ചെക്ക് പോസ്റ്റുകളിലെ നികുതിവെട്ടിപ്പ്

Posted on: August 20, 2016 6:00 am | Last updated: August 20, 2016 at 12:24 am
SHARE

SIRAJനികുതി പിരിവ് ഊര്‍ജിതമാക്കാനും ചോര്‍ച്ച തടയാനും പിണറായി സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് മുഖ്യകാരണം നികുതി ചോര്‍ച്ചയാണെന്നാണ് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞത്. 12,608 കോടി രുപ നികുതിയിനത്തില്‍ പിരിഞ്ഞു കിട്ടാനുണ്ടെന്നും വെളപ്പെടുത്തി. ഉദ്യോഗസ്ഥര്‍ക്ക് ടാര്‍ജറ്റ് നശ്ചയിക്കുകയും പെറ്റിക്കേസുകള്‍ വര്‍ധിപ്പിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയതത് ഉള്‍പ്പെടെ നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിന് സര്‍ക്കാര്‍ വിവിധ നപപടികള്‍ സ്വീകരിച്ചു വരികയുമാണ്. എന്നാല്‍ സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ ഇപ്പോഴും നികുതി വെട്ടിപ്പും കൈക്കൂലിയും തുടരുകയാണെന്നാണ് ഗതാഗത കമ്മീഷണര്‍ കഴിഞ്ഞ ദിവസം വാളയാര്‍ ചെക്ക് പോസ്റ്റില്‍ മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ ബോധ്യമായത്. ചെക്ക് പോസ്റ്റിലൂടെ കടന്നുവന്ന ഏതാനും വാഹനങ്ങളെ അദ്ദേഹവും സംഘവും പരിശോധനാ വിധേയമാക്കിയപ്പോള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മൂന്ന് ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. അര മണിക്കൂറിനുള്ളില്‍ അഞ്ച് വാഹനങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും വെട്ടിപ്പ് പിടികൂടിയത്. വാഹനങ്ങള്‍ പരിശോധക സംഘത്തിന്റെ പിടിയിലായപ്പോള്‍, ചെക്ക്‌പോസ്റ്റില്‍ കൈക്കൂലി നല്‍കിയിട്ടുണ്ടെന്നും വിട്ടയക്കണമെന്നുമായിരുന്നുവത്രേ ഡ്രൈവര്‍മാരുടെ അപേക്ഷ. പെര്‍മിറ്റില്ലാതെയും നികുതി അടക്കാതെയുമാണ് മിക്ക യാത്രാ വാഹനങ്ങളും ചരക്ക് ലോറികളും ചെക്ക് പോസ്റ്റ് കടക്കുന്നത്. കൈക്കൂലി വാങ്ങുന്നതായുള്ള ലോറി ഡ്രൈവര്‍മാരുടെ പരാതിയില്‍ മൂന്ന് ഉദ്യോഗസ്ഥരെ കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
കേരളത്തിനാവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ 80 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ചെക്ക് പോസ്റ്റുകള്‍ വഴി ദിനംപ്രതി നൂറ് കണക്കിന് ചരക്ക് ലോറികളാണ് കേരളത്തിലെത്തുന്നത്. മാര്‍ബിള്‍, ഗ്രാനൈറ്റ് തുടങ്ങിയ സാധനങ്ങളുമായി ധാരാളം വാഹനങ്ങളും ചെക്ക് പോസ്റ്റുകള്‍ കടക്കുന്നുണ്ട്. ഇവയില്‍ നിന്നെല്ലാം കൃത്യമായി നകുതി ഈടാക്കിയാല്‍ സംസ്ഥാന സമ്പദ്ഘടനക്ക് വലിയ മുതല്‍കൂട്ടാകും. എന്നാല്‍ നകുതി ഒടുക്കി നിയമത്തിന്റെ മാര്‍ഗത്തിലുടെ ചെക്ക് പോസ്റ്റ് കടക്കുന്ന വാഹനങ്ങള്‍ വളരെ കുറവാണ്. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി നികതിയടവില്‍ നിന്ന് രക്ഷപ്പെടുകയാണ് മികക ഡ്രൈവര്‍മാരും. ശതകോടികളുടെ വരുമാനമാണ് വര്‍ഷം ഇതുമൂലം സംസ്ഥാനത്തിന് നഷ്ടമാകുന്നത്.
ദേശീയ പാത 47ല്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ചെക്ക് പോസ്റ്റായ വാളയാറിലുടെയാണ് കൂടുതല്‍ ചരക്ക് നീക്കം നടക്കുന്നത്. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ ചെക്ക് പോസ്റ്റ് തന്നെയാണ് അഴിമതിയിലും നികുതി വെട്ടിപ്പിലും മുന്നിട്ടുനില്‍ക്കുന്നതും. എക്‌സൈസ്, ആര്‍ ടി ഒ, വില്‍പന നുകിതി എന്നീ വകുപ്പുകളുടെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ ഉദ്യോഗസ്ഥര്‍ക്ക് എന്നും ചാകരയാണ്. അഴിമതി നിയന്ത്രിക്കാനായി ഉദ്യോഗസ്ഥര്‍ക്ക് കുറഞ്ഞ കാലത്തേക്കാണ് ഇവിടെ നിയമനം നല്‍കാറ്. ഈ കാലയളവിലും ലക്ഷങ്ങളാണ് ഓരോ ഉദ്യോഗസ്ഥനും സമ്പാദിക്കുന്നത്. മിന്നല്‍ പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാനായി കൈക്കൂലിയിനത്തില്‍ ലഭിക്കുന്ന പണം പറമ്പുകളില്‍ കുഴിച്ചിടുകയാണത്രെ പതിവ്. ഓരോ ഷിഫ്റ്റിലെയും ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി കഴിഞ്ഞു പൊകുമ്പോള്‍ അത് കുഴിച്ചെടുത്തു വീതം വെക്കും. ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയാണ് പലരും വാളയാറര്‍ ചെക്ക് പോസ്റ്റിലേക്ക് സ്ഥലംമാറ്റം വാങ്ങിക്കുന്നത്. പടി കൊടുത്താല്‍ ഏത് ചരക്കും ചെക്ക് പോസ്റ്റിലുടെ കൊണ്ടുവരാം. നിരോധിത വസ്തുക്കള്‍ പോലും കേരളത്തിലെത്തുന്നത് ഇങ്ങനെയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള വിഷക്കറികള്‍ ചെക്ക് പോസ്റ്റുകളില്‍ തടയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്. ഇത്തരം പച്ചക്കറികളും യഥേഷ്ടം ചെക്ക് പോസ്റ്റ് വിട്ടുകടക്കുന്നുണ്ട്.
കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്ത് വാളയാര്‍ ചെക്ക് പോസ്റ്റ് അഴിമതി രഹിതമാക്കുന്നതിന് ചില നടപടികള്‍ സ്വീകരിച്ചിരുന്നതാണ്. ഇതിന്റെ ഭാഗമായി കമ്പ്യൂട്ടര്‍വത്കൃത കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ഇ-ഡിക്ലറേഷന്‍ ഏര്‍പ്പെടുത്തുകയും വാണിജ്യ നികുതി വകുപ്പില്‍ നിന്നും പ്രത്യേക പരിശീനലം നേടിയ 250 ഉദ്യോഗസ്ഥരെയും ഇവരെ സഹായിക്കാനായി 75 പോലീസുകാരെയും നിയമിക്കുകയും ചെയ്തിരുന്നു. തുടക്കത്തില്‍ ഇത് ആശാവഹമായ ഫലം കാണിച്ചെങ്കിലും താമസിയാതെ അട്ടമറിക്കപ്പെട്ടു. നികുതിവെട്ടിപ്പുകാരും ഉദ്യോഗസ്ഥ ലോബിയും രാഷ്ട്രീയക്കാരും ചേര്‍ന്ന കൂട്ടുകെട്ടാണ് അഴിമതി തുടച്ചു നീക്കാനുള്ള എല്ലാ സംരഭങ്ങള്‍ക്കും തുരങ്കം വെക്കുന്നത്. ചെക്ക് പോസ്റ്റുകളില്‍ സ്‌കാനര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തന്നതോടൊപ്പം ഉദ്യോഗസ്ഥ, രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ കര്‍ശന നടപടികള്‍ സ്വീകിരിച്ചെങ്കില്‍ മാത്രമേ നികുതി വെട്ടിപ്പിനും കള്ളക്കടത്തിനും അറുതി വരുത്താനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here