ഇന്റര്‍ സെക്ഷനുകളില്‍ ലൈന്‍ പാലിച്ചില്ലെങ്കില്‍ കാമറയില്‍ കുടുങ്ങുമെന്ന് മുന്നറിയിപ്പ്

Posted on: August 10, 2016 8:02 pm | Last updated: August 10, 2016 at 8:02 pm
SHARE

road street traffic 1 [qatarisbooming.com]ദോഹ: ഇന്റര്‍ സെക്ഷനുകളില്‍ വാഹനം നിര്‍ത്തുമ്പോഴും സഞ്ചരിക്കുമ്പോഴുമെല്ലാം റോഡിലെ ലൈനുകള്‍ പാലിച്ചില്ലെങ്കില്‍ കാമറയില്‍ കുടുങ്ങുമെന്നും ഗതാഗത നിയമലംഘനത്തിന് പിഴയൊടുക്കേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി. ഫേസ്ബുക്ക് പേജിലാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്.
വാഹനമോടിക്കുന്നവര്‍ സിഗ്നലുകളില്‍ ലൈന്‍ മാറാന്‍ പാടില്ല. അവരുടെ റോഡുകളില്‍ തന്നെ തുടരണം. അപകടങ്ങള്‍ ഒഴിവാക്കാനാണിത്. സുഗമമായ ഗതാഗതത്തിനും ഇത് ആവശ്യമാണ്. ഇന്റര്‍ സെക്ഷനുകളില്‍ ലൈന്‍ മാറാന്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ക്ക് വഴി വെക്കും. ഇന്റര്‍ സെക്ഷനുകളില്‍ ഘടിപ്പിച്ച ക്യാമറള്‍ ഈ നിയമലംഘനനംകൂടി നിരീക്ഷിക്കുകയും പകര്‍ത്തുകയും ചെയ്യുന്നുണ്ട്. ലൈന്‍ മാറിയില്‍ ചിത്രം പകര്‍ത്തി റെക്കോര്‍ഡ് ചെയ്യും. വാഹനമോടിച്ചവര്‍ക്ക് പിഴ ചുമത്തുകയും ചെയ്യും. വേഗതയും നിയന്ത്രിക്കണമെന്നും ഇന്റര്‍ സെക്ഷന്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട ഗതാഗത നിയമങ്ങള്‍ അനുസരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ലൈന്‍ മാറേണ്ടവര്‍ നിയമാനുസൃതം ഇന്‍ഡിക്കേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് മാറേണ്ടത്. ഗതാഗതത്തിനു തടസം വരാതെയും നിയമം ലംഘിക്കാതെയും മാറാന്‍ കഴിയുമെങ്കില്‍ മാത്രമേ മാറാവൂ. അപകടങ്ങള്‍ കുറക്കുന്നതിനും സുരക്ഷിതമായ ഡ്രൈവിംഗിനുമായി മന്ത്രാലയം സ്വീകരിച്ചുവരുന്ന വിവിധ നടപടികളുടെ ഭാഗാമായാണ് ഇന്റര്‍ സെക്ഷനുകളിലെ സുരക്ഷ ഉറപ്പാക്കുകയും തിരക്ക് കുറക്കുകയും ചെയ്യുന്നതിനുള്ള നിര്‍ദേശം. അപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ആഭ്യന്തര മന്ത്രലായം അടുത്തിടെ ഓണ്‍ലൈന്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ജനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതിനു വേണ്ടിയാണിത്.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരെ പിടികൂടാന്‍ മന്ത്രാലയം നടപടി ശക്തമാക്കിയിട്ടുണ്ട്. ട്രാഫിക് പട്രോള്‍ സംഘം കയ്യോടെ പിടികൂടുന്നതാണ് രീതി. ഗതാഗത നിയമപാലനം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിരന്തരമായി അറിയിപ്പുകള്‍ നല്‍കുന്നതിനും മന്ത്രാലയം സന്നദ്ധമാകുന്നുണ്ട്. ജനങ്ങളെ തുടര്‍ച്ചയായി ഓര്‍മപ്പടുത്തിക്കൊണ്ടിരിക്കുന്നതിനു വേണ്ടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here