകില്ല. പെരുകുന്ന ആത്മഹത്യകള്‍, കുടുംബങ്ങളിലും തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലുമുണ്ടാകുന്ന കലഹങ്ങള്‍, വിവാഹ തകര്‍ച്ചകള്‍, നികൃഷ്ടമായ ലൈംഗിക കുറ്റകൃത്യങ്ങള്‍, കൊലപാതകങ്ങള്‍, അക്രമങ്ങള്‍, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വര്‍ധിച്ചു വരുന്ന ഉപയോഗം, കവര്‍ച്ചകള്‍- തുടങ്ങി കുടുംബങ്ങളെയും സമൂഹങ്ങളെയും കലുഷമാക്കുന്ന ഏത് തരം താളപ്പിഴകളുടെയും അടിവേര് തേടിയാല്‍ മലയാളി നേരിട്ടുകൊണ്ടിരിക്കുന്ന മാനസികാരോഗ്യത്തകര്‍ച്ചയുടെ ദയനീയ ചിത്രം കാണാന്‍ കഴിയും. സമ്പൂര്‍ണ സാക്ഷരത എന്ന നേട്ടത്തിന്റെ മറുപുറത്ത് സമ്പൂര്‍ണ മാനസികാരോഗ്യ തകര്‍ച്ച എന്ന വൈരുധ്യത്തിലേക്ക് മലയാളി എടുത്തെറിയപ്പെട്ടിരിക്കുന്നു.

സമ്മര്‍ദങ്ങള്‍ നിറഞ്ഞ ചുറ്റുപാടിലേക്കാണ് ഇവിടെ ഇന്ന് ബഹുഭൂരിപക്ഷം കുഞ്ഞുങ്ങളും പിറന്നു വീഴുന്നത്. അവരുടെ മാനസികാരോഗ്യം തകര്‍ക്കുന്ന ജോലിയാണ് പലപ്പോഴും രക്ഷിതാക്കളും അധ്യാപകരുമെല്ലാം നിര്‍വഹിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ തന്നെ മാനസിക സമ്മര്‍ദത്തിന്റെ ബീജാവാപം ഓരോ കുഞ്ഞിന്റെയും മനസ്സില്‍ നടന്നിട്ടുണ്ടാകണം. കുടുംബ കലഹങ്ങളിലൂടെ അത് മുളപൊട്ടുകയും പിച്ചവെച്ചു തുടങ്ങുന്നതോടെ എത്തപ്പെടുന്ന ഡേ കെയര്‍ സെന്റര്‍, കിന്റര്‍ഗാര്‍ട്ടന്‍, എല്‍ കെ ജി, യു കെ ജി തുടങ്ങി വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് വളര്‍ന്നു വികസിക്കുകയും ചെയ്യുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതി തകരുകയും അണുകുടുംബ വ്യവസ്ഥയിലേക്ക് സമൂഹം മാറുകയും ചെയ്തത് കുട്ടികളിലെ ധാര്‍മിക- നൈതിക മൂല്യബോധ സങ്കല്‍പ്പങ്ങളെ വളരെ പരിമിതമായ ഒരു തലത്തിലേക്ക് ഒതുക്കിയത് പുതിയ തലമുറയുടെ ആകെ കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്നുണ്ട്.

ആഗോളവത്കരണാനന്തര കാലഘട്ടത്തിലെ അണുകുടുംബ മാതാപിതാക്കളുടെ കരിയറിസ്റ്റ് മനോനില മക്കളെ പാഠപുസ്തകങ്ങളില്‍ കെട്ടിയിടാന്‍ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. സിലബസില്‍ തളച്ചിടപ്പെട്ട ബാല്യവും കൗമാരവും കുട്ടികളുടെ മാനസികാരോഗ്യത്തെ വിപരീത ദിശയിലേക്കാണ് പലപ്പോഴും നയിക്കുന്നത്. കുട്ടികള്‍ മുറ്റത്തും പറമ്പിലും കളിസ്ഥലങ്ങളിലും കളിച്ചു വളര്‍ന്ന കാലം പോകുകയും മാതാപിതാക്കള്‍ മക്കളെ കളിക്കാന്‍ വിടാത്ത പുതിയ കാലം വരികയും ചെയ്തതോടെ ടാബും ഫോണും കളിക്കളങ്ങളാക്കിയ തലമുറയാണ് വളര്‍ന്നു വരുന്നത്. ഗെയിമുകളിലുള്ള ആസക്തി വലിയ അളവില്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്. കൗമാരപ്രായക്കാരുടെ കൈകളില്‍ ടാബും ഫോണും അശ്ലീലക്കാഴ്ചകളിലേക്കും അസാന്‍മാര്‍ഗികതയിലേക്കുമുള്ള വഴികാട്ടികളായും മാറുന്നു.

പഠിക്കാത്ത കുട്ടി നേരിടുന്ന തിരസ്‌കരണത്തിന്റെ തോത് പഴയ കൂട്ടു കുടുംബ കാലത്തെ അപേക്ഷിച്ച് വളരെ വളരെ കൂടുതലാണ്. അത് അവരെ മാനസിക രോഗികളാക്കി മാറ്റുന്നു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് ആത്മഹത്യ ചെയ്യുന്ന കുട്ടികള്‍ പുതിയ കാലഘട്ടത്തില്‍ പുതിയ തലമുറ നേരിടുന്ന മാനസിക സമ്മര്‍ദത്തിന്റെ തോത് എത്ര വലുതാണെന്ന് കാണിച്ചു തരുന്നുണ്ട്. തോല്‍വിയുടെ സംഘര്‍ഷം മനസ്സിലൊതുക്കുന്നവരിലാകട്ടെ മാനസികാരോഗ്യത്തകര്‍ച്ചയുണ്ടാകുന്നു. മക്കളുടെ തോല്‍വി താങ്ങാന്‍ കഴിയാതെ സംഘര്‍ഷത്തിനടിപ്പെടുന്ന മാതാപിതാക്കളും കുറവല്ല. പരാജയത്തിന്റെ ആഘാതം കുറക്കാനുള്ള ഇടം അണുകുടുംബങ്ങളില്‍ വളരെ കുറവാണ്. വിജയികളിലും മാനസിക സമ്മര്‍ദം ഒട്ടും കുറവല്ല.

മികവ് നിലനിര്‍ത്തുന്നതിന് വേണ്ടി പഠനത്തില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പലരും കടുത്ത സമ്മര്‍ദത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്. നന്നായി പഠിച്ച് ഉയര്‍ന്ന ജോലി നേടുന്ന പലരും ശരിയായ സ്വഭാവരൂപവത്കരണത്തിന്റെ അഭാവത്തില്‍ ജോലിയിലും പണത്തിലും ആസക്തരാകുകയും ജീവിതത്തിന്റെ സൗന്ദര്യവും സാധ്യതകളും അനുഭവിക്കാന്‍ സാധിക്കാത്തവരായി മാറുകയും ചെയ്യുന്നു. എല്ലാം അറിയാമെങ്കിലും ജീവിക്കാന്‍ അറിയാത്തവരാണ് മലയാളി. എല്ലാം പഠിപ്പിക്കുന്ന സിലബസ് നമ്മെ ജീവിക്കാന്‍ മാത്രം പഠിപ്പിക്കുന്നില്ല.

ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ടെക്കികള്‍ക്കിടയില്‍ മാനസികാരോഗ്യത്തകര്‍ച്ചയുടെ ഫലമായുണ്ടാകുന്ന പൊട്ടിത്തെറികള്‍ കുടുംബ ബന്ധങ്ങളുടെ ശൈഥില്യത്തിലേക്കും കൊലപാതകങ്ങളിലേക്കും പലപ്പോഴും നയിക്കുന്നുണ്ട്.
കേരളത്തില്‍ ആശുപത്രി വ്യവസായം തഴച്ചുവളരുന്നതിന് പ്രധാന കാരണം മലയാളിയുടെ മാനസികാരോഗ്യത്തിലുണ്ടായ തകര്‍ച്ചയാണെന്ന് കാണാന്‍ വിഷമമില്ല. മാനസിക- ശാരീരിക ആരോഗ്യം പരസ്പര പൂരകങ്ങളാണ്. ഇന്ന് മലയാളിയില്‍ കാണുന്ന അസുഖങ്ങളില്‍ എഴുപത് ശതമാനത്തിനും പിന്നില്‍ മാനസിക പ്രശ്‌നങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് മനഃശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു. മനോജന്യ രോഗങ്ങളുടെ പട്ടിക വളരെ വലുതാണ്.

വയറുവേദനയും തലവേദനയും ലൈംഗിക പ്രശ്‌നങ്ങളും മുതല്‍ ഹൃദയാഘാതവും ക്യാന്‍സറും വരെ ഏത് അവയവുമായി ബന്ധപ്പെട്ട അസുഖമായാലും മനോജന്യമായ കാരണങ്ങളാല്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിഷാദ രോഗമുള്ളവരില്‍ പ്രമേഹം, അര്‍ബുദം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവക്കുള്ള സാധ്യത വര്‍ധിക്കുന്നു. മാനസിക സംഘര്‍ഷവും ഉല്‍കണ്ഠയും വിഷാദരോഗവും പോലുള്ള അവസ്ഥകളിലൂടെ കടന്നു പോകുന്ന വ്യക്തിയുടെ ശാരീരിക പ്രവര്‍ത്തനത്തിലുണ്ടാകുന്ന താളപ്പിഴകളാണ് അവനെ രോഗിയാക്കി മാറ്റുന്നത്. ബാല്യകാലം മുതലുള്ള അനുഭവങ്ങളിലൂടെ വിതയ്ക്കപ്പെട്ട വിത്തുകളാണ് വളര്‍ന്നു വലുതായി മനസ്സിന്റെ ആഴങ്ങളില്‍ വേരിറക്കി നില്‍ക്കുന്നത്.

ബാല്യകാലത്തില്‍ ഉണ്ടാകുന്ന ദുരനുഭവങ്ങളും വിപരീതാനുഭവങ്ങളും ഒരാളില്‍ വിതക്കുന്ന വിത്തുകള്‍ യഥാസമയം തിരിച്ചറിഞ്ഞ് നീക്കം ചെയ്തില്ലെങ്കില്‍ ജീവിതാവസാനം വരെ അവരെ അത് ദുരിതങ്ങളുടെ തടവുകാരാക്കും. കേരളത്തിലെ പതിനായിരക്കണക്കായ ആശുപത്രികളില്‍ നിത്യേന എത്തുന്ന ലക്ഷക്കണക്കായ അസുഖക്കാരെ മാനസിക അപഗ്രഥനത്തിന് വിധേയമാക്കിയാല്‍ രോഗഹേതു അവരുടെ മനസ്സിലാണെന്ന് തിരിച്ചറിയും. നിര്‍ഭാഗ്യവശാല്‍ രോഗഹേതു എന്തെന്ന് കണ്ടെത്താതെയുള്ള ചികിത്സയാണ് ആതുരാലയങ്ങളില്‍ നടക്കുന്നത്. ശാരീരിക രോഗാവസ്ഥക്ക് മരുന്നിലൂടെയും ശസ്ത്രക്രിയയിലൂടെയും പരിഹാരമുണ്ടാക്കാന്‍ കഴിയുമെങ്കിലും മൂലകാരണം ശരീരത്തെ നിയന്ത്രിക്കുന്ന മനസ്സിലാണെന്ന് മനസ്സിലാക്കാതെയുള്ള ചികിത്സയാണ് രോഗികള്‍ വീണ്ടും രോഗികളാകുകയും ആശുപത്രികള്‍ പെരുകുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിന് പിന്നില്‍.

മരുന്നിനും ചികിത്സക്കും രോഗം മാറ്റാന്‍ കഴിയാതെ വരുമ്പോള്‍ മന്ത്രവാദത്തിലും ഹിസ്റ്റീരിയ ഇളക്കിവിടുന്ന അന്ധവിശ്വാസ ചികിത്സയിലും വലിയൊരു വിഭാഗം ആളുകള്‍ അഭയം തേടുന്നുണ്ട്. വ്യാജ സിദ്ധന്‍മാരും ആള്‍ദൈവങ്ങളും അവരുടെ സ്ഥാപനങ്ങളും കേരളത്തില്‍ തഴച്ചു വളരുന്നതും മലയാളിയുടെ മാനസികാരോഗ്യത്തിലുണ്ടായ തകര്‍ച്ചയുടെ ഫലമാണ്. മനഃശാസ്ത്രപരമായി സമീപിച്ചാല്‍ കൗണ്‍സലിംഗിലൂടെയും ഹിപ്‌നോതെറാപ്പിയിലൂടെയും മാനസികാരോഗ്യം മെച്ചപ്പെടുത്തി സുഖപ്പെടുത്താന്‍ സാധിക്കുന്നവയാണ് മനോജന്യരോഗങ്ങള്‍. പക്ഷേ ഈ ചികിത്സാ മേഖലയിലും വ്യാജന്‍മാരും തട്ടിപ്പുകാരും പിടിമുറുക്കുകയാണ്. മികച്ച സൈക്കോളജിസ്റ്റുകളുടെ ക്ലിനിക്കല്‍ സേവനം ന്യൂനപക്ഷത്തിന് മാത്രമാണ് ലഭിക്കുന്നത്.

മരുന്നും ശസ്ത്രക്രിയയും ആവശ്യമില്ലാത്തതിനാല്‍ കച്ചവടക്കണ്ണോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ക്ലിനിക്കല്‍ സൈക്കോളജിയെ വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നില്ല. മരുന്നില്ലാതെ അസുഖം മാറിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരുമെന്നതാകാം കാരണം.
ജനങ്ങളുടെ മാനസികാരോഗ്യമാണ് സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ ആരോഗ്യാവസ്ഥയുടെ അളവുകോല്‍. മാനസികാരോഗ്യമുള്ള ജനങ്ങളുള്ള സമൂഹം കുറ്റകൃത്യങ്ങളും ദാരിദ്ര്യവും കുറഞ്ഞ സമൂഹമായിരിക്കും. അതുകൊണ്ടു തന്നെ ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാറിന് വലിയ പങ്ക് വഹിക്കാനുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളില്‍ മനഃശാസ്ത്ര ചികിത്സാ വിഭാഗം വിപുലീകരിക്കുകയും ജനങ്ങളില്‍ ഇതിന്റെ സന്ദേശം എത്തിക്കുകയും ചെയ്താല്‍ കാലക്രമത്തില്‍ കേരളത്തില്‍ അത് വിപ്ലവകരമായ മാറ്റമായിരിക്കും ഉണ്ടാക്കുക. ലോകത്ത് 45 കോടി ജനങ്ങള്‍ മാനസികാരോഗ്യത്തകര്‍ച്ച മൂലം കഷ്ടതയനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് വ്യക്തമാക്കുന്നത്. 2020 ആകുമ്പോഴേക്കും വിഷാദരോഗം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അസുഖമാകുമെന്നും ആഗോള തലത്തില്‍ ഈ പ്രശ്‌നം മനുഷ്യരാശിക്ക് വെല്ലുവിളിയുയര്‍ത്തുമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. ഈ വന്‍വിപത്തിനെ നേരിടാന്‍ ആര് മുന്‍കൈയെടുക്കുമെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.