പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗം: മോദി

Posted on: August 13, 2016 2:58 am | Last updated: August 12, 2016 at 11:59 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന  സര്‍വകക്ഷി യോഗം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന
സര്‍വകക്ഷി യോഗം

ന്യൂഡല്‍ഹി: സംഘര്‍ഷം തുടരുന്ന കാശ്മീരിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗ തീരുമാനം. കാശ്മീരില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയാകാമെന്നും യോഗത്തില്‍ തീരുമാനമായി. സംഘര്‍ഷത്തിന് അയവുവരുത്താന്‍ കാശ്മീരിലെ എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തും. സംഘര്‍ഷം പരിഹരിക്കാന്‍ പ്രതിപക്ഷവും സര്‍ക്കാറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാക് അധീന കാശ്മീര്‍ ജമ്മു കാശ്മീരിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ചക്ക് സര്‍ക്കാര്‍ തയ്യാറല്ല. എന്നാല്‍, കാശ്മീരിലെ ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാന്‍ സര്‍ക്കാറിന് സാധിക്കണമെന്നും മോദി അഭിപ്രായപ്പെട്ടു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാശ്മീരിലുണ്ടായ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിനായാണ് ഇന്നലെ പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്. കാശ്മീരിലുണ്ടായ സംഘര്‍ഷങ്ങളില്‍ ഏകദേശം അമ്പതില്‍ അധികം പേര്‍ മരിക്കുകയും അയ്യായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം, കാശ്മീരില്‍ ജനങ്ങള്‍ക്ക് നേരെ സൈന്യം ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കിന്റെ ഉപയോഗമടക്കമുള്ള കാര്യങ്ങള്‍ ഉടനടി നിരോധിച്ച് കാശ്മീരി ജനതയുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയണമെന്നും വിഘടനവാദികള്‍ ഉള്‍പ്പെടെയുള്ളവരുമായി വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്നും യോഗത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ആവശ്യമുയര്‍ത്തി. ഇതോടൊപ്പം കാശ്മീരില്‍ നടത്താനുദ്ദേശിക്കുന്ന 80,000 കോടിയുടെ വികസന പദ്ധതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് യോഗത്തില്‍ വിശദീകരിച്ചു.
ഇതിനിടെ കാശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യങ്ങളില്‍ സംസ്ഥാനത്തെ ജനതക്ക് ആഭിമുഖ്യം പ്രഖ്യാപിച്ച് ലോക്‌സഭ പ്രമേയം പാസാക്കി. കാശ്മീരിലെ ജനതയുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കുക എന്ന വിഷയത്തില്‍ അവതരിപ്പിച്ച പ്രമേയമാണ് ലോക്‌സഭ ഏകകണ്ഠമായി അംഗീകരിച്ചത്. കാശ്മീരിലെ ജനതയില്‍ വിശ്വാസമര്‍പ്പിച്ച്, സംഘര്‍ഷങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തി കഴിഞ്ഞ ദിവസം രാജ്യസഭയും പ്രമേയം പാസാക്കിയിരുന്നു. വിഷയം സംബന്ധിച്ച് വ്യാഴാഴ്ച രാജ്യസഭയില്‍ മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് നടന്നത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള എം പി എ നവനീത കൃഷ്ണന്‍ രാജ്യസഭയില്‍ കാശ്മീരിനെ സ്തുതിച്ച് പഴയ തമിഴ് ഗാനം പാടിയത് ഏറെ ശ്രദ്ധേയമായി. സഭാധ്യക്ഷന്‍ പി ജെ കുര്യന്‍ നവനീതത്തിന്റെ ഗാനാലാപനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. തമിഴ്‌നാടും കാശ്മീരും തമ്മിലുള്ള ബന്ധം ഓര്‍മ്മിപ്പിച്ചുള്ള പഴയ എം ജി ആര്‍ ഗാനമാണ് നവനീത സഭയില്‍ ആലപിച്ചത്.