ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി

Posted on: August 13, 2016 10:02 am | Last updated: August 14, 2016 at 12:27 am

pinarayi

കോഴിക്കോട്: തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുവിട്ട മുഹമ്മദ് അസ്ലമിന്റെ വധം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകും.അക്രമികളെ കുറിച്ച വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കുന്നതിനാണ് പോലീസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസ്ലമിന്റെ മൃതദ്ദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് സംസ്‌കരിക്കും.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി വടകര, നാദാപുരം മേഖലയില്‍ പത്ത് ദിവസത്തേയ്ക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകര, എടച്ചേരി, നാദാപുരം, വളയം, കുറ്റിയാടി, തൊട്ടില്‍പ്പാലം, ചോമ്പാല എന്നീ പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തികളിലാണ് നിരോധനാജ്ഞ.
വെള്ളിയാഴ്ച വൈകുന്നേരമാണ് വടകരയില്‍ നിന്നും നാദാപുരത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിന് നേരെ അക്രമമുണ്ടാകുന്നത്. അസ്ലം സഞ്ചരിച്ച ബൈക്കിനെ കാറില്‍ പിന്തുടര്‍ന്ന സംഘം, കക്കം പള്ളിക്കടുത്ത് വിജനമായ സ്ഥലത്ത് വെച്ച് വെട്ടുകയായിരുന്നു. അസ്ലമിന്റെ കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ അസ്!ലം മരിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം.
എന്നാല്‍ ലീഗിന്റെ ആരോപണം സിപിഎം നിഷേധിച്ചു. അക്രമത്തെ തുടര്‍ന്ന് നാദാപുരം മേഖലയില്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്.