ബ്രിട്ടീഷ് എയര്‍വേയ്‌സിലെ ഓഹരി വര്‍ധന ഖത്വര്‍ എയര്‍വേയ്‌സ് ഉടന്‍ പ്രഖ്യാപിക്കും

Posted on: July 29, 2016 9:00 pm | Last updated: July 29, 2016 at 9:00 pm
SHARE

ദോഹ: ബ്രിട്ടീഷ് എയര്‍വേയ്‌സ് ഉടമസ്ഥ സ്ഥാപനമായ ഐ എ ജിയില്‍ ഓഹരി നിക്ഷേപം ഉയര്‍ത്തുന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഓഹരി ഉയര്‍ത്തുന്നതു സംബന്ധിച്ച് ആഴ്ചകളായി നടത്തി വന്ന സ്വകാര്യ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയെന്നും 15.7 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഓഹരി പങ്കാളിത്തം ഉയര്‍ത്താനാണ് ധാരണയായിരിക്കുന്നെതന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
യൂറോപ്യന്‍ യൂനിയനില്‍ നിന്നും യു കെ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന ജനഹിത പരിശോധനാഫലം വന്ന ശേഷം ഓഹരി മൂല്യങ്ങളില്‍ ഉണ്ടായ താഴ്ചയുടെ പശ്ചാത്തലത്തിലുള്ള ഖത്വര്‍ എയര്‍വേയ്‌സ് നിക്ഷേപ തീരുമാനം രാജ്യാന്തര സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിച്ചു വരികയായിരുന്നു. നിലവില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വലിയ നിക്ഷേപ സ്ഥാപനമായ ഖത്വര്‍ എയര്‍വേയ്‌സ് പങ്കാളിത്തം ഉയര്‍ത്തുകയാണിപ്പോള്‍. പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചാണ് ഓഹരി വാങ്ങല്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയതെന്ന് രാജ്യാന്തര വാര്‍ത്താ മാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നത്. ചര്‍ച്ചകള്‍ തികച്ചും സ്വകാര്യമായിരുന്നുവെന്നും ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
ഐ എ ജിയില്‍ നിക്ഷേപം ഉയര്‍ത്തുന്നത് പരിഗണിക്കുന്നതായി ഈ മാസം ആദ്യം ഖത്വര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരുന്നു. ആഗോള തലത്തില്‍ ഖത്വര്‍ എയര്‍വേയ്‌സ് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും പങ്കു ചേരുകയും ചെയ്യുന്നതിന്റെ ഭാഗമായാണിത്. സൗത്ത് അമേരിക്കയിലെ വലിയ വിമാന കമ്പനിയായ ലാറ്റം എയര്‍ലൈന്‍സിന്റെ പത്തു ശതമാനം ഓഹരികള്‍ സ്വന്തമാക്കുമെന്ന് ഖത്വര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം ഇറ്റലിയിലെ രണ്ടാമത്തെ വലിയ വിമാനമായ മെറിഡിയാനയുടെ 49 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നതിലുള്ള സന്നദ്ധതയും ഖത്വര്‍ എയര്‍വേയ്‌സ് ഈ മാസം ആദ്യം പ്രഖ്യാപിച്ചു.
എന്നാല്‍ വിദേശ വിമാന കമ്പനികള്‍ക്ക് നിക്ഷേപം നടതത്തുന്നതിന് നിലനില്‍ക്കുന്ന തടസങ്ങള്‍ ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല.