Connect with us

Gulf

ദോഹയിലേക്കുള്ള വിമാന യാത്രക്ക് സെപ്തംബറില്‍ നിരക്ക് മൂന്നിരട്ടി

Published

|

Last Updated

ദോഹ: സെപ്തംബര്‍ മൂന്നാം വാരം വിവിധയിടങ്ങളില്‍ നിന്ന് ദോഹയിലേക്കുള്ള വിമാന നിരക്ക് കുത്തനെ ഉയര്‍ന്നു. ശരാശരി നിരക്കിനേക്കാള്‍ രണ്ടിരട്ടിയായാണ് വര്‍ധിച്ചത്. വേനല്‍ അവധി കഴിഞ്ഞ് പ്രവാസി കുടുംബങ്ങളും മറ്റും നാട്ടില്‍ നിന്ന് തിരിക്കുന്ന സമയമായതിനാലാണിത്. സെപ്തംബര്‍ 18നാണ് രാജ്യത്തെ സ്‌കൂളുകള്‍ വേനലവധി കഴിഞ്ഞ് തുറക്കുന്നത്. വിദേശത്ത് അവധി ആഘോഷത്തിന് പോയ പൗരന്മാരും താമസക്കാരും ബലി പെരുന്നാളിന് മുമ്പ് രാജ്യത്തെത്തും. സെപ്തംബര്‍ രണ്ടാം വാരമാണ് പെരുന്നാള്‍.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മുംബൈ, ചെന്നൈ അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും കൊളംബോ, കൈറോ, ലണ്ടന്‍ തുടങ്ങിയയിടങ്ങളില്‍ നിന്നും ദോഹയിലേക്കുള്ള വിമാന നിരക്കില്‍ 75 മുതല്‍ 100 വരെ ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായതെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നതായി ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതലാണ് കോഴിക്കോട് നിന്ന് ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്ക്. ലണ്ടനില്‍ നിന്ന് 1800 ഖത്വര്‍ റിയാലിന് മുകളിലാണെങ്കില്‍ കോഴിക്കോട്- ദോഹ നിരക്ക് 2900- 3300 ഖത്വര്‍ റിയാലിന് ഇടയിലാണ്. കൊച്ചി- ദോഹ നിരക്ക് 1800- 3500 റിയാല്‍ വരെയാണ്. കൊളംബോ- ദോഹ നിരക്ക് 1500- 3000 റിയാലിന് ഇടയിലാണ്. സെപ്തംബര്‍ 14- 17 തീയതികളില്‍ ദക്ഷിണേഷ്യന്‍ നഗരങ്ങളില്‍ നിന്ന് ദോഹയിലേക്കുള്ള അധിക വിമാനങ്ങളും ഏറെക്കുറെ പൂര്‍ണമായും ബുക്ക് ചെയ്തിട്ടുണ്ട്. ജൂണ്‍ 25ന് തുടങ്ങിയ ഈ വര്‍ഷത്തെ വിമാനയാത്രക്കാരുടെ തിരക്കേറിയ സമയം സെപ്തംബര്‍ 20ന് അവസാനിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് ആഗസ്റ്റ് അവസാനമോ സെപ്തംബര്‍ ആദ്യവാരമോ അവസാനിക്കുമായിരുന്നു.

ഇപ്രാവശ്യം സ്‌കൂളുകളുടെ ബലി പെരുന്നാള്‍ അവധി കൂടി വേനലവധിയില്‍ വിദ്യാഭ്യാസ മന്ത്രാലയം ലയിപ്പിക്കുകയായിരുന്നു. നേപ്പാളി പ്രവാസികള്‍ നാട്ടിലേക്ക് കൂടുതല്‍ മടങ്ങുന്നത് ഒക്‌ടോബര്‍ ആദ്യവാരം മുതല്‍ നംബര്‍ അവസാനം വരെയാണ്. ഫിലിപ്പിനോകള്‍ ഡിസംബര്‍, ജനുവരി മാസങ്ങളിലാണ്.

Latest