ഇസില്‍ ഭീഷണി ചെറുക്കാന്‍ ക്യാമ്പയിന്‍ തുടരും: ഒബാമ

Posted on: August 6, 2016 5:53 am | Last updated: August 6, 2016 at 12:54 am

വാഷിംഗ്ടണ്‍: ഇസില്‍ ഭീകരര്‍ ലോകത്തിന് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ഇവര്‍ക്കെതിരായ ക്യാമ്പയിന്‍ തുടരുമെന്നും യു എസ് പ്രസിഡന്റ് ബരാക് ഒബാമ. പെന്റഗണിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇസിലിനെതിരായ നിലപാട് കടുപ്പിച്ചുകൊണ്ട് ഒബാമയുടെ പ്രസ്താവന. രാജ്യത്തെ ഭീകര ആക്രമണങ്ങള്‍ക്ക് നേരിട്ടും അല്ലാതെയുമായി ഇസില്‍ കാരണക്കാരാകുന്നുണ്ടെന്നും ‘ഒറ്റപ്പെട്ട ചെന്നായ’യെ പോലെ തീവ്രവാദി സംഘം മാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്താകമാനമുള്ള ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്ന വിധത്തിലേക്ക് ഇസിലിന്റെ പ്രവര്‍ത്തനം മാറിയിട്ടുണ്ട്. അടുത്തിടെയുണ്ടായ നിരവധി തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസിലിന്റെ സ്വാധീനം കാണാന്‍ സാധിക്കും. 84 പേരുടെ മരണത്തിന് കാരണമായ ഫ്രാന്‍സിലെ ലോറി ഇടിച്ചുകയറ്റിയുള്ള ആക്രമണവും ഫ്‌ളോറിഡയിലെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പും ഇതിന് ഉദാഹരണമാണ്. ഇസില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത ഈ രണ്ട് ആക്രമണങ്ങളിലും അവര്‍ക്ക് നേരിട്ട് ബന്ധമുണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍, ഇസില്‍ ശക്തികളുടെ സ്വാധീനമാണ് ആ ആക്രമണങ്ങള്‍ക്ക് കാരണമായതെന്ന് ഉറപ്പിച്ചു പറയാം.
ഇസില്‍ ശൃംഖല ഭേദിക്കാന്‍ യു എസ് ശക്തമായ നപടി തന്നെ സ്വീകരിക്കും. ഇസില്‍ സ്വാധീനം തകര്‍ക്കാന്‍ ഇന്റര്‍നെറ്റ് സന്ദേശങ്ങള്‍ തടയുന്ന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. യൂറോപ്പില്‍ ഇസില്‍ സ്വാധീനം കൂടുതല്‍ സജീവമാണ്.
അതേസമയം, ഇസില്‍ സ്വാധീനത്തില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്താന്‍ മുസ്‌ലിംകളെ ഇല്ലായ്മ ചെയ്യണമെന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടില്‍ ഒബാമ ആശങ്ക അറിയിച്ചു.
ഇസില്‍ വിഷയത്തില്‍ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും സാധാരണക്കാരെ കൊലപ്പെടുത്തിയും മതത്തെ നിന്ദിച്ചും നടപടികളെടുക്കുന്നത് വിപരീത ഫലം ഉളവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.