Connect with us

National

പ്രതികള്‍ക്ക് ശിക്ഷ നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ബുലന്ദ്ശഹര്‍ ഇരകള്‍

Published

|

Last Updated

ബുലന്ദ്ശഹര്‍: ബുലന്ദ്ശഹര്‍ കൂട്ട ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് തക്ക ശിക്ഷ നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് അക്രമത്തിന് ഇരയായ കുടുംബം. തന്റെ മകളെ ക്രൂരമായി പീഡിപ്പിച്ചവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. ഇല്ലെങ്കില്‍ താനും ഭാര്യയും മകളും ആത്മഹത്യ ചെയ്യുമെന്ന് യുവതിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ മകളും ഭാര്യയും സംസാരിക്കാനാവാത്ത വിധം മാനസികമായി തകര്‍ന്നിരിക്കുകയാണ്. 18 വര്‍ഷമായി നോയിഡയിലാണ് താമസിക്കുന്നത്. അപമാനം മൂലം തിരികെ നാട്ടിലേക്ക് പോകാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും പിതാവ് പറഞ്ഞു. കേസില്‍ തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് നോയിഡ പോലീസിനോട് അഭ്യര്‍ഥിക്കുന്നു. ഇല്ലെങ്കില്‍ ജീവനൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഇനി സംസ്ഥാനത്ത് ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് സര്‍ക്കാറിനോടും പൊലീസിനോടും ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്ക് ആവശ്യപ്പെട്ടു. അതിനാവശ്യമായ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ 15 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയോടെ ദില്ലികാണ്‍പുര്‍ ദേശീയ പാതയില്‍ വെച്ചാണ് സംഭവം നടന്നത്. ഷാജഹാന്‍പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളുമടങ്ങുന്ന കുടുംബം. ബുലന്ദ്ശഹറിലെ ദോസ്ത്പുര്‍ ഗ്രാമത്തിലെത്തിയപ്പോഴാണ് ഒരു സംഘം കാറിനെ ആക്രമിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡിലെ എന്തോ വസ്തുവില്‍ ഇടിച്ചതിനെ തുടര്‍ന്ന് പുറത്തേക്കിറങ്ങിയതായിരുന്നു. റോഡരികില്‍ ഒളിച്ചിരുന്ന അക്രമിസംഘം കാര്‍ യാത്രക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ യാത്രക്കാരുടെ 21,000 രൂപയും സ്വര്‍ണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു.

സംഘത്തിലെ പുരുഷന്മാരെ കയറുപയോഗിച്ച് കെട്ടിയിട്ട് അമ്മയെയും മകളെയും മറ്റൊരു സ്ഥലത്തേക്കുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അക്രമത്തിന് ശേഷം പതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് കെട്ടഴിച്ചു രക്ഷപ്പെട്ട ഒരാളാണ് വിവരം പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ചത്.

കൂട്ടമാനഭംഗക്കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 12 ഓളം പേരെ ചോദ്യം ചെയ്തു വരികയാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.