സോളാര്‍ പാര്‍ക്കിന്റെ രണ്ടാം ഘട്ടം അടുത്ത വര്‍ഷം ഉദ്ഘാടനം

Posted on: August 17, 2016 3:46 pm | Last updated: August 17, 2016 at 3:46 pm
SHARE

solarദുബൈ: പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള മാറ്റത്തിനായുള്ള ദുബൈയുടെ മുഖ്യ പദ്ധതിയായ മുഹമ്മദ് ബിന്‍ റാശിദ് സോളര്‍ പാര്‍ക്കിന്റെ രണ്ടാം ഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ദിവ എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു.

പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് അല്‍ തായര്‍ പദ്ധതി കമ്മിഷന്‍ ചെയ്യുന്ന തിയ്യതി പ്രഖ്യാപിച്ചത്. സീഹ് അല്‍ ദഹാലിലാണ് പദ്ധതി പുരോഗമിക്കുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സ്വപ്‌ന പദ്ധതിയായ ദുബൈ ക്ലീന്‍ എനര്‍ജി സ്ട്രാറ്റജി 2050ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിന്റെ മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ദിവ ടെണ്ടര്‍ ക്ഷണിച്ചത്. 800 മെഗാവാട് വൈദ്യുതിയാണ് മൂന്നാം ഘട്ട വികസനത്തിലൂടെ ദിവ ലക്ഷ്യമിടുന്നത്. വര്‍ഷത്തിന്റെ നാലാം പാദത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം.
ഒന്നാം ഘട്ടത്തില്‍ 13 മെഗാവാട്ടായിരുന്നു ലക്ഷ്യമിട്ടത്. രണ്ടാം ഘട്ടത്തില്‍ 200 മെഗാവാട്ട് വൈദ്യുതിയാവും ഉല്‍പാദിപ്പിക്കുക. മുഹമ്മദ് ബിന്‍ റാശിദ് സോളാര്‍ പാര്‍ക്ക് പദ്ധതിയിലൂടെ മൊത്തം ലക്ഷ്യമിടുന്നത് 3,000 മെഗാവാട് വൈദ്യുതിയാണെന്ന് അല്‍ തായര്‍ വ്യക്തമാക്കിയിരുന്നു. രണ്ടാം ഘട്ട നിര്‍മാണത്തിന് ഏറ്റവും കുറഞ്ഞ നിരക്കുള്ള ക്വട്ടേഷന്‍ നല്‍കിയത് സഊദി അറേബ്യയിലെ എ സി ഡബ്ലിയു എ പവറും സ്‌പെയിനിലെ ടി എസ് കെയുമായിരുന്നു. ഈ പദ്ധതിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നത്. 13 മെഗാവാട്ടിന്റെ ഒന്നാം ഘട്ടം 2013 ഒക്ടോബര്‍ മുതല്‍ പരീക്ഷണാര്‍ഥം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. യു എ ഇ വിഷന്‍ 2021ന്റെ ഭാഗമായ പരിസ്ഥിതി സൗഹൃദ ഊര്‍ജ പദ്ധതികളുടെ ഭാഗമാണ് സൗരോര്‍ജ പദ്ധതി.
2020 ആവുമ്പോഴേക്കും മൊത്തം വൈദ്യുതിയുടെ ഏഴ് ശതമാനം പുനരുപയുക്ത ഊര്‍ജ മേഖലയില്‍ നിന്നാവണമെന്നാണ് ലക്ഷ്യമിടുന്നത്. 2030 ആവുമ്പോഴേക്കും മൊത്തം വൈദ്യുതിയുടെ 15 ശതമാനമായി ഇത് ഉയര്‍ത്തും. 2030 ആവുമ്പോള്‍ വൈദ്യുതി ഉല്‍പാദനത്തിന്റെ 71 ശതമാനം ദ്രവീകൃത ഇന്ധനത്തില്‍ നിന്നും 15 ശതമാനം സൗരോര്‍ജത്തില്‍ നിന്നും ഏഴു ശതമാനം കല്‍ക്കരിയില്‍ നിന്നുമായിരിക്കും.
ഏഴു ശതമാനം ആണവോര്‍ജത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുമെന്നും ദിവ അധികാരികള്‍ നേരത്തെ വ്യക്തമായിട്ടുണ്ട്. മൊത്തം വൈദ്യുതി ഉല്‍പാദനത്തില്‍ 75 ശതമാനവും 2050 ആവുമ്പോഴേക്കും സൗരോര്‍ജം ഉള്‍പെടെയുള്ള പുനരുപയുക്ത ഉറവിടങ്ങളില്‍ നിന്ന് സാധ്യമാക്കുകയെന്ന വലിയ ലക്ഷ്യമാണ് ദിവക്കുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here