സ്വാതന്ത്ര്യത്തിന്റെ പൊരുള്‍

Posted on: August 15, 2016 6:00 am | Last updated: August 14, 2016 at 11:32 pm

തീഷ്ണമായ പ്രതിസന്ധിയിലൂടെയാണ് ‘സ്വതന്ത്ര’ മതേതര ഇന്ത്യ കടന്നു പോകുന്നത്. വൈദേശികാധിപത്യത്തില്‍ നിന്ന് മോചിതമായതിന്റെ എഴുപതാം വാര്‍ഷികത്തിലേക്ക് പ്രവേശിക്കവെ, വര്‍ഗീയ ഫാസിസത്തിന്റെ കരാള ഹസ്തങ്ങളില്‍ കിടന്നു പിടഞ്ഞു കൊണ്ടിരിക്കയാണ് മതേതരത്വം. ദേശീയ സമരത്തിന്റെ മുന്‍നിരയില്‍ നിലയുറപ്പിക്കുകയും രാജ്യത്തിന്റെ മോചനത്തിന് വേണ്ടി കടുത്ത ത്യാഗം അനുഷ്ടിക്കുകയും ചെയ്ത മുസ്‌ലിംകളുടെയും ദളിത് വിഭാഗത്തിന്റെയും നിലനില്‍പ് തന്നെ അപകടത്തിലാണ്. പശു സംരക്ഷണത്തിന്റെ പേരില്‍ വര്‍ഗീയ ഫാസിസം മുസ്‌ലിംകളെയും ദളിതുകളെയും മൃഗീയമായി കൊല്ലുകയും വ്യാപകമായി വേട്ടയാടുകയും ചെയ്യുന്നു. വര്‍ഗീയ വാദികള്‍ ചുട്ടുകൊന്ന ദളിതരായ കുട്ടികളെ വാഹനത്തിനടിയില്‍ പെട്ട പട്ടിക്കുഞ്ഞുങ്ങളോടാണ് ഒരു ഹിന്ദുത്വ നേതാവ് ഉപമിച്ചതെന്നത് കീഴാള വിഭാഗത്തോടുള്ള സവര്‍ണ മനസുകളുടെ മനോഭാവം വ്യക്തമാക്കുന്നുണ്ട്. മുസ്‌ലികള്‍ക്കും ദളിതുകള്‍ക്കും അവര്‍ പട്ടിയുടെ വില പോലും കല്‍പിക്കുന്നില്ല, ആസൂത്രിതമായി കലാപങ്ങള്‍ സംഘടിപ്പിച്ചു മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ കടലാസ് സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ ചാര്‍ത്തി നിരപരാധികളായ മുസ്‌ലിം യുവാക്കളെ കരിനിയമങ്ങള്‍ ഉപോയഗിച്ചു ജയിലിലടക്കുന്നു. ആനുപാതികമായി ജയിലുകളിലെ മുസ്‌ലിം തടവുകാരുടെ എണ്ണം വളരെ കൂടുതലാണെന്ന് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു. ജനസംഖ്യയുടെ 15 ശതമാനം വരുന്ന മുസ്‌ലിംകള്‍ എങ്ങനെ ജയില്‍ സംഖ്യയുടെ നാല്‍പത് ശതമാനമായി? കലാപങ്ങളുടെ യഥാര്‍ഥ ആസൂത്രകരാരെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടും അവര്‍ ഭരണകൂടത്തിന്റെ സഹായത്തോടെ നിയമത്തിന്റെ കൈകളില്‍ അകപ്പെടാതെ വിലസുകയും പുതിയ കലാപങ്ങള്‍ക്കും സ്‌ഫോടനങ്ങളും പദ്ധതി തയാറാക്കുകയും ചെയ്യുന്നു.
വൈദേശികാധിപത്യത്തില്‍ നിന്ന് മോചനം നേടിയ അന്നു തൊട്ടേ തുടങ്ങിയതാണ് രാജ്യത്തെ കൈപിടിയൊലുതുക്കാനുള്ള സവര്‍ണ ഫാസിസത്തിന്റെ ശ്രമങ്ങള്‍. സ്വതന്ത്ര ഇന്ത്യ ആറ് മാസം പിന്നിടുന്നതിന് മുമ്പേ രാഷ്ട്രപിതാവ് ഗന്ധിജിയെ അവര്‍ വെടിവെച്ചു കൊന്നു. ഭഗല്‍പൂര്‍, മുറാദാബാദ്, നെല്ലി, ഭീവണ്ടി, ഗുജറാത്ത്, മുസാഫര്‍ നഗര്‍ തുടങ്ങിയ കലാപങ്ങളിലൂടെയും വംശഹത്യകളിലൂടെയും രാജ്യത്ത് ചോരപ്പുഴകള്‍ ഒഴുക്കി. ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബ്‌രി മസ്ജിദ് തകര്‍ത്തു തരിപ്പണമാക്കി. വിദ്യാഭ്യായ തൊഴില്‍ മേഖലകളില്‍ മുസ്‌ലിം വേഷത്തിന് വിലക്കേര്‍പ്പെടുത്തി. സിക്കുകാരന്റെ തലപ്പാവും താടിയും ദേശീയതയുടെ ചിഹ്നമായി വാഴ്ത്തപ്പടുമ്പോള്‍ മുസ്‌ലിംകളുടെ താടി, തൊപ്പി, തലപ്പാവ്, പര്‍ദ തുടങ്ങിയ വേഷങ്ങളെ ഭീകരതയുടെ ചിഹ്നങ്ങളായി ആരോപിക്കപ്പെടുകയാണ്. നാം എന്ത് ഭക്ഷിക്കണം ഭക്ഷിക്കാതിരിക്കണം എന്ന് തീരുമാനിക്കുന്നത് വര്‍ഗീയ ഫാസിസമാണെന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങള്‍.സ്വാതന്ത്രാനന്തരം ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും റ്റൊരു മതന്യൂനപക്ഷ വിഭാഗവും അനുഭവിക്കാത്ത അപരത്വം പേറുകയാണ് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷസമൂദായം. മുസ്‌ലിംകള്‍ രാജ്യത്ത് കേവലം ന്യൂനപക്ഷമല്ല, സവര്‍ണ പൊതുബോധത്തില്‍ അരുവത്കരിക്കപ്പെട്ട ജനവിഭാഗമായി മാറിയിരിക്കയാണ്.
2014ലെ പൊതുതിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അധികാരമാറ്റത്തോടെയാണ് വര്‍ഗീയ ഫാസിസം ഫണം വിടര്‍ത്തി ആടാന്‍ തുടങ്ങിയത്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ മതനിരപേക്ഷതക്ക് സംഭവിക്കാനിരിക്കുന്ന സാരമായ ക്ഷതത്തെക്കുറിച്ചു പലരും ഭയാശങ്ക പ്രകടിപ്പിച്ചിരുന്നുവെങ്കിലും അതിത്ര വേഗത്തില്‍ രാജ്യത്ത് ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് പ്രതീക്ഷച്ചിരുന്നതല്ല. അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യം അഭിമുഖീകരിച്ചത് പോലെയുള്ള കടുത്ത പ്രതിസന്ധിയാണിപ്പോള്‍ മതേതരത്വമിപ്പോള്‍ നേരിടുന്നത്. നേരത്തെ ഒരു തെഗാഡിയയോ ബാല്‍താക്കറെയോ ആയിരുന്നു വര്‍ഗീയ വിഷം തുപ്പിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഏറെക്കുറെ എല്ലാ ബി ജെ പി നേതാക്കളും അവരുടെ ഭാഷയിലും സ്വരത്തിലുമാണ് സം,സാരിക്കുന്നത്. കേരളത്തില്‍ ഈയിടെ മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ ഒരു സവര്‍ണ നേതാവ് മുസ്‌ലിം പള്ളികളില്‍ നിന്നുള്ള ബാങ്കിനെ പട്ടിയുടെ ഓരിയിടലിനോട് ഉപമിക്കാന്‍ ധാര്‍ഷ്ട്യം കാണിച്ചത് ഫാസിസം ഉയര്‍ത്തിയ അസഹിഷ്ണുതയുടെ സ്വാധീനം വിളിച്ചോതുന്നുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളും ആദിമവിഭാഗമായ ദളിതുകളും അസ്തിത്വ ഭീഷണി നേരിടുമ്പോള്‍ എന്താണ് രാജ്യത്തുണ്ടെന്ന് പറയപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ പൊരുള്‍. തുല്യത, സാഹോദര്യം, പരമാധികാരം എന്നിവ ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറകളാണ്. പൗരന്മാരുടെ മൗലികാവകാശവുമാണ്. അതിന്റെ ഭാഗമാണ് മതതുല്യതയും. ഭരണ ഘടനയുടെ 25(1)വകുപ്പനുസരിച്ചു എല്ലാ വ്യക്തികള്‍ക്കും ഏത് മതം അംഗീകരിക്കുന്നതിനും മതാനുഷ്ടാന കര്‍മങ്ങള്‍ നടത്തുന്നതിനും അവകാശമുണ്ട്. ഭരണ ഘടന വിഭാവനം ചെയ്യുന്ന ഈ സ്വാതന്ത്യം എല്ലാ വിഭാഗത്തിനും തുല്യമായി അനുവദിക്കുമ്പോഴാണ് സ്വാതന്ത്രമെന്ന വാക്കും സ്വാതന്ത്ര്യ ദിനാഘോഷവും സാര്‍ഥമാകുന്നത്.