ഒ ബി സി – മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ വായ്പ

Posted on: July 30, 2016 5:41 am | Last updated: July 29, 2016 at 11:42 pm
SHARE

തിരുവനന്തപുരം: കേരളത്തിലെ ഒ ബി സി – മതന്യൂന പക്ഷ വിഭാഗങ്ങളില്‍ നിന്നും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ പ്രൊഫഷനല്‍ കോളജുകളില്‍ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയവരായിരിക്കണം. കോഴ്‌സുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍, എ ഐ സി ടി ഇ, യു ജി സി എന്നിവയിലേതെങ്കിലും ഏജന്‍സികളുടെ അംഗീകാരം ഉണ്ടായിരിക്കണം. ബിരുദ -ബിരുദാനന്തര തലത്തിലുള്ള പ്രൊഫഷണല്‍ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കാണ് ഒ ബി സി വിഭാഗത്തില്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത്.
കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും കവിയരുത്. പലിശ നിരക്ക് – പെണ്‍കുട്ടികള്‍ക്ക് 3.5 ശതമാനവും, ആണ്‍കുട്ടികള്‍ക്ക് നാലു ശതമാനവുമായിരിക്കും. മതന്യൂന പക്ഷ വിഭാഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസ വായ്പാ പദ്ധതി പ്രകാരം മുസ്‌ലിം, കൃസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിക്ക് മതങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. മുന്ന് മുതല്‍ എട്ട് ശതമാനം വരെയാണ് പലിശ നിരക്ക്. അപേക്ഷാ ഫോറം കോര്‍പ്പറേഷന്റെ ജില്ലാ/ഉപജില്ലാ ഓഫീസുകളില്‍ ലഭിക്കും. വായ്പ സംബന്ധിച്ച മറ്റ് വിശദാംശങ്ങളും ജില്ലാ/ഉപജില്ലാ ഓഫീസുകളുടെ മേല്‍ വിലാസവും ംംം.സയെരറര.രീാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.