സ്വകാര്യ ബസുകള്‍ ഇനി സൂപ്പറാകേണ്ട

Posted on: August 9, 2016 6:01 am | Last updated: August 9, 2016 at 12:31 am
SHARE

BUS_1602747fന്യൂഡല്‍ഹി: സ്വകാര്യ ബസുകള്‍ക്ക് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് പെര്‍മിറ്റുകള്‍ നല്‍കേണ്ടെന്ന് സുപ്രീം കോടതി. സ്വകാര്യ ബസുടമകളുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സ്വകാര്യ ബസുടമകള്‍ നല്‍കിയ ഹരജിയിലാണ് പരമോന്നത കോടതി നിലപാട് വ്യക്തമാക്കിയത്. ഇതോടൊപ്പം സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനം സര്‍ക്കാറിന് സ്വീകരിക്കാമെന്നും കോടതി നിരീക്ഷിച്ചു.
ഉയര്‍ന്ന ക്ലാസ് പെര്‍മിറ്റുകള്‍ സ്വകാര്യ ബസുകള്‍ക്ക് നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതാണ് ശരിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വകാര്യ ബസുകള്‍ക്ക് ഓര്‍ഡിനറി, ലിമിറ്റഡ് പെര്‍മിറ്റുകള്‍ മാത്രമേ അനുവദിക്കാന്‍ കഴിയുകയുള്ളൂവെന്ന സംസ്ഥാന സര്‍ക്കാറിന്റെ നയം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
നേരത്തെ ഹൈക്കോടതിയും സര്‍ക്കാര്‍ നയം അംഗീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ബസുടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. 2013ല്‍ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് സ്വകാര്യ ബസുകള്‍ക്ക് ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് തീരുമാനിച്ചത്. നിലവില്‍ ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലോട്ടുള്ള സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് കാലാവധി തീരുന്നതുവരെ സര്‍വീസ് തുടരാനും സര്‍ക്കാര്‍ അന്ന് അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് വിജ്ഞാപനവും പുറത്തിറക്കിയിരുന്നു. സ്വകാര്യ ബസുകള്‍ സൂപ്പര്‍ ഫാസ്റ്റും ഫാസ്റ്റ് പാസഞ്ചറും ആക്കുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പടെ നല്‍കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന കാരണത്താലാണ് ഇത്തരമൊരു വിജ്ഞാപനം ഇറക്കിയത്.
പെര്‍മിറ്റ് കാലാവധി തീരുന്നതതിനനുസരിച്ച് കെ എസ് ആര്‍ ടി സി ഈ സര്‍വീസുകള്‍ ഏറ്റെടുത്തുവരികയാണ്. ഇത്തരം നിരവധി റൂട്ടുകള്‍ കെ എസ് ആര്‍ ടി സി ഏറ്റെടുത്ത് സര്‍വീസ് നടത്തുന്നുണ്ട്. ഇതോടൊപ്പം മുഴുവന്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളും ഏറ്റെടുക്കാന്‍ കെ എസ് ആര്‍ ടി സി തയ്യാറാണെന്ന് സുപ്രീം കോടതിയെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here