പൂഞ്ഞാറില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ചെന്നിത്തല ഇടപെട്ടെന്ന് കേരളാ കോണ്‍ഗ്രസ്

Posted on: August 7, 2016 11:39 am | Last updated: August 7, 2016 at 3:01 pm
SHARE

KERALA CONGRESS M- MANIപത്തനംതിട്ട: ചരല്‍ക്കുന്ന് ക്യാമ്പില്‍ രണ്ടാം ദിനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ്. പൂഞ്ഞാറില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ട് ഇടപെട്ടെന്ന ക്യാമ്പില്‍ ആരോപണമുയര്‍ന്നു. ഇതിനായി ചെന്നിത്തല പണം ഒഴുക്കിയെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബോധപൂര്‍വ്വമായ ശ്രമം നടത്തിയെന്നും ചരല്‍ കുന്ന് ക്യാമ്പിലെ പ്രമേയത്തില്‍ പറയുന്നു.

പൂഞ്ഞാറില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ച രമേശ് ചെന്നിത്തല പി സി ജോര്‍ജ്ജിനെതിരെ ഒരുവാക്ക് പോലും മിണ്ടിയില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പാലായില്‍ മാണിയെ തോല്‍പിക്കാനുള്ള നീക്കം നടന്നുവെന്നും ഇത് പൊറുക്കാനാവില്ലെന്നും അഭിപ്രായമുയര്‍ന്നു. എം.എം.ജേക്കബാണ് പാലായില്‍ മാണിയെ തോല്‍പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്‌ടെന്നും നേതാക്കള്‍ വ്യക്തമാക്കി. ബിജെപിയുമായി സഖ്യത്തിന് ഇല്ലെന്നാണ് കേരളാ കോണ്‍ഗ്രസ് നിലപാട്.
പാലാ, പൂഞ്ഞാര്‍, എന്നീ മണ്ഡലങ്ങള്‍ക്കു പുറമേ ഏറ്റുമാനൂര്‍, തിരുവല്ല തുടങ്ങിയ മണ്ഡലങ്ങളിലും കാലുവാരല്‍ നടന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരുവല്ലയില്‍ പി.ജെ. കുര്യന്‍ അടക്കമുള്ള നേതാക്കള്‍ ജോസഫ്. എം. പുതുശേരിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തലുണ്ടായി. എന്നാല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിക്കേണ്‌ടെന്നും ക്യാമ്പില്‍ അഭിപ്രായമുയര്‍ന്നു. തൃശൂര്‍,ഇടുക്കി,എറണാകുളം ജില്ലാക്കമ്മിറ്റികളാണ്് അഭിപ്രായം വ്യക്തമാക്കിയത്.

എന്‍ഡിഎയുമായുള്ള ബന്ധം വേണ്‌ടെന്ന പൊതുവികാരമാണ് ക്യാമ്പില്‍ ഉയര്‍ന്നതെന്നാണ് സൂചന. അത്തരമൊരു നീക്കമുണ്ടായാല്‍ അത് ആത്മഹത്യാപരമായ തീരുമാനമായിരിക്കുമെന്നും ക്യാമ്പില്‍ അഭിപ്രായമുണ്ടായി. അതേസമയം പാലായില്‍ മാണിയെ താന്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം അസംബന്ധമാണെന്ന് എംഎം ജേക്കബ് പറഞ്ഞു. പരസ്പരം മത്സരിച്ചപ്പോഴുണ്ടായ വിദ്വേഷം മാണി ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് വിടുകയാണെന്ന് പറയാതെ പറഞ്ഞ് ശരിദൂരം മുന്നോട്ട് വെച്ച കെ.എം മാണിയുടെയും കൂട്ടരുടെയും ചരല്‍ക്കുന്ന് ക്യാംപ് ഇന്നാണ് അവസാനിക്കുന്നത്. ചതിച്ചെന്നോ വഞ്ചിച്ചെന്നോ കേരള കോണ്‍ഗ്രസ് ഇതുവരെ യുഡിഎഫില്‍ പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. കെ.എം മാണി ഔദ്യോഗികമായി ഇതുവരെ പരാതികള്‍ നല്‍കിയിട്ടില്ല. പിന്നെ ഇപ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. കേരളകോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here