Connect with us

Gulf

വ്യാജ പാസ്‌പോര്‍ട്ടുകളില്‍ വന്ന് കവര്‍ച്ച നടത്തിയ സംഘത്തിന് ജയില്‍

Published

|

Last Updated

ദോഹ: രാജ്യത്തേക്ക് വ്യാജ പാസ്‌പോര്‍ട്ടുകളില്‍ പ്രവേശിച്ച് കവര്‍ച്ച നടത്തിയ കേസില്‍ നാലു ഏഷ്യന്‍ രാജ്യക്കാര്‍ക്ക് തടവു ശിക്ഷ. വ്യജമായി ഉണ്ടാക്കിയ യൂറോപ്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് പ്രതികള്‍ രാജ്യത്തെത്തിയത്. എളുപ്പത്തില്‍ വിസ ലഭിക്കാന്‍ വേണ്ടിയായിരുന്നു ഈ വിദ്യ. പ്രതികളില്‍ മൂന്നു പേര്‍ക്ക് 13 വര്‍ഷം വീതവും ഒരാള്‍ക്ക് എട്ടു വര്‍ഷവുമാണ് ദോഹ ക്രമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ കഴിഞ്ഞാല്‍ പ്രതികളെ നാടു കടത്തും.
കവര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചില്ലെന്നു കണ്ടെത്തിയാണ് നാലാം പ്രതിയുടെ തടവുശിക്ഷ കുറച്ചത്. ദോഹയിലെ സ്വര്‍ണ വ്യാപാര മേഖലയലെ ഒരു ജ്വല്ലറിയില്‍ നിന്നുമാണ് സംഘം കവര്‍ച്ച നടത്തിയത്. ഷോപ്പിന്റെ ഡോര്‍ പൊളിച്ച് അകത്ത് കടന്ന സംഘം ചുവര്‍ തുരന്ന് അടുത്ത ഷോപ്പുകളില്‍ മോഷണം നടത്തുകയായിരുന്നു.
ആഭരണങ്ങള്‍, ലക്ഷ്വറി വാച്ചുകള്‍ തുടങ്ങി 8.45 ദശലക്ഷം റിയാല്‍ വില വരുന്ന വസ്തുക്കളാണ് കവര്‍ന്നത്. തെളിവുകള്‍ നശിപ്പിക്കുന്നതിനായി സി സി ടി വി ക്യാമറയും സംഘം എടുത്തു കൊണ്ടുപോയി. സംഭവത്തെത്തുടര്‍ന്ന് സമഗ്രമായ അന്വേഷണം ആരംഭിച്ച പോലീസ് വൈകാതെ തന്നെ പ്രതികളെ പിടികൂടി.
പരിസര പ്രദേശത്ത് ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു സംഘം. വാടകക്കെടുത്ത വാഹനമാണ് പ്രതികള്‍ കവര്‍ച്ചക്കായി ഉപയോഗിച്ചിരുന്നത്. ഇവര്‍ ഉപയോഗിച്ച ആയുധങ്ങള്‍ അറസ്റ്റിനു ശേഷം കണ്ടെടുത്തു. പ്രതികളിലൊരാള്‍ നേരത്തേ രാജ്യത്തേക്കു പ്രവേശിച്ച് മോഷണം നടത്തി പുറത്തു പോയിരുന്നു. ഇതേ മാതൃകയില്‍ രക്ഷപ്പെടാമെന്ന വിശ്വാസത്തിലായിരുന്നു സംഘം.