നമ്മെ നയിക്കാന്‍ കുറ്റവാളികള്‍

Posted on: August 13, 2016 6:00 am | Last updated: August 12, 2016 at 11:57 pm
SHARE

SIRAJസമാധാന ജീവിതവും സ്വസ്ഥമായ അന്തരീക്ഷവും ഉറപ്പ് വരുത്താനാവശ്യമായ നിയമ നിര്‍മാണം നടത്തേണ്ടവരാണ് ജനപ്രതിനിധികള്‍. അവര്‍ മാതൃകാ പുരുഷന്മാരും കുറ്റകൃത്യ പശ്ചാത്തലമില്ലാത്തവരുമായിരിക്കണമെന്നാണ് വെപ്പ്; അതാണ് ധാര്‍മികതയും. എന്നാല്‍ രാജ്യത്തെ ജനപ്രതിനിധികളില്‍ ഗണ്യമായയൊരു വിഭാഗം ദുര്‍നടപ്പുകാരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ദല്‍ഹി ആസ്ഥാനമായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനത്തില്‍ സംസ്ഥാന മന്ത്രിമാരില്‍ 34 ശതമാനവും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവാരണെന്ന് കണ്ടെത്തി. 29 നിയമസഭകളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 620 മന്ത്രിമാരില്‍ 609 പേരെയാണ് പഠന വിധേയമാക്കിയത്. ഇവരില്‍ 210 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ട് പോകല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തുടങ്ങി ഗുരുതര കേസുകളില്‍ പ്രതികളാണ് 113പേര്‍. 78 കേന്ദ്രമന്ത്രിമാരില്‍ 24 പേര്‍ക്കെതിരെയും കേസുകളുണ്ട്. ഇവരില്‍ 14 പേര്‍ക്കെതിരെ ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ ഗുരുതരവുമാണ്.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കേന്ദ്ര, സംസ്ഥാന മന്ത്രിസഭകളില്‍ ഉള്‍പ്പെടുത്തരുതെന്ന് 2014 ആഗസ്തില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഭരണഘടനയുടെ സംശുദ്ധി കാക്കുന്നതിനായി ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വിവേകപൂര്‍ണമായ തീരുമാനം കൈക്കൊള്ളണമെന്നും ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വാക്കാല്‍ നിര്‍ദേശിക്കുകയുണ്ടായി. കുറ്റവാളികള്‍ എങ്ങനെ ഭരണപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുകയെന്നു കോടതി ചോദിക്കുകയുണ്ടായി. സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കണമെന്ന് 2002ല്‍ സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം തടയുന്നതിനുള്ള ശ്രമങ്ങള്‍ രാജ്യത്ത് 1975 മുതല്‍ ആരംഭിച്ചിട്ടുണ്ട്. താര്‍ക്കുണ്ടെ കമ്മീഷന്‍, ഗോസ്വാമി കമ്മീഷന്‍, വോറാ കമ്മീഷന്‍ എന്നിങ്ങനെ പല കമ്മീഷനകളെയും നിയമിക്കുകയും ചെയ്തു. ഇവര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചെങ്കിലും നടപടികളുണ്ടായില്ല. രാഷ്ട്രീയത്തെ ക്രിമിനല്‍ സ്വാധീനത്തില്‍ നിന്ന് മോചിപ്പിച്ച് നിയമനിര്‍മാണ സഭകളുടെ പവിത്രത വീണ്ടെടുക്കാന്‍ രാഷ്ട്രത്തിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് 2004ല്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായിരുന്ന ടി എസ് കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടിരുന്നു.
ശക്തമായ നിയമ നിര്‍മാണമാണ് ഇതിനൊരു പരിഹാരം. പല മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സ്ഥാനങ്ങള്‍ നഷ്ടപ്പെടുമെന്നതിനാല്‍ ആരും അതിന് സന്നദ്ധമല്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുമ്പോള്‍ കേസുകളില്‍ അകപ്പെട്ടവരെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണല്ലോ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് അനഭിമതനായത്. അദ്ദേഹത്തെ നേതൃസ്ഥാനത്ത് നിന്ന് നീക്കാന്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കയാണിപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍. അല്‍പം ആദര്‍ശബോധം പ്രകടിപ്പിക്കുന്നവര്‍ പിന്തള്ളപ്പെടുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. കുറ്റവാളികളെന്ന് കോടതികള്‍ കണ്ടെത്തുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുകയും മേല്‍കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചാലും ഇവര്‍ക്ക് അധികാര സ്ഥാനങ്ങളില്‍ തുടരുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്ന വിധിപ്രസ്താവം 2003ല്‍ പരമോന്നത കോടതിയില്‍ നിന്നുണ്ടായിരുന്നു. ഈ വിധിയെ സ്വാഗതം ചെയ്യുന്നതിന് പകരം അതിനെ മറികടക്കാനും കുറ്റവാളികളായ ജനപ്രതിനിധികള്‍ക്ക് പരിരക്ഷ നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണുണ്ടായത്.
നിയമം ലംഘിക്കുന്നവര്‍ തന്നെ നിയമനിര്‍മാതാക്കളാകുന്ന സ്ഥിതി വിശേഷമാണ് രാജ്യത്ത് അഴിമതിയുടെ വ്യാപനത്തിനും പെരുപ്പത്തിനും ഇടയാക്കിയത്. ലോകത്ത് 51 രാജ്യങ്ങളിലും രാഷ്ട്രീയക്കാരാണ് ഏറ്റവും വലിയ അഴിമതിക്കാരെന്ന് ടാന്‍സ്പാരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ ആഗോള പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം അഴിമതി നടത്തുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണെന്നായിരുന്നു സര്‍വെയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ജനപ്രതിനിധികള്‍ കുറ്റവാളികളാകുമ്പോള്‍ കളങ്കപ്പെടുന്നത് അവരുടെ വ്യക്തിത്വം മാത്രമല്ല, ജനാധിപത്യത്തിന്റെ കാവല്‍കേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കുന്ന നിയമസഭയുടെയും പാര്‍ലമെന്റിന്റെയും യശ്ശസ്സ് കൂടിയാണ്. നീതിന്യായ സംവിധാനത്തില്‍ ശക്തമായ മാറ്റം കൊണ്ടുവരുന്നതോടൊപ്പം തന്നെ ക്രിമിനലുകള്‍ക്ക് വോട്ട് നല്‍കി അവരെ ജനപ്രതിനിധികളായി അവരോധിക്കാതിരിക്കാനുളള അവബോധവും പക്വതയും ജനങ്ങളില്‍ വളര്‍ന്നു വന്നെങ്കിലേ രാഷ്ട്രീയ രംഗം ശുദ്ധീകരിക്കപ്പെടൂ.

LEAVE A REPLY

Please enter your comment!
Please enter your name here