മാണി ഇടഞ്ഞു തന്നെ;എന്‍ എസ് എസ് നേതൃത്വം ഇടപെടുന്നു

Posted on: August 3, 2016 9:47 am | Last updated: August 3, 2016 at 9:47 am

MANIകോട്ടയം: യു ഡി എഫിനോടും കോണ്‍ഗ്രസിനോടും ബന്ധം മുറിക്കാന്‍ ആലോചിക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെ അനുനയിപ്പിക്കാന്‍ എന്‍ എസ് എസ് നേതൃത്വം ഇടപെട്ടേക്കും. കഴിഞ്ഞദിവസം കെ എം മാണിയുമായി ഫോണില്‍ സംസാരിക്കാന്‍ രമേശ് ചെന്നിത്തല ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ യു ഡി എഫിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ സഹായം രമേശ് ചെന്നിത്തല തേടിയെന്നാണ് വിവരം.

ബാര്‍ കോഴവിവാദത്തിലടക്കം കെ എം മാണിക്ക് സംരക്ഷണ കവചമൊരുക്കി രംഗത്ത് എത്തിയ ജി സുകുമാരന്‍ നായര്‍ വരും ദിവസങ്ങളില്‍ കെ എം മാണിയുടെ പരിഭവങ്ങള്‍ കേള്‍ക്കാന്‍ മധ്യസ്ഥ റോളില്‍ എത്തുമെന്നാണ് സൂചന.
ഡല്‍ഹിയിലുള്ള ജോസ് കെ മാണിയുമായി ഫോണില്‍ സംസാരിച്ച സുകുമാരന്‍ നായര്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കരുതെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടെന്നും അഭ്യര്‍ഥിച്ചു. കോട്ടയം കളത്തിപ്പടിയിലെ ധ്യാനകേന്ദ്രത്തിലുള്ള കെ എം മാണി നാല് ദിവസത്തെ ധ്യാനം പൂര്‍ത്തിയാക്കി വ്യാഴാഴ്ച മാത്രമേ എത്തുകയുള്ളൂ. ധ്യാനം കഴിഞ്ഞെത്തുന്ന മാണിയെ ഫോണില്‍ ബന്ധപ്പെട്ട് കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് സുകുമാരന്‍ നായര്‍ അഭ്യര്‍ഥിച്ചേക്കുമെന്നാണ് വിവരം.

എന്‍ എസ് എസ് നേതൃത്വത്തിന്റെ വിശ്വസ്ഥനായ രമേശ് ചെന്നിത്തലയുടെ ഇടപെടലുകള്‍ ബാര്‍ കോഴക്കേസില്‍ മാണിയെ പ്രതിക്കൂട്ടിലാക്കിയെന്ന കേരള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് സുകുമാരന്‍ നായരുടെ സഹായം ചെന്നിത്തല തേടിയതെന്നാണ് സൂചന. ബാര്‍ കോഴവിവാദവും നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളും ഉയര്‍ത്തിയാണ് വര്‍ഷങ്ങളായി കോണ്‍ഗ്രസുമായി തുടരുന്ന സഖ്യം ഉപേക്ഷിക്കാന്‍ കേരള കോണ്‍ഗ്രസ് തിരക്കിട്ട് രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നത്.

മാണിക്കെതിരായ ബാര്‍ കോഴ വിവാദത്തിലടക്കം രമേശ് ചെന്നിത്തലക്ക് പങ്കുണ്ടെന്ന് കെ എം മാണി ആരോപിച്ചിരുന്നു. ചരല്‍ക്കുന്നില്‍ ഈമാസം ആറ്, ഏഴ് തീയതികളില്‍ നടക്കുന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്, യു ഡി എഫുമായുള്ള ഭാവി സഖ്യം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകുമെന്ന് പാര്‍ട്ടി നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി പി ജെ ജോസഫ് അടക്കമുള്ള പാര്‍ട്ടി എം എല്‍ എമാരുടെ പിന്തുണ കെ എം മാണി ഉറപ്പാക്കി കഴിഞ്ഞു. ഇതിനിടെ തിരഞ്ഞെടുപ്പ് പരാജയത്തോടെ കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടിയ ഗ്രൂപ്പ് തര്‍ക്കങ്ങളിലും കേരള കോണ്‍ഗ്രസിന്റെ പിണക്കങ്ങള്‍ നേതാക്കള്‍ ആയുധമാക്കാന്‍ നീക്കം തുടങ്ങി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും ഫലപ്രദമായി ഒഴിവാക്കാന്‍ ഐ ഗ്രൂപ്പ് വിജയിച്ചിരുന്നു.

എന്നാല്‍ പകരക്കാരമായി എത്തിയ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ തയ്യാറാവാതെ മുന്നണിയിലെ കേരള കോണ്‍ഗ്രസ് അടക്കമുള്ള പ്രധാന കക്ഷികള്‍ രംഗത്തുള്ളത് ഹൈക്കമാന്‍ഡിന് മുന്നില്‍ ആയുധമാക്കാന്‍ എ ഗ്രൂപ്പും ശ്രമം തുടങ്ങികഴിഞ്ഞു. സംസ്ഥാന കോണ്‍ഗ്രസിലെയും യു ഡി എഫിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാളെ ഹൈക്കമാന്‍ഡ് വി എം സുധീരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനെ അനുയയിപ്പിക്കാന്‍ ഉരുത്തിരിയുന്ന ഫോര്‍മുലകളില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളും ചേരിപ്പോരുകളും നിര്‍ണായകമാകും. അതേസമയം, സംസ്ഥാനത്തെ കോട്ടയം, ഇടുക്കി, പത്തനംതിട്ട അടക്കമുള്ള ജില്ലാ പഞ്ചായത്തുകള്‍ ഉള്‍പ്പെടെ അമ്പതോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായി കേരള കോണ്‍ഗ്രസ് ഭരണം കൈയ്യാളുന്നുണ്ട്.
നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കേരള കോണ്‍ഗ്രസ് മുതിര്‍ന്നാല്‍ പ്രാദേശിക തലങ്ങളിലും ഇതിന്റെ രാഷ്ട്രീയ അലയൊലികള്‍ ഉണ്ടായേക്കുമെന്ന വിലയിരുത്തലും ശക്തമാണ്.