മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍

Posted on: August 13, 2016 5:34 pm | Last updated: August 13, 2016 at 5:34 pm

ന്യൂഡല്‍ഹി: മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യമാക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാധൂര്‍ ഉത്തരവിട്ടു. വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാധൂര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മന്ത്രിസഭായോഗ തീരുമാനത്തിനായി ഒരു വിവരാവകാശ പ്രവര്‍ത്തകന്റെ അപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് തള്ളിയാണ് കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടത്. മന്ത്രിസഭാ തീരുമാനങ്ങളും അജണ്ടകളും പുറത്തുവിടണമെന്നും കേന്ദ്ര സര്‍ക്കാരിന് വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശം നല്‍കി.

നേരത്തെ, സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോളും മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് വിവരാവകാശം വഴി നല്‍കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സുപ്രധാന കേസില്‍ കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് നിര്‍ണായകമാകും.