നിരവധി മോഷണ കേസുകളിലെ പ്രതികള്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

Posted on: August 18, 2016 9:15 am | Last updated: August 18, 2016 at 9:15 am
SHARE

പെരിന്തല്‍മണ്ണ: നിരവധി കേസുകളില്‍ മുമ്പ് പോലിസിന്റെ പിടിയിലായ പ്രതികള്‍ കഴിഞ്ഞ ദിവസം കളവ് നടത്തുന്നതിനുള്ള ആയുധങ്ങളും തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറുമായി വീണ്ടും പോലീസിന്റെ പിടിയിലായി.
മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ വലിയ പറമ്പത്ത് വീട്ടില്‍ ശമീര്‍ (26), പെരിന്തല്‍മണ്ണ വലിയങ്ങാടി സ്വദേശി ചക്കുങ്ങല്‍ മുഹമ്മദ് നൗഫല്‍ എന്ന നൗഫി (30), വെട്ടത്തൂര്‍ മേല്‍കുളങ്ങരകാവ്‌ചോലക്കല്‍ ആഷിഖ് (22) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ കരിങ്കല്ലത്താണിയില്‍ വാഹന പരിശോധനക്കിടെ പെരിന്തല്‍മണ്ണ പോലീസ് വലയിലാക്കിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാര്‍ നിര്‍ത്താനായി കൈകാണിച്ചപ്പോള്‍ വാഹനം നിര്‍ത്താതെ പെരിന്തല്‍മണ്ണ ഭാഗത്തേക്ക് ഓടിച്ച് പോവുകയും പിന്തുടര്‍ന്ന പോലീസ് സംഘം മാനത്ത് മംഗലത്ത് വെച്ച് പുലര്‍ച്ചെ ഇവരെ പിടികൂടുകയായിരുന്നു. വാഹനത്തിലും ശരീരത്തിലുമാണ് കളവ്, ഭവനഭേദനം എന്നിവ നടത്തുന്നതിനുള്ള ഇരുമ്പ് കമ്പികളും മറ്റും പ്രതികള്‍ ഒളിപ്പിച്ച് വെച്ചിരുന്നത്.
അറസ്റ്റ് ചെയ്ത സംഘത്തിലെ ഒന്നാം പ്രതിയുടെ പേരില്‍ നാട്ടുകല്‍ സ്‌റ്റേഷനില്‍ അടിപിടി കേസുകളും രണ്ടാം പ്രതിയുടെ പേരില്‍ പെരിന്തല്‍മണ്ണ സ്‌റ്റേഷനില്‍ കേസുകളും കൂടാതെ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ താഴെക്കോട് സ്വദേശിയെ തലക്കടിച്ച് കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ട് കൊണ്ടു പോയി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലും മൂന്നാം പ്രതി 2014 മാര്‍ച്ച് മാസത്തില്‍ മേലാറ്റൂര്‍ കാര്യവട്ടത്തുള്ള പോപ്‌സണ്‍ പ്രൈവറ്റ് കമ്പനിയുടെ പൂട്ട് പൊളിച്ച് സ്‌ഫോടക വസ്തുക്കള്‍ കവര്‍ച്ച ചെയ്ത് വില്‍പ്പന നടത്തിയ കേസിലെയും പ്രതികളാണ്. അറസ്റ്റ് ചെയ്ത പ്രതികളെ പെരിന്തല്‍മണ്ണ കോടതി മുമ്പാകെ ഹാജരാക്കി കോടതി ഉത്തരവ് പ്രകാരം റിമാന്‍ഡ് ചെയ്തു.
പ്രതികള്‍ മറ്റു കേസുകളില്‍ പങ്കുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. സി ഐ. സാജു കെ എബ്രഹാം, എസ് ഐ ജോബി തോമസ്, ടൗണ്‍ ഷാഡൊ പോലീസിലെ പി മോഹനദാസ്, സി പി മുരളി, പി എന്‍ മോഹന കൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, അഭിലാഷ് കൈപ്പിനി, നിബിന്‍ദാസ്, സന്ദീപ്, അനിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസിന്റെ തുടരന്വേഷണം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here