ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ രാജ്യദ്രോഹ കേസ്

Posted on: August 16, 2016 10:22 am | Last updated: August 16, 2016 at 10:22 am

AMNESTYബെംഗളൂരു: മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ ഘടകത്തിനെതിരെ കര്‍ണാടക പോലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. ശനിയാഴ്ച ബംഗളൂരുവില്‍ കാഷ്മീര്‍ സംഘര്‍ഷത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് ആരോപണം. കാഷ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളും കാഷ്മീരി പണ്ഡിറ്റ് നേതാവും തമ്മില്‍ ചര്‍ച്ച നടന്നപ്പോഴാണ് മുദ്രാവാക്യം വിളികളുണ്ടായത്.

എബിവിപി പ്രവര്‍ത്തകരാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര ചര്‍ച്ചയുടെ പശ്ചാത്തലം അന്വേഷിക്കുമെന്ന് തിങ്കളാഴ്ച പറഞ്ഞിരുന്നു. അതേസമയം, സംഭവത്തില്‍ ആംനെസ്റ്റി ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കാഷ്മീരിലെ മനുഷ്യാവകാശ ലംഘനം നേരിടുന്നവര്‍ക്ക് നീതി ലഭ്യമാക്കാന്‍ വേണ്ടിയുള്ള പ്രചരണത്തിന്റെ ഭാഗമായിരുന്നു പരിപാടിയെന്ന് അവര്‍ അറിയിച്ചു. അതേസമയം പോലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായും പരിപാടി നടത്താന്‍ പോലീസിന്റെ അനുമതി തേടിയിരുന്നെന്നും ആംനസ്റ്റി ഇന്ത്യ അറിയിച്ചു. തങ്ങള്‍ ആരുടേയും പക്ഷം പിടിക്കുന്നില്ലെന്നും അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ നിയമങ്ങള്‍ അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും ആംനസ്റ്റി ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തേ, കാഷ്മീരിലെ സംഘര്‍ഷം വ്യാപിച്ചതില്‍ സര്‍ക്കാരിനെതിരേ ആംനെസ്റ്റി രംഗത്തെത്തിയിരുന്നു. കാഷ്മീരില്‍ ജനങ്ങള്‍ക്കു നേരെ ആയുധം ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.