ലശ്കറെ ത്വയ്യിബക്ക് പാക് സഹായമെന്ന് എന്‍ ഐ എ

Posted on: August 11, 2016 8:45 am | Last updated: August 11, 2016 at 1:50 pm

ന്യൂഡല്‍ഹി:ഉത്തര കാശ്മീരില്‍ നിന്ന് ഇന്ത്യന്‍ സേന പിടികൂടിയ ലശ്കറെ ത്വയ്യിബ്ബ പ്രവര്‍ത്തകന്‍ ബഹദൂര്‍ അലി പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹായം നേടിയിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. ബഹദൂര്‍ അലിയെ ചോദ്യം ചെയ്തതിന് ശേഷം എന്‍ ഐ എ ഉദ്യോഗസ്ഥര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹദൂര്‍ അലി കുറ്റസമ്മതം നടത്തുന്ന വീഡിയോയും എന്‍ ഐ എ മേധാവി സഞ്ജീവ് കുമാര്‍ പുറത്തുവിട്ടു.

കശ്മീരിലെ സംഘര്‍ഷാവസ്ഥ മുതലെടുത്ത് പ്രവര്‍ത്തിക്കാനിയിരുന്ന ലശ്കര്‍ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടത്. ബഹാദൂര്‍ അലിക്ക് ലഭിച്ച ആയുധങ്ങളും ആധുധ സാമഗ്രികളും വ്യക്തമാക്കുന്നത്, സൈന്യത്തിന്റെ ഇടപെടലുകളാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂണ്‍ രണ്ടാം വാരത്തിലാണ് ബഹദൂര്‍ അലി രണ്ട് ലശ്കര്‍ ഭീകര്‍ക്കൊപ്പം ഇന്ത്യന്‍ അതിര്‍ത്തി കടന്നത്. ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെത്തുടര്‍ന്ന് കശ്മീര്‍ താഴ്വരയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ മുതലെടുക്കാനായിരുന്നു ഇവരുടെ പദ്ധതി. അലി പിടിയിലാകുമ്പോള്‍ എ കെ 47 തോക്ക്, റേഡിയോ സെറ്റ്, ഗ്രനേഡ്, അത്യാധുനിക ആശയവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തുദ്ദഅ്‌വയിലൂടെ മുഖ്യധാരയിലെത്തിയ അലി പിന്നീട് ലശ്കറെ ത്വയ്യിബയുടെ ആശയങ്ങളില്‍ ആകൃഷ്ടനായി ഈ സംഘടനയില്‍ ചേരുകയായിരുന്നു. ലശ്കറെ ത്വയ്യിബയുടെ കീഴില്‍ മൂന്ന് തവണ പരിശീലനവും നേടിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ രാജ്യങ്ങളില്‍ നിന്നായി 30 മുതല്‍ 50 വരെ ട്രെയിനികളാണ് ലശ്കര്‍ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നതെന്നും പാക് സൈനിക ഉദ്യോഗസ്ഥര്‍ തങ്ങളുടെ തയ്യാറെടുപ്പുകള്‍ വീക്ഷിച്ചിരുന്നു എന്നും അലി വെളിപ്പെടുത്തിയിട്ടുണ്ട്.