Connect with us

Articles

ന്യൂസ് റൂമുകളില്‍ ദേശസ്‌നേഹം നിര്‍മിക്കുന്നവര്‍

Published

|

Last Updated

പാകിസ്ഥാന്‍ അനുകൂല റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നവര്‍ക്കും വ്യാജമതേതര മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ടൈംസ് നൗ വാര്‍ത്താ ചാനലിന്റെ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ജൂലൈ 26ന് തന്റെ ന്യൂസ് അവര്‍ സംവാദത്തില്‍ ആവശ്യപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. പാകിസ്ഥാന്‍ ഭീകരതക്കെതിരെ സംസാരിക്കാന്‍ വിമുഖത കാട്ടുന്ന “ചില” ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളെ ശിക്ഷിക്കാന്‍ ഇനിയും വൈകിക്കൂടാ എന്നും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും അര്‍ണബ് പ്രഖ്യാപിച്ചു.

പത്രപ്രവര്‍ത്തക സമൂഹം കഴിഞ്ഞ ആഴ്ച ഏറെ ചര്‍ച്ച ചെയ്ത ഒരു സംവാദമായി ഈ അഭിപ്രായപ്രകടനം മാറിയത് വളരെ പെട്ടെന്നായിരുന്നു. അര്‍ണബ് ഗോസ്വാമിയുടെ വിചിത്രമായ കണ്ടുപിടുത്തങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. എന്‍ ഡി ടി വിയുടെ കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ ബര്‍ഖാ ദത്തിനെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതെന്ന് ട്വിറ്ററും ഫേസ്ബുക്കും ഇതര ഓണ്‍ലൈന്‍ മാധ്യമങ്ങളും കണ്ടുപിടിച്ചതോടെ ദേശീയ പത്രമാധ്യമങ്ങള്‍ ഈ വിഷയത്തെ ചുറ്റിപ്പറ്റി വിശദമായി എഴുതി.

അതിനിടയില്‍ ബര്‍ഖ ദത്ത് പ്രതികരിച്ചു. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാന്‍ ആഹ്വാനം ചെയ്ത അര്‍ണബ് ഗോസ്വാമിയുടെ അതേ മേഖലയില്‍ ജോലി ചെയ്യേണ്ടിവന്നതില്‍ താന്‍ ലജ്ജിക്കുന്നുവെന്നാണ് അവര്‍ ആദ്യം പറഞ്ഞത്. പാകിസ്ഥാന്‍, കാശ്മീര്‍ വിഷയങ്ങളില്‍ നരേന്ദ്ര മോദി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത് എന്ന് നട്ടെല്ലുള്ള മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അര്‍ണബ് ഗോസ്വാമി പ്രകോപിതനായതെന്നും ബര്‍ഖാ ദത്ത് ട്വിറ്ററിലൂടെ പ്രതികരിച്ചു. കാശ്മീര്‍ വിഷയത്തില്‍ ബി ജെ പിയുടെ അവിശുദ്ധ കൂട്ടുകെട്ടുകളെക്കുറിച്ചും കേന്ദ്ര സര്‍ക്കാറിന്റെ ആഭ്യന്തര, വിദേശ നിലപാടുകളെക്കുറിച്ചും എന്തുകൊണ്ടാണ് അര്‍ണബിന് ആശങ്കയില്ലാത്തതെന്നും അവര്‍ ചോദിക്കുന്നു.

ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ നിലവിലുള്ള സംസ്‌കാരത്തെയും രീതിശാസ്ത്രത്തെയും കൃത്യമായി അടയാളപ്പെടുത്തിയ സംവാദമായിരുന്നു ഇത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന വാര്‍ത്താ ചാനല്‍ എന്ന് സ്വയം അവകാശപ്പെടുന്ന ടൈംസ് നൗ രാത്രി ഒന്‍പതിന് സംപ്രേഷണം ചെയ്യുന്ന വാര്‍ത്താധിഷ്ഠിത സംവാദ പരിപാടിയായ ന്യൂസ് അവറില്‍ പങ്കെടുക്കാനെത്തുന്നവരെ ശകാരവാക്കുകള്‍ കൊണ്ടും വൃത്തികെട്ട പദപ്രയോഗങ്ങള്‍ കൊണ്ടും ആക്രമിക്കുന്ന അവതാരകന്‍ അര്‍ണബ് ഗോസ്വാമി നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ജെ എന്‍ യു ക്യാമ്പസിലെ സമരം ആരംഭിച്ച ഘട്ടത്തില്‍ ഈ പരിപാടിയില്‍ പങ്കെടുത്ത ഉമര്‍ ഖാലിദ് എന്ന വിദ്യാര്‍ഥി നേതാവിനെ “തീവ്രവാദി” എന്ന് പോലും വിളിച്ചുകളഞ്ഞു അര്‍ണബ് ഗോസ്വാമി.

ചര്‍ച്ചക്കെത്തിയവര്‍ക്ക് നേരെ കുരച്ചുചാടുന്ന ഈ അവതരണരീതി മാധ്യമപ്രവര്‍ത്തനത്തെ കൊലചെയ്യുന്നതിന് തുല്യമാണെന്ന് മതേതര രംഗത്തെയും രാഷ്ട്രീയ മാധ്യമ രംഗത്തെയും പ്രമുഖര്‍ വിലയിരുത്തി. രാജ്യത്തിന്റെ സംസ്‌കാരത്തെയും മാധ്യമപ്രവര്‍ത്തനത്തെയും അപമാനിക്കുന്ന ഈ അവതരണ രീതി തുടരുമ്പോഴും എങ്ങനെയാണ് ടൈംസ് നൗ ചാനല്‍ ടി ആര്‍ പി റേറ്റിംഗില്‍ ഏറ്റവും മുന്നിലെത്തുന്നത് എന്നതിനെക്കുറിച്ചും വണ്‍മാന്‍ ഷോ നടത്തുന്ന അര്‍ണബ് ഗോസ്വാമിയുടെ പത്രപ്രവര്‍ത്തനം എന്തുകൊണ്ടാണ് ജനകീയമാകുന്നതെന്നതിനെക്കുറിച്ചും വിശദമായ അന്വേഷണങ്ങള്‍ നടന്നു.

രാജ്യത്തെ ഉപരിവര്‍ഗ ജനവിഭാഗത്തിന്റെ ആകുലതകള്‍ അഭിസംബോധന ചെയ്തുകൊണ്ടും നഗരങ്ങളിലെ വിദ്യാഭ്യാസ ബിസിനസ് വിഭാഗങ്ങളെ തൃപ്തിപ്പെടുത്തിയും ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും മൊത്തം കുത്തക അവകാശപ്പെട്ടുമാണ് ആഴ്ചയില്‍ അഞ്ചു ദിവസവും അര്‍ണബ് ടൈംസ് നൗ ചാനലില്‍ പ്രത്യക്ഷപ്പെടുന്നത്. ന്യൂസ് അവറിലെ ചര്‍ച്ചാവിഷയം ഏതുമാകട്ടെ, ബി ജെ പിക്കും കേന്ദ്ര സര്‍ക്കാറിനും അനുകൂലമായി സംവാദം തിരിച്ചുവിടാനും അഭിപ്രായവ്യത്യാസം രേഖപ്പെടുത്തുന്നവരെല്ലാം ദേശവിരുദ്ധരും രാജ്യസ്‌നേഹമില്ലാത്തവരുമായി മുദ്രകുത്തപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാനും അദ്ദേഹത്തിന്് കഴിയുന്നു എന്നിടത്താണ് രാജ്യത്തെ മാധ്യമപ്രവര്‍ത്തനം, പ്രത്യേകിച്ച് ടിവി ജേണലിസം, എത്രത്തോളം ഭീതിജനകമാണ് എന്ന വസ്തുത തിരിച്ചറിയേണ്ടത്.

മഹത്തായ ഒരു സേവനം എന്നതില്‍ നിന്ന് കൃത്യമായ അജന്‍ഡകള്‍ക്കനുസരിച്ച് പൊതുജനാഭിപ്രായം രൂപവത്കരിക്കുന്ന, രാഷ്ട്രീയ നേട്ടങ്ങള്‍ നിര്‍മിച്ചു കൊടുക്കുന്ന, ലാഭം കൊയ്യുന്ന കേവലം ബിസിനസ് സംവിധാനത്തിലേക്ക് ചുരുങ്ങിപ്പോകുന്ന പത്രപ്രവര്‍ത്തിനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അര്‍ണബ് ഗോസ്വാമിയും അദ്ദേഹത്തിന്റെ ടൈംസ് നൗ ചാനലും.

2006 ജനുവരി 31ന് പ്രക്ഷേപണം ആരംഭിച്ച ചാനല്‍ തുടക്കത്തില്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. ആരും ടൈംസ് നൗ വീക്ഷിച്ചില്ല. അര്‍ണബ് ഷോയില്‍ പ്രമുഖര്‍ പങ്കെടുത്തിരുന്നില്ല. ഒരാളും ചാനലിന് അഭിമുഖം നല്‍കിയില്ല. വാരാന്ത്യ റേറ്റിംഗ് പരാജയമായിരുന്നു. അതേസമയം, ഒരു മാസം മുമ്പ് മാത്രം ലോഞ്ച് ചെയ്ത സി എന്‍ എന്‍ ഐ ബി എന്‍ വാര്‍ത്താ ചാനല്‍ അതിനകം ജനകീയമായിക്കഴിഞ്ഞി രുന്നു. എന്‍ ഡി ടി വിയില്‍ ഒന്‍പത് വര്‍ഷം ജോലി ചെയ്ത ശേഷമാണ് അര്‍ണബ് പുതിയ ചാനലിന്റെ ചീഫ് എഡിറ്റര്‍ ആയി എത്തുന്നത്.

അവിടെ തന്റെ വഴികാട്ടിയായിരുന്ന രാജ്ദീപ് സര്‍ദേശായി സ്വന്തമായി തുടങ്ങിയ സി എന്‍ എന്‍ ഐ ബി എന്‍ ചാനലിലെ വാര്‍ത്തകള്‍ ജനങ്ങള്‍ ഏറ്റെടുത്തു തുടങ്ങിയിരുന്നു. അതോടെ സഹപ്രവര്‍ത്തകരോടുള്ള അര്‍ണബ് ഗോസ്വാമിയുടെ സമീപനത്തില്‍ പ്രകടമായ മാറ്റം വന്നു. എല്ലാറ്റിലും കുറ്റവും കുറവും കണ്ടെത്തി. പലരെയും പിരിച്ചുവിട്ടു. ഓരോ ആഴ്ചയും ചുരുങ്ങിയത് രണ്ട് പേര്‍ ചാനല്‍ വിട്ടു. തുടക്കത്തില്‍ ടൈംസ് നൗ ഒരു വാര്‍ത്താ ചാനല്‍ ആണോ എന്ന് പോലും പലരും സംശയം പ്രകടിപ്പിച്ചു. ആദ്യ ദിവസങ്ങളില്‍ ടൈംസ് നൗ ചെയ്തത് ബിസിനസ് ന്യൂസുകളായിരുന്നു. അതോടെ, സി എന്‍ ബി സി പോലുള്ള ബിസിനസ് ചാനലുകളുമായി മത്സരിക്കാനാണ് ഈ പുതിയ ചാനല്‍ എത്തിയതെന്ന തോന്നല്‍ പ്രചരിച്ചു. രാത്രി സമയത്ത് വളരെ ലളിതമായ പരിപാടികള്‍ മാത്രം അര്‍ണബ് ഗോസ്വാമി എയര്‍ ചെയ്തു.

എന്നാല്‍ ചാനല്‍ ഉടമകളായ ടൈംസ് ഗ്രൂപ്പിന്റെ സമീര്‍ ജൈനും വിനീത് ജൈനും ചില പ്രത്യേക ലക്ഷ്യങ്ങള്‍ അര്‍ണബിനെ ഏല്‍പ്പിച്ചിരുന്നു. ബെന്നറ്റ് കോള്‍മാന്‍ കമ്പനിയുടെ മുന്‍ സിഇ ഒ ചിന്താമണി റാവു കാരവന്‍ മാഗസിനില്‍ ഈ ലക്ഷ്യത്തെക്കുറിച്ച് മുമ്പ് എഴുതിയിരുന്നു. ടൈംസ് നൗ എന്ന ചാനല്‍ വിജയിക്കുമോ ഇല്ലയോ എന്ന ആശങ്ക നിറഞ്ഞ തുടക്ക കാലത്ത്, ചാനലിലെ മുഴുവന്‍ സ്റ്റാഫിനെയും വിളിച്ചുകൂട്ടി അര്‍ണബ് ഗോസ്വാമി ചോദിച്ചു: “നമ്മുടെ ചാനല്‍ ആരോടാണ് മത്സരിക്കുന്നത് എന്നറിയുമോ?” ആര്‍ക്കും അതിനെക്കുറിച്ച് വ്യക്തമായ മറുപടി പറയാന്‍ അറിയുമായിരുന്നില്ല. “എന്‍ ഡി ടി വി” അര്‍ണബ് ഉറക്കെ പ്രഖ്യാപിച്ചു. നമ്മള്‍ ആ ചാനലിനെ തോല്‍പ്പിക്കാന്‍ പോകുന്നു.

പിന്നീട് നടന്നത് അര്‍ണബ് ഗോസ്വാമി എന്ന ചീഫ് എഡിറ്ററുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. രാജ്യസ്‌നേഹം, കാശ്മീര്‍, തീവ്രവാദം, മുസ്‌ലിം സ്ത്രീ, ഹിന്ദു വര്‍ഗീയത, ന്യൂനപക്ഷ പ്രീണനം, പാകിസ്ഥാന്‍ തുടങ്ങിയ സൂക്ഷ്മ സംവേദന ക്ഷമതയുള്ള വിഷയങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ന്യൂസ് അവര്‍ സംവാദ പരിപാടി അവതരിപ്പിച്ചു തുടങ്ങി. ചാനലിലെ ഏതു തീരുമാനവും സ്വയം എടുക്കാനും അത് നടപ്പിലാക്കാനും അര്‍ണബിന് സ്വാതന്ത്യം ഉണ്ടായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തുന്ന പാനല്‍ മുതല്‍ സ്‌ക്രീനില്‍ തെളിയുന്ന നിറങ്ങളും ഡിസൈനിംഗ് വരെ ആ സ്വാതന്ത്യം നീളുന്നു. മറ്റു ചാനലുകള്‍ വരികള്‍ക്കിടയിലൂടെ ബി ജെ പിയെ പിന്തുണച്ചപ്പോള്‍ അര്‍ണബ് തന്റെ പിന്തുണ തുറന്നടിച്ചു. താന്‍ നയിക്കുന്ന ചര്‍ച്ചകളില്‍ എതിരഭിപ്രായം പറയുന്നവര്‍ ദേശവിരുദ്ധരോ പാകിസ്ഥാന്‍ അനുകൂലികളോ ആയി അവതരിപ്പിച്ചു. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ടൈംസ് നൗ ചാനലിനെക്കുറിച്ചുള്ള എതൊരു ചര്‍ച്ചയും അര്‍ണബ് ഗോസ്വാമിയെക്കുറിച്ചുള്ളതായി മാറി.

എങ്ങനെയും ചാനലിന്റെ റേറ്റിംഗ് കൂട്ടുക എന്നത് മാത്രമായിരുന്നു അര്‍ണബിന്റെ ലക്ഷ്യം. അതോടെ, മാധ്യമ നൈതികത എന്നത് അന്തവിശ്വാസമോ അസംഭവ്യമോ ആയി മാറി. മൂന്ന് ഖാന്മാരായ മുസ്‌ലിംകള്‍ ബോളിവുഡ് സിനിമാലോകം കൈയിലൊതുക്കി വെച്ചിരിക്കുകയാണെന്നും ഇത് അനുവദിക്കരുതെന്ന് പോലും ഗോസ്വാമി അലറി വിളിച്ചു. വ്യാജ വീഡിയോകളും വാര്‍ത്തകളും ചാനലില്‍ നിറഞ്ഞു. കാശ്മീരില്‍ ഒരു പെണ്‍കുട്ടി പീഡനത്തിനിരയായപ്പോള്‍, സാധാരണ ചാനലുകള്‍ ചെയ്യുന്നത് പോലെ ഇരയുടെ ബ്ലര്‍ ചെയ്ത മുഖം പ്രദര്‍ശിപ്പിക്കാന്‍ സമ്മതിച്ചില്ല. പ്രേക്ഷകര്‍ക്ക് അത് കാണാന്‍ താത്പപര്യമുണ്ടാവില്ല എന്ന് പറഞ്ഞ് ആ പെണ്‍കുട്ടിയുടെ മുഖം പ്രദര്‍ശിപ്പിക്കുന്ന വീഡിയോ പ്രക്ഷേപണം ചെയ്യാന്‍ എഡിറ്റിംഗ് റൂമില്‍ അര്‍ണബ് നേരിട്ടെത്തി. മുംബൈ സ്‌ഫോടനത്തില്‍ പിടിക്കപ്പെട്ട അജ്മല്‍ കസബ് ക്ഷമാപണം നടത്തുന്ന വീഡിയോ മറ്റേതു ചാനലിനു ലഭിക്കുന്നതിനും മുമ്പേ, ടൈംസിന് ലഭിച്ചിരുന്നു. പക്ഷേ, അത് കാണുന്നവര്‍ക്ക് കസബിനോട് സഹതാപം ഉണ്ടാകുമെന്ന് പറഞ്ഞ് അര്‍ണബ് അത് കാണിച്ചില്ല.

ഇസിലിലേക്ക് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് നടക്കുന്നു എന്ന വ്യാജവാര്‍ത്ത സ്വയം നിര്‍മിക്കുകയും അതിന് പിന്തുണ നല്‍കുന്ന വീഡിയോയായി വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഡല്‍ഹി ബട്ട്‌ല ഹൗസ് ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്യാന്‍ പോലും ചീഫ് എഡിറ്റര്‍ ധൈര്യം കാണിച്ചു. ജെ എന്‍ യു സമരകാലത്തും പാകിസ്ഥാന്‍ മുദ്രാവാക്യം വിളിക്കുന്ന ദേശദ്രോഹികള്‍ എന്ന പേരില്‍ വ്യാജദൃശ്യങ്ങള്‍ ഈ ചാനല്‍ കാണിച്ചിരുന്നു. ഇത്തവണ കശ്മീര്‍ പ്രശ്‌നം ആരംഭിച്ച ദിവസം തന്നെ മൂന്ന് കാശ്മീര്‍ യുവാക്കള്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടപ്പോള്‍ ആ വാര്‍ത്ത അര്‍ണബ് കൊടുത്തപ്പോള്‍ നിരന്തരം ചോദിച്ച ചോദ്യം ഇതിനോട് വിഘടനവാദികള്‍ ആരും എന്താണ് പ്രതികരിക്കാത്തത് എന്നാണ്.

പ്രസ്തുത ദിവസം രാവിലെ തന്നെ ചാനലിന്റെ കാശ്മീര്‍ റിപ്പോര്‍ട്ടര്‍ പൂജ നിരവധി നേതാക്കളുടെ പ്രതികരണം ചാനലിലേക്ക് അയച്ചിരുന്നു. ആ ദൃശ്യങ്ങള്‍ മുഴുവന്‍ സ്റ്റുഡിയോ റൂമിലിരിക്കുമ്പോഴാണ് ന്യൂസ് അവതാരകനായ അര്‍ണബ്, വിഘടനവാദികള്‍ എന്താണ് പ്രതികരിക്കാത്തത് എന്ന് നിരന്തരം ചോദിക്കുന്നത്. അത്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ മാത്രമാണ് കാശ്മീരികളുടെ രാജ്യസ്‌നേഹത്തിലേക്കും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും കാര്യങ്ങള്‍ ചെന്നെത്തുക എന്ന് മറ്റാരേക്കാളും അര്‍ണബ് ഗോസ്വാമിക്കറിയാം.
ഇങ്ങനെ ഏതു കളവും വാര്‍ത്തയാകുന്ന, ചര്‍ച്ചയാകുന്ന ചാനലായി ടൈംസ് നൗ മാറി. ഈയൊരു നാടകം ചോദ്യം ചെയ്ത് “ഒരു ടിവി അവതാരകന്‍ വാര്‍ത്തകള്‍ ബലികഴിക്കുന്ന വിധം” എന്ന തലക്കെട്ടില്‍ ഔട്ട് ലുക്ക് മാസികയും “ഫാസ്റ്റ് ആന്റ് ഫൂരിയസ്” എന്ന പേരില്‍ കാരവന്‍ മാഗസിനും അര്‍ണബ് ഗോസ്വാമിയെ വിശദമായി വിചാരണ ചെയ്തു. അര്‍ണബും അദ്ദേഹത്തിന്റെ ചാനലും ഇവിടെ ഇല്ലായിരുന്നെങ്കില്‍ രാജ്യം എത്രയോ പുരോഗമിക്കുമായിരുന്നു എന്ന് സ്റ്റാര്‍ ഇന്ത്യ സി ഇ ഒ ഉദയ് ശങ്കര്‍ പോലും അഭിപ്രായപ്പെട്ടു.

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ സൂര്യപ്രകാശ് പറഞ്ഞത് ന്യൂസ് അവറില്‍ നടക്കുന്നത് വാര്‍ത്തയല്ല; മറിച്ച്, ഡ്രാമ മാത്രമാണ് എന്നാണ്. അര്‍ണബ് ഒരിക്കലും അദ്ദേഹത്തിന്റെതല്ലാത്ത ഒരു അഭിപ്രായത്തിന് ഇടം നല്‍കില്ല എന്നത് കൊണ്ട് ന്യൂസ് അവര്‍ പരിപാടിക്ക് താന്‍ പോകാറില്ല എന്നാണ് സാമൂഹിക പ്രവര്‍ത്തകന്‍ വിരാജ് പട്‌നായിക് എഴുതിയത്. അര്‍ണബ് എപ്പോഴും തീവ്ര വലതുപക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. ഘര്‍ വാപസിയെക്കുറിച്ചോ ബി ജെ പിയെക്കുറിച്ചോ ചോദിച്ചാല്‍ അയാള്‍ കുരച്ചു ചാടുന്നത് കാണാം, ഇന്ത്യ ലീഗല്‍ എഡിറ്റര്‍ ഇന്ദ്രജിത്ത് ബദ്വാര്‍ ഇങ്ങനെയും പറയുന്നു.

പലപ്പോഴും നല്ല ചര്‍ച്ച നടക്കും എന്ന പ്രതീക്ഷയിലാണ് ന്യൂസ് അവര്‍ പരിപാടിയില്‍ പല പ്രമുഖരും പങ്കെടുക്കാനെത്തുന്നത്. എന്നാല്‍ ഏകപക്ഷീയമായ തീരുമാനവും വര്‍ഗീയ അജന്‍ഡകളും കൊണ്ട് നിറയുന്ന, അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കാത്ത ഒരു പരിപാടിയായി അതിനെ മാറ്റിയത് അര്‍ണബ് ഗോസ്വാമിയുടെ ചൂടന്‍ നിലപാടായിരുന്നു. അതോടൊപ്പം, മറ്റാരേക്കാളും വേഗത്തില്‍ ന്യൂസ് എത്തിക്കുക എന്ന അജന്‍ഡയും ഗോസ്വാമി നടപ്പിലാക്കി. സംഭവസ്ഥലത്ത് നിന്ന് ഷൂട്ട് ചെയ്ത് ചാനലിന്റെ മുംബൈ ഹെഡ് ഓഫീസിലെ സ്റ്റുഡിയോ റൂമില്‍ എഡിറ്റ് ചെയ്താണ് അന്ന് വരെ റിപ്പോര്‍ട്ടുകള്‍ എയര്‍ ചെയ്തിരുന്നത്. കോപ്പി എഡിറ്റര്‍മാരും മറ്റും എഡിറ്റ് ചെയ്തു വരുമ്പോഴേക്കും വാര്‍ത്ത വൈകും എന്ന കാരണം പറഞ്ഞ്, എഡിറ്റ് ചെയ്യാതെ നേരിട്ട് അര്‍ണബ് എയര്‍ ചെയ്യാന്‍ തുടങ്ങി.

ശരിയും തെറ്റും വസ്തുതയും ഒന്നുമല്ല, വേഗമാണ് പ്രധാനം എന്ന അപകടരമായ രീതിയായിരുന്നു അത്. പ്രമാദമായ പ്രൊവിഡന്റ് ഫണ്ട് അഴിമതിക്കേസില്‍ ഇങ്ങനെ അതിവേഗം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സുപ്രീം കോടതി മുന്‍ ജഡ്ജി പി ബി സാവന്തിന്റെ ഫോട്ടോ തെറ്റായി കാണിച്ചതിനെ തുടര്‍ന്ന് നൂറു കോടി രൂപയാണ് ടൈംസ് നൗ ചാനല്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നത്.

ഓരോ പരിപാടിക്ക് പോകുമ്പോഴും അന്നത്തെ അജന്‍ഡയെക്കുറിച്ചും ചര്‍ച്ച പുരോഗമിക്കേണ്ട രീതിയെക്കുറിച്ചും ചാനല്‍ ഉടമയായ വിനീത് ജെയിന്‍ അര്‍ണബിന് ടെക്സ്റ്റ് മെസേജ് അയക്കും. കൂടാതെ മണിക്കൂറുകള്‍ നീളുന്ന എഡിറ്റോറിയല്‍ മീറ്റിംഗില്‍ സമീര്‍- വിനീത് ജൈനുമാരുടെ പെഴ്‌സണല്‍ സെക്രട്ടറിമാരില്‍ ആരെങ്കിലും ഉണ്ടാകും. അതനുസരിച്ചാണ് അര്‍ണബ് സ്വയം വിശേഷിപ്പിക്കുന്ന “ഇന്ത്യയുടെ അഭിപ്രായം” രൂപപ്പെടുന്നത്. ഡല്‍ഹി കൂട്ടബലാത്സംഗം വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ബി ബി സി പുറത്തിറക്കിയ “ഇന്ത്യാസ് ഡോട്ടര്‍” എന്ന വിഖ്യാത ഡോക്യുമെന്ററി എന്‍ ഡി ടി വി പൂര്‍ണമായി സംപ്രേക്ഷണം ചെയ്തപ്പോള്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യാന്‍ അര്‍ണബ് ഗോസ്വാമി പോയതും ഇങ്ങനെ മുകളില്‍ നിന്നുള്ള നിര്‍ദേശം കിട്ടിയിട്ടായിരുന്നു.

ദേശീയ തലത്തില്‍ ബി ജെ പി എന്ന പാര്‍ട്ടി എങ്ങനെയാണോ വര്‍ഗീയത ആളിക്കത്തിച്ച് ഭരണം നേടിയെടുത്തത്, അതേ രൂപത്തിലാണ് മാധ്യമ രംഗത്ത് തന്റെ ചാനലിന് റേറ്റിംഗ് കൂട്ടാന്‍ വേണ്ടി അര്‍ണബ് ഗോസ്വാമി ടി വി ക്യാമ്പയിന്‍ നടത്തിയത് എന്ന് ചുരുക്കം. പ്രേക്ഷകര്‍ക്കിടയില്‍ ഇന്ത്യയും പാകിസ്ഥാനും നിര്‍മിച്ച്, കാശ്മീര്‍ മുസ്‌ലിംകളും രാജ്യസ്‌നേഹികളായ ഇന്ത്യന്‍ സൈന്യവും തമ്മിലുള്ള വ്യത്യാസങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തി അവതരിപ്പിച്ച് അര്‍ണബ് ഗോസ്വാമി രാഷ്ട്രീയം കളിക്കുന്നു. എല്ലാം അവതരിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച ഇന്ത്യന്‍ ഭരണഘടനയുടെ പേരിലും. ഒരു മാധ്യമ പ്രവര്‍ത്തകന് എത്രത്തോളം സ്വതന്ത്രമായി അഭിപ്രായം പറയാം എന്ന് അന്വേഷിക്കുന്ന Concentration of Media Ownership and the Imagination of Free Speech എന്ന അക്കാദമിക പഠനത്തില്‍ (Economic and Political Weekly, 2016 April 23) ഡോ. സ്മരിക കുമാര്‍ അടിവരയിടുന്ന ഒരു വസ്തുതയുണ്ട്: “പത്രപ്രവര്‍ത്തകര്‍ക്ക് അഭിപ്രായം പറയാം. പക്ഷേ, ആ അഭിപ്രായം വായനക്കാരുടെ/പ്രേക്ഷകരുടെ താത്പര്യത്തിനനുസരിച്ച് ഉണ്ടാകുന്നതാണോ എന്നതിനേക്കാള്‍ അതൊരു ബിസിനസ് തീരുമാനമാണോ എന്നതാണ് പ്രധാന ചോദ്യം”.

Latest