തെക്കന്‍ യൂറോപ്പില്‍ കാട്ടുതീ പടരുന്നു; ആയിരങ്ങളെ ഒഴിപ്പിച്ചു

Posted on: August 12, 2016 6:01 am | Last updated: August 12, 2016 at 12:48 am
SHARE
ഫ്രാന്‍സിന്റെ വടക്കന്‍ പ്രദേശമായ മാഴ്‌സിലെയിലുണ്ടായ തീപ്പിടിത്തത്തിന്റെ ദൃശ്യം. തീയണക്കാന്‍ ശ്രമിക്കുന്ന ഹെലികോപ്ടറും കാണാം.
ഫ്രാന്‍സിന്റെ വടക്കന്‍ പ്രദേശമായ മാഴ്‌സിലെയിലുണ്ടായ തീപ്പിടിത്തത്തിന്റെ ദൃശ്യം. തീയണക്കാന്‍ ശ്രമിക്കുന്ന ഹെലികോപ്ടറും കാണാം.

ലിസ്ബണ്‍: തെക്കന്‍ യൂറോപ്പില്‍ കാട്ടുതീ പടരുന്നു. പോര്‍ച്ചുഗലിലെ ടൂറിസ്റ്റ് കേന്ദ്രമായ മദേരിയ ദ്വീപില്‍ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ തീപ്പിടിത്തത്തില്‍ നാല് പേരാണ് മരിച്ചത്. പൊള്ളലേറ്റ 80 പേര്‍ ചികിത്സയിലാണ്. ദ്വീപില്‍ കത്തിപ്പടരുന്ന തീപിടിത്തം നിയന്ത്രണ വിധേയമാക്കാന്‍ സഖ്യരാജ്യങ്ങളോട് പോര്‍ച്ചുഗല്‍ സഹായം തേടിയിട്ടുണ്ട്. ആയിരക്കണക്കിനാളുകളെ ഇതുവരെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. മദേരിയ ദ്വീപിന്റെ തലസ്ഥാനമായ ഫഞ്ചലിലാണ് തിങ്കളാഴ്ച രാത്രി തീപ്പിടിത്തമുണ്ടായത്. പിന്നീടുള്ള ദിവസങ്ങളില്‍ കാറ്റ് ശക്തമായതോടെ തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കാന്‍ ഹെലികോപ്റ്റടറുകളില്‍ വെള്ളം തളിക്കുന്നുണ്ട്.
ദ്വീപിലെ തീപിടിത്തം ഏറെക്കുറെ നിയന്ത്രണ വിധേയമായെങ്കിലും കാട്ടുതീ ഇപ്പോഴും പടരുകയാണ്. തീ ഇപ്പോഴും പടരുകയാണെന്നും എന്നാല്‍ സ്ഥിതി ഏറെക്കുറെ നിയന്ത്രണ വിധേയമാണെന്നും മദേരിയ മേഖലയിലെ പ്രസിഡന്റ് മൈഖല്‍ അല്‍ബുക്കര്‍ക്ക് പറഞ്ഞു.
തിപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുക പ്രദേശത്തുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. 600ലധികം ആളുകളെയാണ് പോര്‍ച്ചുഗലിന്റെ പട്ടാള ക്യാമ്പില്‍ താമസിപ്പിച്ചിരിക്കുന്നത്.
അതേ സമയം ഫ്രാന്‍സിന്റെ വടക്കന്‍ പ്രദേശമായ മാഴ്‌സിലെയിലുണ്ടായ തീപ്പിടത്തില്‍ ആയിരക്കണക്കിനാളുകളെയാണ് ഒഴിപ്പിച്ചത്. 1500 ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് തീയണക്കുന്നത്. 5600 ഏക്കര്‍ പ്രദേശത്താണ് തീപടര്‍ന്ന് പിടിച്ചത്. കാറ്റിന്റെ ശക്തി കൂടുന്നതിനാല്‍ തീ ആളിപ്പടരുകയാണ്.
നഗരത്തിന്റെ 30 കിലോമീറ്റര്‍ അപ്പുറത്തുള്ള വിട്രോളസില്‍ വീടുകള്‍ അഗ്നിക്കിരയായിട്ടുണ്ട്. ഇവിടെ ആയിരത്തിലധികമാളുകളെ പ്രാദേശിക സ്‌പോര്‍ട്‌സ് കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഹോരോള്‍ട്ടില്‍ വാഹനത്തിന് തീപ്പിടിച്ചതിനെ തുടര്‍ന്ന് നാല് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. കാട്ടു തീ ആളിപ്പടര്‍ന്നത് കാരണം വിമാന, റോഡ് ഗതാഗതത്തെ ബാധിച്ചിരിക്കുകയാണ്. മാഴ്‌സിലെ വിമാനത്താവളത്തിലേക്കുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here