പാമോലിന്‍ കേസ്: നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ടി എച്ച് മുസ്തഫയെ ഒഴിവാക്കി

Posted on: August 13, 2016 6:00 am | Last updated: August 13, 2016 at 12:16 am

തിരുവനന്തപുരം: പാമോലിന്‍ കേസിലെ വിചാരണ നടപടികളില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് രണ്ടാം പ്രതിയും മുന്‍മന്ത്രിയുമായ ടി എച്ച് മുസ്തഫയെയും മറ്റൊരു പ്രതിയായ പാമോലിന്‍ ഇറക്കുമതി ചെയ്ത കമ്പനിയുടെ പ്രതിനിധി സദാശിവനെയും ഒരുമാസത്തേക്ക് ഒഴിവാക്കി. കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ ഉത്തരവ്. അതേസമയം, കേസില്‍ ഹാജരാകുന്നതില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കണമെന്ന ഇവരുടെ ആവശ്യം കോടതി തള്ളി. കേസിന്റെ വിചാരണ ആരംഭിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് കോടതി മാറ്റിവച്ചു. കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി പി ജെ തോമസ് നല്‍കിയ ഹരജി പരിഗണിക്കുന്നതിനായാണ് കേസ് ഈ മാസം 17 ലേക്ക് മാറ്റിവച്ചത്.
മുന്‍മന്ത്രി ടി എച്ച് മുസ്തഫ അടക്കം അഞ്ച് പ്രതികളാണ് കേസില്‍ വിചാരണ നേരിടുന്നത്. ജിജി തോംസണ്‍, പി ജെ തോമസ്, പാമോലിന്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയ പവര്‍ ആന്റ് എനര്‍ജി കോര്‍പറേഷന്‍, ചെന്നൈ മാലാ ട്രേഡിംഗ് കോര്‍പറേഷന്‍ എന്നിവയുടെ പ്രതിനിധികളായ സദാശിവന്‍, ശിവരാമകൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. കേസില്‍ എത്രയും വേഗം വിചാരണ നടപടികള്‍ തുടങ്ങണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി പ്രതികളോട് നേരിട്ട് ഹാജരാവാനും വിചാരണനടപടികള്‍ വൈകിപ്പിക്കാനാവില്ലെന്നും പറഞ്ഞിരുന്നു. ജൂണ്‍ 17 നാണ് ഹൈക്കോടതി കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടത്. കുറ്റം ചുമത്തല്‍ തുടങ്ങിയ തുടര്‍നടപടികള്‍ തൃശ്ശൂര്‍ കോടതിയില്‍ നടത്താനിരിക്കെയാണ് കേസ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന മുന്‍ വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ് വിവാദമായിരുന്നു. കേസില്‍ ആരെയും കുറ്റവിമുക്തരാക്കുവാന്‍ സാധിക്കില്ലെന്നും വിചാരണ നേരിടണമെന്നും സുപ്രിംകോടതിയും അഭിപ്രായപ്പെട്ടിരുന്നു. കേസില്‍നിന്ന് ഒഴിവാക്കണമെന്ന ടിഎച്ച് മുസ്തഫയുടേയും ജിജി തോംസണിന്റെയും ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം.