വെളിച്ചെണ്ണ വിപണി ചൂടുപിടിച്ചു; കരുത്തു നിലനിര്‍ത്തി സ്വര്‍ണ വിപണി

Posted on: August 14, 2016 11:48 pm | Last updated: August 14, 2016 at 11:48 pm

marketകൊച്ചി: ചിങ്ങം അടുത്തതോടെ വെളിച്ചെണ്ണ, കൊപ്ര വിലകള്‍ ഉയര്‍ന്ന് തുടങ്ങി. ഓണ വേളയിലെ ബംബര്‍ വില്‍പ്പന മുന്നില്‍ കണ്ട് മില്ലുകാര്‍ കൊപ്ര ശേഖരിക്കുന്നുണ്ട്. എന്നാല്‍ സ്‌റ്റോക്കുള്ള എണ്ണ ഇറക്കുന്നതില്‍ അവര്‍ നിയന്ത്രണം വരുത്തി. 8100 ല്‍ നിന്ന് വെളിച്ചെണ്ണ 8600 വരെ കയറി. കൊപ്ര 5535 ല്‍ നിന്ന് 5840 രൂപയായി. വിപണിയിലെ ഉണര്‍വ് കണ്ട് പല ഭാഗങ്ങളിലും വിളവെടുപ്പ് ഊര്‍ജിതമായി.
ഏലക്ക തോട്ടങ്ങള്‍ വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ്. ഇടുക്കിയില്‍ നിന്ന് പുതിയ ഏലക്ക ആദ്യമെത്തും. മുന്നാറിലെ കല്ലാര്‍, മാങ്കുളം മേഖലകളില്‍ മാസാവസാനത്തിന് മുമ്പായി പുതിയ ചരക്ക് വില്‍പ്പനക്ക് എത്തും. നിലവിലെ കാലാവസ്ഥ കണക്കിലെടുത്താല്‍ ചിങ്ങം രണ്ടാം പകുതിയില്‍ സംസ്ഥാനത്തെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലെയും തോട്ടങ്ങിലും വിളവെടുപ്പ് വ്യാപകമാക്കും. മാര്‍ച്ച്- മെയ് മാസങ്ങളിലെ കനത്ത വേനല്‍ ഏലം കൃഷിയെ കാര്യമായി ബാധിച്ചു. അതുകൊണ്ട് തന്നെ ഇത്തവണ വിളവെടുപ്പ് മൂന്നോ നാലോ റൗണ്ടില്‍ ഒതുങ്ങുമെന്ന അവസ്ഥയാണ്. എന്നാല്‍ തുലാവര്‍ഷം ശക്തമായാല്‍ വിളവെടുപ്പ് ഡിസംബര്‍ – ജനുവരി വരെ നീട്ടാനാകും.
ആഗസ്റ്റ് പത്ത് വരെയുള്ള കാലയളവില്‍ ഏകദേശം 34,500 ടണ്‍ ഏലക്ക ലേല കേന്ദ്രങ്ങളിലെത്തി. എന്നാല്‍ വരും മാസങ്ങളില്‍ വരവ് കുറയുമെന്നാണ് ആദ്യ സൂചന. കഴിഞ്ഞ വാരം മികച്ചയിനം ഏലക്ക കിലോ 1200 രൂപക്ക് മുകളില്‍ ലേലം കൊണ്ടു. ഉത്തരേന്ത്യ ഉത്സവ സീസണിന് ഒരുങ്ങുന്നതിനാല്‍ ഏലത്തിന് ഡിമാന്‍ഡ് ഉയരാം.
കുരുമുളക് വ്യാപാര രംഗം തളര്‍ച്ചയിലാണ്. ആഭ്യന്തര വിദേശ വിപണികളില്‍ നിന്ന് അന്വേഷണങ്ങളില്ലാത്തതിനാല്‍ വില ഉയര്‍ത്താന്‍ വ്യപാരികള്‍ തയ്യാറായില്ല. വിപണിയിലെ മരവിപ്പ് മുന്‍ നിര്‍ത്തി കാര്‍ഷിക മേഖല ചരക്ക് ഇറക്കുന്നത് നിയന്ത്രിച്ചത് വിലത്തകര്‍ച്ചയെ ഒഴിവാക്കി. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 69,000 രൂപയിലാണ്. രാജ്യാന്തര മാര്‍ക്കറ്റില്‍ മലബാര്‍ കുരുമുളക് വില ടണ്ണിന് 11,150 ഡോളറാണ്.
തെക്കന്‍ ജില്ലകളില്‍ നിന്ന് പുതിയ റബ്ബര്‍ ഷീറ്റ് വില്‍പ്പനക്ക് എത്തി. ലഭ്യത ഉയരുമെന്ന് വ്യക്തമായതോടെ വ്യവസായികള്‍ സംഭരണം കുറച്ചത് വിലയെ ബാധിച്ചു. അതേ സമയം ടയര്‍ വ്യവസായികളുടെ കൈവശം കാര്യമായി റബ്ബറില്ല. കൊച്ചിയില്‍ നാലാം ഗ്രേഡ് 14,200 രൂപയിലും അഞ്ചാം ഗ്രേഡ് 13,800 ലുമാണ്.
സ്വര്‍ണ വില ഉയര്‍ന്നു. ചിങ്ങം അടുത്തതോടെ വിവാഹ പാര്‍ട്ടികള്‍ ആഭരണ വിപണികളില്‍ സജീവമായി. പവന്‍ 22,960 രൂപയില്‍ വില്‍പ്പന തുടങ്ങിയ പവന്‍ വാരാന്ത്യം 23,240 രൂപയിലാണ്. ലണ്ടനില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1335 ഡോളര്‍.