മണിയും മാണിയും പിന്നെ യു ഡി ഹാഫും…

Posted on: August 17, 2016 6:00 am | Last updated: August 16, 2016 at 11:46 pm
SHARE
kalabhavan mani
കലാഭവന്‍ മണി

കലാഭവന്‍ മണിയുടെ മരണത്തിന് ശേഷമാണ് എല്ലാം ശരിയാകുമെന്ന് പറഞ്ഞവര്‍ അധികാരത്തിലെത്തിയത്. മണിയെ കുറിച്ചായി കുറച്ചുകാലം ചര്‍ച്ചകള്‍. ആത്മഹത്യയോ, കൊലപാതകമോ? അന്വേഷണം ഇപ്പോഴും തുടരുന്നു.
അപ്പോഴേക്കും മറ്റൊരു മണി വന്നു. തോമസ് ഐസക്കാണ് ഇതിന്റെ സംഘാടകന്‍. മണിയുടെ കാര്യം മണി മണി പോലെ പറയാന്‍ മറ്റാരുണ്ട് മലയാളത്തില്‍. ഖജനാവില്‍ മണിയില്ല എന്നായി. നിത്യച്ചെലവിനുപോലും മണിയില്ലെന്ന്. മുണ്ടുമുറുക്കിയുടുക്കണമെന്ന്. കടത്തിന്റെ കാര്യവും കിട്ടാനുള്ളതിന്റെ കണക്കും കാര്യമായിട്ട് വിളമ്പി. പ്രതിപക്ഷത്തിന് ഹാലിളകി. സാക്ഷാല്‍ മാണി ഇറങ്ങി മണിയെ പറ്റി പറയാന്‍.

കെഎം മാണി
കെഎം മാണി

നിയമനനിരോധനം വേണമെന്ന് വരെയായി ബജറ്റ് പ്രസംഗത്തില്‍. ആകെ മണിമയം. ഐസക്ക് എന്ത് പറഞ്ഞാലും മണിയുണ്ടാകും വാക്കുകളില്‍. ഐസക് എന്ന മണികാര്യ മന്ത്രി. സംഗതി ഇതൊക്കെയാണെങ്കിലും മാണിയെ മറക്കാനാകില്ല. കൂടുതല്‍ കാലം മണി കൊണ്ട് കളിച്ച മന്ത്രിയാണ്.
മന്ത്രിസഭയില്‍ കോണി കഴിഞ്ഞാല്‍ മാണിയായിരുന്നു കേമന്‍. ചിലര്‍ സ്‌നേഹത്തോടെ കുഞ്ഞുമാണിയെന്ന് പറയും. പിന്നെ ചിലര്‍ മാണി സാറെന്ന് വിളിച്ചു. മന്ത്രി മാണിയെന്നും മാണി മന്ത്രിയെന്നും തരം പോലെ. അപ്പോഴതാ ബാര്‍ക്കേസ് വരുന്നു. മാര്‍ക്കേസുമായി ഇതിന് ബന്ധമില്ല. ബാര്‍ക്കോഴയാണ്. കേസായി കേസ്സുമ്മല്‍ കേസായി. നാട്ടിലെങ്ങും പാട്ടായി. മാണി കെണിഞ്ഞു. മന്ത്രി സ്ഥാനം പോയിക്കിട്ടി. മണിയെ മറന്നു. മുന്നണി മറന്നു. കേസിന്റെ പിന്നാലെയായി മാണിസാര്‍. സമയദോഷം എന്നെല്ലാതെന്ത് പറയാന്‍?
ഇലക്ഷനില്‍ എങ്ങനെയോ ജയിച്ചുകയറി. കൂടെ ജോര്‍ജുമുണ്ടായിരുന്നു. ആകെ ഒരസ്വസ്ഥത. എന്തൊക്കെയോ ഒടുവില്‍ യു ഡി എഫ് വിട്ടു. ചരല്‍ക്കുന്നില്‍ നിന്നിറങ്ങി. സമദൂര സിദ്ധാന്തമാണ്. ഇതിന്റെ നിയമാവലികള്‍ എല്ലാ കമ്മിറ്റികളെയും അറിയിക്കുന്നതാണ്. നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകും. എവിടേക്ക് പോകണം? കുട്ടിനേതാക്കന്‍മാര്‍ ചോദിക്കുകയാണ്. നഗരസഭയില്‍ യു ഡി എഫുമായി ഒത്തുപോകണോ? പഞ്ചായത്തുകളില്‍ വേര്‍പിരിയണോ? നാട്ടിലും നമ്മള്‍ പ്രത്യേക ബ്ലോക്കാകണോ? മുന്നില്‍ രണ്ട് പാതകള്‍ തെളിഞ്ഞു വരുന്നുണ്ട്. എന്‍ ഡി എ, എല്‍ ഡി എഫ്. അമിത്ഷാ, കുമ്മനം, കോടിയേരി, പന്ന്യന്‍…ഈ ഓഫര്‍ കാലത്ത് മാണി എന്ത് ചെയ്യും?
ഇലക്ഷന്‍ കഴിഞ്ഞതോടെ യു ഡി എഫ് ദുര്‍ബലമായി. മാണി പോയതോടെ യു ഡി എഫ് പാതി ക്ഷയിച്ചു. ശരിയാണ്. ഇനി യു ഡി എഫ് എന്ന് പറയാനാകില്ല. യു ഡി ഹാഫ്! അപ്പോള്‍ നമ്മുടെ ജോര്‍ജോ? ലാഫാണ്. ലാര്‍ജ് ലാഫ്!

LEAVE A REPLY

Please enter your comment!
Please enter your name here