കോണ്‍ഗ്രസിന്റെ പരാജയത്തിന് മറ്റുള്ളവരെ കുറ്റം പറയേണ്ടതില്ല: ശങ്കരനാരായണന്‍

Posted on: August 10, 2016 12:25 pm | Last updated: August 10, 2016 at 12:25 pm

കോഴിക്കോട്: രാജ്യത്തും സംസ്ഥാനത്തും കോണ്‍ഗ്രസിന്റെ പരാജയത്തിന് വേറെ ആരെയെങ്കിലും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശങ്കരനാരായണന്‍. കോണ്‍ഗ്രസിന്റെ തെറ്റിന് മറ്റാരുമല്ല ഉത്തരവാദി. വിദഗ്ധരെയോ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് പരിചയമില്ലാത്തവരെയോ അല്ല പ്രസ്ഥാനത്തിന്റെ നേതൃത്വം ഏല്‍പ്പിക്കേണ്ടതെന്നും ശങ്കരനാരായണന്‍ പറഞ്ഞു. ക്വിറ്റിന്ത്യാ ദിനാചാരണത്തോടനുബന്ധിച്ച് ഡി സി സി സംഘടിപ്പിച്ച ‘ക്വിറ്റ് കമ്മ്യൂണലിസം’ മതസൗഹാര്‍ദ സദസ് ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് യു ഡി എഫും കേന്ദ്രത്തില്‍ യു പി എയും തിരിച്ചുവരും. രാഷ്ട്രീയത്തില്‍ ശാശ്വതമായുള്ളത് സ്വന്തം പാര്‍ട്ടിയാണ്. മറ്റുള്ള കക്ഷികളെല്ലാം വിരുന്നുകാര്‍ മാത്രമാണ്. യു ഡി എഫില്‍ നിന്ന് ഘടകക്ഷികളിലൊന്ന് പോയതിനെ ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ല. മുമ്പും യു ഡി എഫില്‍ നിന്ന് പാര്‍ട്ടികള്‍ പോയിട്ടുണ്ട്. പോയവ തിരിച്ചുവരികയോ കോണ്‍ഗ്രസ് തിരികെയെത്തിക്കുകയോ ചെയ്തിട്ടുണ്ട്. ആരെങ്കിലും ഒരു ദിവസം പിണങ്ങി ഓടിപ്പോയാല്‍ തന്നെ അവരെ ഓടിപ്പിടിച്ച് കെട്ടിപ്പുണര്‍ന്ന് തിരികെയെത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും.
കോണ്‍ഗ്രസിനെ നാമാവശേഷമാക്കുമെന്ന് പറയാനുള്ള ആധികാരികതയോ ശക്തിയോ സി പി എമ്മിന് രാജ്യത്തില്ല. കോണ്‍ഗ്രസ് ഇല്ലാതായാല്‍ എന്‍ ഡി എയുടെ കീഴില്‍ ശ്വാസവായു പോലും സി പി എമ്മികാര്‍ക്ക് കിട്ടില്ലെന്നിരിക്കെ കോണ്‍ഗ്രസ് ഉണ്ടാവേണ്ടത് സി പി എമ്മിന്റെ നിലനിപ്പിന് ആവശ്യമാണ്.
കോണ്‍ഗ്രസ് വിമുക്ത ഭാരതം സൃഷ്ടിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ് പറയുന്നത്. പ്രതീക്ഷിക്കാതെ ലോട്ടറി കിട്ടിയാല്‍ ചിലര്‍ക്ക് ഭ്രമമുണ്ടാവുന്നത് പോലെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റതോടെ നരേന്ദ്രമോദിക്ക് സ്ഥലകാലഭ്രംശം സംഭവിച്ചാതാവാമെന്നും അദ്ദേഹം പരിഹസിച്ചു.
ഡി സി സി പ്രസിഡന്റ് കെ സി അബു അധ്യക്ഷനായിരുന്നു. ഫാദര്‍ സായി പാറക്കുളം, ഡോ. പ്രിയദര്‍ശന്‍ ലാല്‍ പ്രസംഗിച്ചു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍, പി വി ഗംഗാധരന്‍, കെ രാമചന്ദ്രന്‍, കെ പി ബാബു, വി ടി സുരേന്ദ്രന്‍, ഇ വി ഉസ്മാന്‍ കോയ, ടി സിദ്ദിഖ്, പി മൊയ്തീന്‍ മാസ്റ്റര്‍, കെ വി സുബ്രഹ്മണ്യന്‍ പങ്കെടുത്തു.