കരിപ്പൂര്‍ വിമാനത്താവള വികസനം: 100 പേരുടെ ഭൂമിയേറ്റെടുക്കും

Posted on: August 10, 2016 12:08 am | Last updated: August 10, 2016 at 12:08 am

karippooorമലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി നൂറ് പേരുടെ ഭൂമിയേറ്റെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ- ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. കെ ടി ജലീല്‍ അറിയിച്ചു. മലപ്പുറം കലക്ടറേറ്റ് സമ്മേളന ഹാളില്‍ ജനപ്രതിനിധികളുടെയും ഇരകളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സമ്മതപ്പത്രം നല്‍കിയവരില്‍ നിന്ന് ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ തുടങ്ങും. രജിസ്‌ട്രേഷന്‍ നടക്കുമ്പോള്‍ തന്നെ നഷ്ടപരിഹാര തുക കൈമാറും. മൂന്ന് മുതല്‍ 10 ലക്ഷം വരെയാണ് സ്ഥലത്തിനനുസരിച്ച് നല്‍കുക. വീട് നഷ്ടപ്പെടുന്നവര്‍ക്ക് വില നിശ്ചച്ചയിച്ച് പ്രത്യേക നഷ്ടപരിഹാരം നല്‍കും. ഭൂമിയേറ്റെടുക്കുന്നതിന്റെ രണ്ടാം ഘട്ട നടപടി ക്രമങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് സാങ്കേതിക ഉപദേശക സമിതിയെ നിയോഗിക്കും. 150 അടി താഴ്ചയുള്ള ഭൂമി മണ്ണിട്ട് നികത്താനുള്ള ചെലവും മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളും പഠിക്കുകയായിരിക്കും സമിതിയുടെ ചുമതല. കൂടാതെ വിമാനത്താവള വികസനത്തിന് നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ട ഏക്കര്‍ ഭൂമി ആവശ്യമാണോയെന്നും പരിശോധിക്കും.
14,063 കോടി രൂപ സ്ഥലമേറ്റെടുക്കുന്നതിനായും പുനരധിവാസത്തിനായും സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ഭൂമി നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന 100 ഏക്കര്‍ സ്ഥലം പ്രത്യേക ടൗണ്‍ഷിപ്പായി വികസിപ്പിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കും. വിമാനത്താവളത്തിന്റെ ഭാവിയിലുള്ള വളര്‍ച്ചയെ കൂടി മുന്‍കൂട്ടിക്കണ്ടാണ് നിലവില്‍ ഭൂമിയേറ്റെടുക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ മികച്ച വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള വിമാനത്താവളം നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും ആവശ്യമായി കാണണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രമായി കരിപ്പൂരിനെ നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.