കൈക്കൂലി നല്‍കിയില്ല; യുവാക്കളെ പോലീസ് മര്‍ദിച്ചു കൊന്നു

Posted on: August 6, 2016 11:41 pm | Last updated: August 6, 2016 at 11:41 pm

crimeമെയ്ന്‍പുരി (യു പി): കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ച യുവാക്കളെ പോലീസ് മര്‍ദിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ മെയ്ന്‍പുരിയിലാണ് സംഭവം. രോഷാകുലരായ ജനക്കൂട്ടം ഔട്ട്‌പോസ്റ്റിലെ പോലീസുകാരെ മര്‍ദിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ച യുവാക്കളെ പോലീസ് മര്‍ദിച്ച ശേഷം കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. പോലീസുകാരനെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
ട്രാക്ടറില്‍ കല്ലുമായി വരികയായിരുന്ന യുവാക്കളെ പോലീസ് തടഞ്ഞുനിര്‍ത്തി 1,200 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാക്കളെ മര്‍ദിച്ച ശേഷം സമീപത്തുള്ള കുളത്തിലേക്ക് തള്ളിയിട്ടു. എന്നാല്‍, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുളത്തില്‍ വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളായ ദിലീപ് യാദവ്, പങ്കജ് യാദവ് എന്നിവരാണ് കൊല്ലപ്പെട്ടത്.
യുവാക്കള്‍ക്ക് മര്‍ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള പോലീസുകാരനും രണ്ട് കോണ്‍സ്റ്റബിളിനും രണ്ട് ഹോം ഗാര്‍ഡിനുമെതിരെ കേസെടുത്തു. ഇവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ഔട്ട്‌പോസ്റ്റിലുള്ള പോലീസുകാരെ മര്‍ദിച്ചു. കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. കാണ്‍പൂരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ മര്‍ദിച്ച ശേഷം തൂക്കിക്കൊന്നിരുന്നു.