അമേരിക്കയുടെ പരാമര്‍ശങ്ങള്‍ അനുചിതം: പാക്കിസ്ഥാന്‍

Posted on: August 9, 2016 5:32 am | Last updated: August 9, 2016 at 12:32 am

ഇസ്‌ലാമാബാദ്: കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരെ അമേരിക്ക നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതവും സ്വയം നിഷേധിക്കുന്നതുമാണെന്ന് പാക്കിസ്ഥാന്‍. തീവ്രവാദികള്‍ അയല്‍ക്കാര്‍ക്കെതിരെ തിരിയുമ്പോള്‍ പാക്കിസ്ഥാന്‍ തിരഞ്ഞെടുത്ത തീവ്രവാദ സംഘങ്ങളെ മാത്രമേ ലക്ഷ്യംവെക്കുന്നുള്ളൂവെന്ന അമേരിക്കയുടെ നിയുക്ത വക്താവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. പാക്കിസ്ഥാന്റെ ദേശീയ സുരക്ഷാ താത്പര്യങ്ങളെ മുന്‍ നിര്‍ത്തിയാണിത്. അമേരിക്ക നടത്തിയ പരാമര്‍ശങ്ങള്‍ അസ്ഥാനത്തുള്ളതും യഥാര്‍ഥ വസ്തുതകളെ മറന്നുള്ളതുമാണെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ ഓഫീസ് വക്താവ് നഫീസ് സക്കരിയ പറഞ്ഞു. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനത്തില്‍ പാക്കിസ്ഥാന്റെ നേട്ടങ്ങളെ അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ മാക് കെയ്‌നും മറ്റ് ജനപ്രതിനിധികളും അംഗീകരിച്ചതാണെന്നും സക്കരിയ പറഞ്ഞു.
അയല്‍രാജ്യങ്ങളെ ആക്രമിക്കുന്ന തീവ്രവാദി സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും തങ്ങള്‍ക്ക് ഭീഷണിയാകുന്ന തീവ്രവാദി സംഘങ്ങളെ മാത്രം ലക്ഷ്യം വെക്കരുതെന്നും കഴിഞ്ഞ ദിവസം ശക്തമായ ഭാഷയില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിയുക്ത വക്താവ് മാര്‍ക് ടോണര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യന്‍ ചാരനെ പിടികൂടിയപ്പോള്‍ അമേരിക്കയുടെ ഭാഗത്തുനിന്നും യാതൊരുവിധ പ്രതികരണവുമുണ്ടായില്ല. പാക്കിസ്ഥാനിലെ തീവ്രവാദികളെ സഹായിക്കുന്നതില്‍ ഇന്ത്യക്കുള്ള പങ്ക് സംബന്ധിച്ച് പിടിയിലായ ചാരന്‍ കുറ്റസമ്മതം നടത്തിയതാണെന്നും സക്കരിയ പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ച് പാക്കിസ്ഥാനെ ശിഥിലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അയല്‍രാജ്യം നടത്തുന്നുണ്ടെന്നും ഇന്ത്യയുടെ പേരെടുത്ത് പറയാതെ സക്കരിയ പറഞ്ഞു.