എക്‌സൈസിന്റെ മെഡിക്കല്‍ ഷോപ്പ് പരിശോധനക്കെതിരെ സ്വകാര്യ ഫാര്‍മസിസ്റ്റുകള്‍

Posted on: August 4, 2016 9:45 am | Last updated: August 4, 2016 at 9:45 am

കോഴിക്കോട്: എക്‌സൈസ് വകുപ്പ് ആരംഭിച്ച മെഡിക്കല്‍ ഷോപ്പ് പരിശോധനക്കെതിരെ സ്വകാര്യ ഫാര്‍മസിസ്റ്റുമാര്‍. ജൂണ്‍ മാസത്തെ ഉത്തരവ് പ്രകാരമാണ് മെഡിക്കല്‍ ഷോപ്പുകളില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്. എന്നാല്‍ എക്‌സൈസ് വകുപ്പിന്റെ പരിശോധന നിയമവിരുദ്ധമാണെന്നാണ് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്. എല്ലാ ഔഷധ വിതരണ സ്ഥാപനങ്ങളും പരിശോധിക്കുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനെ അധികാരപ്പെടുത്തിയിരിക്കെ എക്‌സൈസ് വകുപ്പിന്റെ ഇപ്പോഴത്തെ പരിശോധന ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് സംസ്ഥാന പ്രസിഡന്റ് പി പ്രവീണും ജനറല്‍ സെക്രട്ടറി ഗലീലിയോ ജോര്‍ജും വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ നിയമ വിരുദ്ധമായ പരിശോധന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഏത്തരത്തിലുള്ള ഔഷധവും കേരളത്തില്‍ എവിടെയെങ്കിലും കൂടുതലായി വിറ്റഴിക്കപ്പെടുന്നുണ്ടെങ്കില്‍ പ്രസ്തുത സ്ഥലത്തെ മൊത്ത വ്യാപാരിയെയോ ചില്ലറ വ്യാപാരിയെയോ നിമിഷങ്ങള്‍ക്കുളളില്‍ കണ്ടെത്താന്‍ സാധിക്കുമെന്നിരിക്കെ എല്ലാ ഔഷധ വ്യാപാരികളെയും ഫാര്‍മസിസ്റ്റുകളെയും സംശയ മുനയില്‍ നിര്‍ത്തുകയാണ് എക്‌സൈസ് ഉദ്യാഗസ്ഥര്‍ ചെയ്യുന്നതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. മാനസിക രോഗത്തിനും അപസ്മാരത്തിനും ന്യൂറോ വിഭാഗത്തിലും ഉപയോഗിക്കുന്ന മരുന്നുകള്‍ പൂര്‍ണമായും എക്‌സൈസ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാക്കണമെന്ന വാദം അപ്രായോഗികമാണ്. രാജ്യത്തെ നിയമ പ്രകാരം ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിതരണം ചെയ്യാന്‍ പാടില്ലാത്ത മരുന്നുകള്‍ പരിശോധിക്കാന്‍ ഡ്രഗ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് മാത്രമെ അധികാരമുള്ളു. ഫാര്‍മസിയില്‍ ഉന്നത ബിരുദം നേടിയ വകുപ്പ് ഉദ്യോഗസ്ഥന് മരുന്നുകളെ കുറിച്ചും അവയുടെ ഉപയോഗത്തെ കുറിച്ചും പ്രതിപ്രവര്‍ത്തനത്തെ കുറിച്ചും ദുരുപയോഗത്തെ കുറിച്ചും ആധികാരമായി പറയാനാകും. എന്നാല്‍ അലോപ്പതി മരുന്നുകളെ കുറിച്ച് യാതൊരു പരിജ്ഞാനവുമില്ലാത്ത എക്‌സൈസ് ഉദ്യാഗസ്ഥരുടെ പരിശോധന ഈ രംഗത്ത് അരക്ഷിതാവസ്ഥയും ഔഷധ ദൗര്‍ലഭ്യവും ഉണ്ടാക്കുമെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. മരുന്ന് പരിശോധനക്ക് അധികാരപ്പെടുത്തിയ ഏത് ഉദ്യോഗസ്ഥരുടെയും പരിശോധന സംഘടന സ്വാഗതം ചെയ്യും. ഈ രംഗത്ത് കള്ളനാണയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെയും പിന്തുണക്കും. നിയമവിരുദ്ധമായി നടക്കുന്ന പരിശോധന സംബന്ധിച്ച് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വിശദീകരണം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ജയന്‍ കോറോത്ത്, പി എം സുരേഷ് എന്നിവരും പങ്കെടുത്തു.