Connect with us

Kerala

മാണി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ദുരുദ്ദേശപരം:രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം:യു.ഡി.എഫ് മുന്നണി വിട്ട് കേരള കോണ്‍ഗ്രസ് (എം) ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിനും നേതാക്കള്‍ക്കുമെതിരെ കെ.എം മാണി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ദുരുദ്ദേശപരമാണ്. വ്യക്തമായ കാരണങ്ങള്‍ പറയാതെയാണ് കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിടാന്‍ തീരുമാനമെടുത്തതെന്നും ചെന്നിത്തല പറഞ്ഞു.
കെ.എം മാണിയെ ഒരു ഘട്ടത്തിലും തള്ളിപ്പറയാനോ ദുര്‍ബലപ്പെടുത്താനോ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. മാണിയോടും കേരളാ കോണ്‍ഗ്രസിനോടും കോണ്‍ഗ്രസ് എന്നും പുലര്‍ത്തിയിരുന്നത് നല്ല സമീപനമാണ്. മൂന്നാംകക്ഷിയെന്ന നിലയിലുള്ള പ്രാധാന്യം എന്നും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഘടകക്ഷികളുടെ പരാതികള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്നതാണ് സമീപനം. കേരള കോണ്‍ഗ്രസ് പറഞ്ഞ കാരണങ്ങള്‍ ബന്ധം അവസാനിപ്പിക്കാന്‍ തക്ക കാരണമായി കരുതുന്നില്ലെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മാണിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ യു.ഡി.എഫില്‍ ഉന്നയിക്കാമായിരുന്നു. യു.ഡി.എഫിലെ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു മാണി. പരാതികള്‍ ചര്‍ച്ചയ്ക്കുവച്ച് പരിഹരിക്കാനുള്ള ശ്രമമുണ്ടായില്ല. പ്രശ്‌നങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ചര്‍ച്ചയ്ക്ക് നേതാക്കളെ ചുമതലപ്പെടുത്തിയിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വെല്ലുവിളിയുടെ കാലത്ത് മാണി മുന്നണി വിട്ടുപോയത് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെ.എം. മാണിയുടെ ആരോപണങ്ങള്‍ തള്ളി രമേശ് ചെന്നിത്തല. മാണിക്കെതിരെ ഒരു ഗൂഢനീക്കവും ആരും നടത്തിയിട്ടില്ല. മാണിക്കെതിരെ പരാതി നല്‍കിയത് വി.എസ്. അച്യുതാനന്ദനാണ്. ആ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ നടപടിയെടുത്തു. അത് പാടില്ലെന്ന് പറയാന്‍ അഭ്യന്തരമന്ത്രിയായിരുന്ന തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ വിജിലന്‍സ് നിര്‍ബന്ധിതരായി. കെ. ബാബുവിനെതിരെയുള്ള പരാതി മൊഴിയോ തെളിവോ ലഭിക്കാത്തതിനാല്‍ തള്ളി. രണ്ടു കേസിലും മന്ത്രിയെന്ന നിലയില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

മാണി നിരപരാധിയെന്ന് തന്നെയാണ് താനും യു.ഡി.എഫും ആവര്‍ത്തിച്ചത്. പിന്നീട് ത്വരിതാന്വേഷണവും കഴിഞ്ഞ് മാണിക്ക് ക്ലീന്‍ ചീറ്റ് ലഭിച്ചതും കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് തന്നെയാണ്. ഇന്നും മാണി നിരപരാധിയെന്ന് താനും കോണ്‍ഗ്രസും വിശ്വസിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തെറ്റിദ്ധാരണ കൊണ്ടാകാം തന്നെ വേട്ടയാടുന്നതെന്നും കൂട്ടിചേര്‍ത്തു.