തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ തൊഴിലാളികള്‍ ഉപരോധസമരം അവസാനിപ്പിച്ചു

Posted on: August 14, 2016 12:55 pm | Last updated: August 14, 2016 at 12:55 pm
SHARE

ഫറോക്ക്: കഴിഞ്ഞ മൂന്ന് ദിവസത്തിലധികമായി നടത്തിയ തിരുവണ്ണൂര്‍ കോട്ടണ്‍ മില്ല് തൊഴിലാളികളുടെ ഉപരോധ സമരം ഇന്നലെ അവസാനിപ്പിച്ചു.
മാസങ്ങളായി തൊഴിലാളികള്‍ക്ക് ശമ്പളമില്ലാത്തതില്‍ പ്രതിഷേധിച്ചായിരുന്നു തൊഴിലാളികള്‍ ഉപരോധ സമരം നടത്തിവന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ കോട്ടണ്‍ മില്ല് ജനറല്‍ സാജിത് അബ്ബാസിനെ തടഞ്ഞുവെച്ചിരുന്നു.

ഇന്നലെ സമരത്തിന് പരിഹാരം കാണുന്നതിനായി മാനേജ്‌മെന്റ് പ്രതിനിധികള്‍ തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുടെ മുമ്പാകെ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. തൊഴിലാളികളുടെ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളം ഈ മാസം 22ന് നല്‍കാമെന്ന ഉറപ്പ് തിരുവനന്തപുരത്ത് നിന്നും തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കളെ അറിയിച്ചതോടെയാണ് ഇന്നലെ ഉപരോധ സമരം അവസാനിപ്പിച്ചത്.

കഴിഞ്ഞ നാല് മാസത്തോളമായി തൊഴിലാളികള്‍ക്ക് കൃത്യമായ ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ഉപരോധ സമരം ആരംഭിച്ചത്. സ്ത്രീകളടക്കം 300ലതികം തൊഴിലാളികളുള്ള തിരുവണ്ണൂരിലെ കോട്ടണ്‍ മില്‍ സ്പിന്നിംഗ് മില്‍ കമ്പനിയില്‍ ശമ്പളം നല്‍കേണ്ട തീയതി കഴിഞ്ഞും ദിവസങ്ങളോളം ശമ്പളത്തിനായി കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്.

ഒന്നാം തീയതി നല്‍കികൊണ്ടിരുന്ന ശമ്പളം ലഭ്യമാക്കാത്ത അവസ്ഥയിലായതിന് ശേഷം, ഓരോ മാസവും ശമ്പളം തൊഴിലാളികള്‍ക്ക് എന്ന് നല്‍കുമെന്നുള്ള അറിയിപ്പുകള്‍ പോലും മാസങ്ങളായി നല്‍കാത്ത അവസ്ഥയിലായതോടെയാണ് തൊഴിലാളികള്‍ സമരത്തിന് നിര്‍ബന്ധിതരായത് .
കഴിഞ്ഞ പത്ത് ദിവസത്തിലതികമായി വിവിധ കാരണങ്ങളാല്‍ കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായും മുടങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here