ഗുജറാത്ത് സംവരണ ഓര്‍ഡിനന്‍സ് ഹൈക്കോടതി റദ്ദാക്കി

Posted on: August 5, 2016 6:00 am | Last updated: August 4, 2016 at 11:53 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രി രാജിവെച്ചതിനു പിന്നാലെ ബി ജെ പിക്ക് വീണ്ടും തിരിച്ചടി. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുന്ന ഓര്‍ഡിനന്‍സ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ വിഭാഗക്കാര്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ അനുനയ ശ്രമത്തിന്റെ ഭാഗമായാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നത്. സുപ്രീം കോടതിയെ സമീപിക്കുന്നതിന് സര്‍ക്കാറിന് രണ്ടാഴ്ച സമയം അനുവദിച്ചു.
മെയ് ഒന്നിന് പുറത്തിറക്കിയ ഓര്‍ഡിനന്‍സ് അനുചിതവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഢി, ജസ്റ്റിസ് വി എം പഞ്ചോലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. പൊതുവിഭാഗത്തില്‍ ഉപ വിഭാഗമുണ്ടാക്കുക മാത്രമാണ് ചെയ്തതെന്ന സര്‍ക്കാറിന്റെ വാദം കോടതി തള്ളി.
വാര്‍ഷിക വരുമാനം ആറ് ലക്ഷത്തിന് താഴെയുള്ള സംവരണേതര വിഭാഗത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികള്‍ക്കും പത്ത് ശതമാനം സംവരണം നല്‍കണമെന്നതാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. ഇതോടെ ആകെ സംവരണം അമ്പത് ശതമാനം കവിയുമെന്നും ഇത് സുപ്രീം കോടതിയുടെ വിധിക്ക് എതിരാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ മാറ്റി പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ബി ജെ പിക്ക് തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതി വിധി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബി ജെ പി നേതൃത്വം വ്യക്തമാക്കി. വിധിയെ പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍ സ്വാഗതം ചെയ്തു.