ഗള്‍ഫ് സര്‍വീസുകള്‍ ലക്ഷ്യംവെച്ച് എയര്‍ ഏഷ്യ വിമാനങ്ങള്‍ വാങ്ങുന്നു

Posted on: August 20, 2016 6:13 pm | Last updated: August 20, 2016 at 6:13 pm

Airasia-nowമസ്‌കത്ത്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിനായി റ്റാറ്റ കമ്പനി ഉടമസ്ഥതയിലുള്ള എയര്‍ ഏഷ്യ പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്നതിന് 20 വിമാനങ്ങള്‍ ഉണ്ടായിരിക്കുക എന്ന സര്‍ക്കാര്‍ നിയമത്തിന് യോഗ്യത നേടുന്നതിനായാണ് പുതിയ വിമാനങ്ങള്‍ സ്വന്തമാക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇപ്പോഴുള്ള ഏഴു വിമാനങ്ങള്‍ 20 ആക്കി ഉയര്‍ത്തേണ്ടതുണ്ടെന്ന് എത്രയും പെട്ടെന്ന് 20 എന്ന നിയപരമായ വിമാനങ്ങളുടെ എണ്ണത്തിലേക്ക് ഉയരാണ് ശ്രമിക്കുന്നതെന്നും വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക അനുമതി ബോര്‍ഡ് നല്‍കിയെന്നും എയര്‍ ഏഷ്യ ഇന്ത്യ സി ഇ ഒ സെയ്ദ് അമര്‍ അബ്രല്‍ പറഞ്ഞു. എയര്‍ ഏഷ്യയുടെ ഏഴാമത് വിമാനം സെപ്തംബറിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ഇതോടെ ഏഴു ആഭ്യന്തര നഗരങ്ങളിലേക്കു കൂടി സര്‍വീസ് നടത്താനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ബംഗ്ലുരുവില്‍നിന്നും ഗോവയിലേക്കും ഹൈദരാബാദ്-ഗുവാഹട്ടി റൂട്ടുകളിലാണ് പുതിയ സര്‍വീസുകള്‍. കഴിഞ്ഞ സമ്പത്തിക വര്‍ഷത്തില്‍ കമ്പനി ലാഭം രേഖപ്പെടുത്തിയിരുന്നു.

രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്നതിന് നലവിലുണ്ടായിരുന്ന നിബന്ധനകള്‍ ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവു വരുത്തിയിരുന്നു. അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയിരിക്കണമെന്ന നിബന്ധന ഒഴിവാക്കിയാണ് ഇതില്‍ പ്രധാനം. എന്നാല്‍ 20 വിമാനങ്ങള്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. അഞ്ചു വര്‍ഷ നിയമം എടുത്തു കളഞ്ഞതോടെ ഇന്ത്യയിലെ മറ്റു സ്വകാര്യ വിമാനങ്ങളും ഗള്‍ഫിലേക്കു പറക്കാന്‍ തയാറെടുക്കുന്നുണ്ട്. 2014ലാലാണ് എയര്‍ ഏഷ്യ ഇന്ത്യയില്‍ സര്‍വീസ് ആരംഭിച്ചത്. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതുള്‍പ്പെടെ നിക്ഷേപം നടത്തി സേവനം വികസിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍നിന്നും രണ്ടു സ്വകാര്യ വിമാനങ്ങളെങ്കിലും ഗള്‍ഫിലേക്കു സര്‍വീസ് ആരംഭിക്കുമെന്നാണ് ഏവിയേഷന്‍ ഇന്‍ഡസ്ട്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വിദേശ വിമാനങ്ങളുടെ നിക്ഷേപം സ്വീകരിച്ച് വികസനം ലക്ഷ്യംവെക്കുന്ന എയര്‍കോസ്റ്റ ഉള്‍പ്പെടെയുള്ള കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ച് മത്സരം മുറുകുന്നത് യാത്രാ നിരക്കില്‍ വന്‍തോതില്‍ ഉയര്‍ച്ച ഇല്ലാതാക്കാന്‍ സഹായിക്കുമെന്നു നിരീക്ഷക്കപ്പെടുന്നു.