പ്രവാസി പുനരധിവാസം പ്രസ്താവനകളിലൊതുക്കരുത്: ഐ സി എഫ്‌

Posted on: August 4, 2016 4:16 am | Last updated: August 4, 2016 at 12:17 am
SHARE

ജിദ്ദ: സഊദിയില്‍ തൊഴിലാളി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രതിനിധികളെ അയച്ച് പരിഹാര ശ്രമങ്ങള്‍ തേടുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം ശ്ലാഘനീയമാണെന്നും ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തേയും രാജ്യത്തിന്റെ സാമ്പത്തികാടിത്തറയേയും പ്രതികൂലമായേക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാറുകളുടെ വിവിധ യൂനിറ്റുകള്‍, എംബസി, പ്രവാസി സന്നദ്ധ സംഘടനകള്‍ എന്നിവയുടെ ഏകോപനം സാധ്യമാക്കി ക്രിയാത്മകമായി ഇടപെടണമെന്ന് ഐ. സി. എഫ് ജിദ്ദാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിന്റെ വരുമാനത്തിലേക്ക് മുപ്പത് ശതമാനത്തിലേറെ പങ്ക് നല്‍കുന്ന ഗള്‍ഫ് പ്രവാസികള്‍ സ്വദേശിവത്കരണത്തിലും മറ്റും ജോലിയും ആനുകൂല്യങ്ങളും നഷ്ടപ്പെട്ട് തിരിച്ചു പോക്കിന്റെ വഴിയിലാണ്. പ്രവാസികളുടെ ക്ഷേമങ്ങള്‍ക്കായി ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കി പുനരധിവാസ പ്രവര്‍ത്തനങ്ങളെ അടിയന്തിരമായി നടപ്പിലാക്കാന്‍ തയ്യാറാവണമെന്ന് അബ്ദുല്‍ മജീദ് സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐ. സി. എഫ് ജിദ്ദാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിലവില്‍ സംജാതമായിട്ടുള്ള സാഹചര്യങ്ങളില്‍ സഊദിയില്‍ തൊഴില്‍ നഷ്ടമായ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി ഇഖാമ പുതുക്കി നല്‍കാനും തിരിച്ചു വരാന്‍ തടസ്സമില്ലാത്ത രീതിയില്‍ സൗജന്യ എക്‌സിറ്റ് വിസ നല്‍കാനും സൗമനസ്യം കാണിച്ച സഊദി അധികൃതരുടെ നടപടികള്‍ പ്രശംസനീയമാണെന്നും നേതാക്കള്‍ പറഞ്ഞു.
വലിയൊരു വിഭാഗം ജനങ്ങളെ പ്രാരാബ്ധങ്ങളിലേക്ക് തള്ളപ്പെടാനുള്ള സാഹചര്യം സര്‍ക്കാര്‍ ഇടപെട്ട് ഇല്ലാതാക്കണം. ജോലി നഷ്ടപ്പെട്ട് വരുന്നവര്‍ക്കോ ആശ്രിതര്‍ക്കോ പലിശ രഹിത കടാശ്വാസം നല്‍കണം. ഗവണ്‍മെന്റ് ജോലികളില്‍ പ്രത്യേക മുന്‍ഗണനയും വ്യവസായങ്ങളില്‍ പരിശീലനവും അവസരവും നല്‍കണം. ഗള്‍ഫില്‍ ജോലി ഉണ്ടാായിരുന്നു എന്ന കാരണത്താല്‍ മാത്രം സകല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട വിഭാഗമാണ് ഇന്ന് കേരളത്തിലെ ഗള്‍ഫ് പ്രവാസികള്‍.
തിരിച്ചെത്തിയ പലരും പലിശയും സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഭയന്ന് പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങളും സഹായങ്ങളും സ്വീകരിക്കാനാവാതെ മാറി നില്‍ക്കുന്ന സാഹചര്യവും നിലവിലുണ്ട്. നല്‍കുന്ന സഹായങ്ങളെ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുന്ന നയം സ്വീകരിക്കണമെന്നും ഐ. സി. എഫ് ഭാരവാഹികളായഅബ്ദുല്‍ റഹ്മാന്‍ മളാഹിരി, മുജീബ് ഏ ര്‍ നഗര്‍, അബ്ദുറബ്ബ് ചെമ്മാട്, ബശീര്‍ പറവൂര്‍ തുടങ്ങിയ വര്‍ ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here