യൂത്ത് കോണ്‍ഗ്രസ് മതേതര യുവസംഗമം

Posted on: August 9, 2016 1:31 am | Last updated: August 9, 2016 at 1:31 am

youth congress copyകൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ആഗസ്റ്റ് 15ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ മതേതര യുവസംഗമം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ദിഗ് വിജയസിംഗ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പ്രത്യേകം തയാറാക്കിയ സ്വാതന്ത്ര്യ സ്മൃതി നഗറിലാണ് യുവസംഗമം നടക്കുക. യുവത്വം ദേശീയ സമന്വയത്തിന് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുവസംഗമം. രാജ്യവ്യാപകമായി വര്‍ഗീയതക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായാണ് രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനത്തില്‍ വിപുലമായ പരിപാടി സംഘടിപ്പിക്കുക. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ ബ്രാര്‍ തുടങ്ങി ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തില്‍ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യ അനുസ്മരണവും വര്‍ഗീയ വിരുദ്ധ ജനാധിപത്യ സംരക്ഷണ പ്രതിജ്ഞയും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ടി.ജി. സുനില്‍, ദീപക് ജോയ്, അജിത് അമീര്‍ ബാവ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.