Connect with us

Business

പണപ്പെരുപ്പം നാല് ശതമാനം റേഞ്ചില്‍ പിടിച്ചുകെട്ടാന്‍ ധനമന്ത്രാലയം

Published

|

Last Updated

നാണയപ്പെരുപ്പം അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ നിയന്ത്രണത്തില്‍ വരുത്താന്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് കേന്ദ്രം. 2021 വരെയുള്ള അഞ്ച് വര്‍ഷ കാലയളവില്‍ പണപ്പെരുപ്പം നാല് ശതമാനം റേഞ്ചില്‍ പിടിച്ചു കെട്ടാനുള്ള നീക്കത്തിലാണ് ധനമന്ത്രാലയം. കാലവര്‍ഷം അനുകൂലമായത് വരും മാസങ്ങളില്‍ നാണയപ്പെരുപ്പം ഉയരുന്നതിനെ തടഞ്ഞു നിര്‍ത്തും. അടുത്ത രണ്ട് വര്‍ഷം കൂടി രാജ്യത്ത് മണ്‍സൂണ്‍ സജീവമായാല്‍ ഗ്രാമീണ മേഖലയുടെ സാമ്പത്തിക നില ഭദ്രതയിലേക്ക് നീങ്ങും. കഴിഞ്ഞ വാരം ബോംബെ സൂചിക 26 പോയിന്റും നിഫ്റ്റി 44 പോയിന്റും വര്‍ധിച്ചു.
ചരക്ക് സേവന ബില്ലിനെ കുറിച്ചുള്ള ആശങ്കകള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി. ചരക്ക് സേവനം നടപ്പിലാക്കിയാല്‍ പണപ്പെരുപ്പത്തില്‍ കാര്യമായ ആഘാതത്തിന് ഇടവരില്ലെന്നാണ് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസേറ്റഴ്‌സ് സര്‍വീസ് വിലയിരുത്തല്‍.
നിഫ്റ്റി സൂചിക 8518 ല്‍ നിന്ന് 8710 വരെ ഉയര്‍ന്നു. വാരാന്ത്യ ക്ലോസിംഗില്‍ സൂചിക 8683 പോയിന്റിലാണ്. ഈ വാരം നിഫ്റ്റിക്ക് 8756-8829 പ്രതിരോധവും 8564-8445 ല്‍ താങ്ങുമുണ്ട്.
ബി എസ് ഇ സൂചിക 28,262 പോയിന്റ് വരെ കയറിയ ശേഷം വാരാന്ത്യം സൂചിക 28,078 ലാണ്. ഈ വാരം സൂചികയുടെ തടസം 28,347-28,616 പോയിന്റിലാണ്. വിപണിയുടെ താങ്ങ് 27,723-27,368 ലാണ്.
മുന്‍ നിര ഓഹരിയായ ടാറ്റാ സ്റ്റീല്‍ ഏഴ് ശതമാനം ഉയര്‍ന്നു. ബജാജ് ഓട്ടോ, മാരുതി സുസുക്കി, ഹീറോ മോട്ടോര്‍ കോര്‍പ്പ് തുടങ്ങിയവയും മികവിലാണ്. എന്നാല്‍ മുന്‍ നിര ഓഹരിയായ ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി, എല്‍ ആന്‍ഡ് റ്റി, ലുപിന്‍, ഇന്‍ഫോസീസ് എന്നിവ തളര്‍ച്ചയിലാണ്.
വിനിമയ വിപണിയില്‍ അമേരിക്കന്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 25 പൈസ ഉയര്‍ന്ന് വാരാന്ത്യം 66.82 ലാണ്. വിദേശ ഫണ്ടുകള്‍ പിന്നിട്ടവാരം 2835 കോടി രൂപ നിക്ഷേപിച്ചു. മുന്‍ നിരയിലെ ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 16,445 കോടി രൂപയുടെ വര്‍ധന. റ്റി സി എസിന്റെ വിപണി മൂല്യത്തില്‍ 5980 കോടി രൂപ ഉയര്‍ന്നു.
ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ പലതും നഷ്ടത്തിലാണ്. യൂറോപ്യന്‍ മാര്‍ക്കറ്റുകള്‍ ശക്തമായ നിലയിലും. യു എസ് തൊഴില്‍ മേഖലയില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളാണ് യൂറോപ്യന്‍ നിക്ഷേപകരെ ആകര്‍ഷിച്ചത്. അമേരിക്കയില്‍ ഡൗ ജോണ്‍സ് സൂചിക 18,543 പോയിന്റിലും എസ് ആന്‍ഡ് പി 500 ഇന്‍ഡക്‌സ് 2182 ലും നാസ്ഡാക് 5225 പോയിന്റിലുമാണ്. ബ്രിട്ടന്‍ പലിശ നിരക്കില്‍ മാറ്റം വരുത്തി. ഏഴ് വര്‍ഷത്തിനിടയില്‍ ആദ്യമായി ബേങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കില്‍ മാറ്റം വരുത്തി. ഡോളര്‍ ഇന്‍ഡക്‌സിന്റെ തിളക്കം പ്രമുഖ നാണയങ്ങള്‍ക്ക് മുന്നില്‍ യു എസ് ഡോളറിന്റെ മൂല്യം ഉയര്‍ത്തി. ഡോളറിന്റെ തിളക്കം മൂലം സ്വര്‍ണ വില വാരാന്ത്യം ഔണ്‍സിന് 1335 ഡോളറായി താഴ്ന്നു. ക്രൂഡ് ഓയില്‍ ബാരലിന് 41 ഡോളറിലാണ്.

Latest