ഖിദ്മത്ത് കോളജ് റാഗിംഗ്: വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: July 29, 2016 12:53 pm | Last updated: July 29, 2016 at 12:53 pm
SHARE

തിരൂര്‍: തിരുന്നാവായ ഖിദ്മത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്ന റാഗിംഗ് സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍.
ബി ബി എ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ പുറത്തൂര്‍ സ്വദേശി ചാളക്കപറമ്പില്‍ വീട്ടില്‍ കരീമിന്റെ മകന്‍ ഷെബിന്‍ കരീം( 19), വെട്ടിച്ചിറ സ്വദേശി ചേക്കുട്ടി അലിക്കാനകത്ത് മുറിവഴിക്കല്‍ ഉമ്മറിന്റെ മകന്‍ മുഹമ്മദ് റാശിദ് (19) എന്നിവര്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗിനിരയായ സംഭവത്തിലാണ് കോളജ് അധികൃതരുടെ നടപടി. സംഭവം ചൂണ്ടിക്കാട്ടി രക്ഷിതാവ് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് കോളജ് ചെയര്‍മാന്‍ പറഞ്ഞു. തിങ്കളാഴ്ച ക്ലാസില്‍ കയറരുതെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയ വിവരം പ്രിന്‍സിപ്പലിനെയോ മറ്റു അധികൃതരെയോ അറിയിച്ചിട്ടില്ലെന്നും കോളജ് അധികൃതരുടെ സാന്നിധ്യത്തിലല്ല അക്രമം നടന്നതെന്നും ചെയര്‍മാന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
സംഭവം അന്വേഷിക്കുന്നതിനായി കോളജ് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും യൂനിവേഴ്‌സിറ്റി നിര്‍ദേശിക്കുന്ന സസ്‌പെന്‍ഷന്‍ കാലയളവിനു ശേഷം കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം തുടര്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട ബി ബി എ, ബി കോം മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ മുസ്തഫ, സകരിയ, ഹസീബ്, സുഹൈല്‍, മുബഷിര്‍, ഹാഫിസ്, ഷാറൂഖ്, റാശിദ്, ശഹീന്‍, ശംസീര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. വിദ്യാര്‍ഥികള്‍ കല്‍പകഞ്ചേരി പോലീസില്‍ സമര്‍പ്പിച്ച പരാതിയില്‍ ഈ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിരുന്നു.
സംഘം ചേര്‍ന്ന് മര്‍ദ്ദനം, റാഗിംഗ് നിരോധന ആക്ട് ഐപിസി 998 വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ പോലീസില്‍ പരാതി ലഭിച്ച ദിവസം തന്നെ പ്രതികളുടെ പേരു വിവരം നല്‍കാന്‍ കോളജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും നല്‍കിയിട്ടില്ലെന്ന് എസ് ഐ. പി എം ശമീര്‍ പറഞ്ഞു.
കോളജ് അധികൃതര്‍ പേരു വിവരം നല്‍കുന്ന മുറക്ക് പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് എസ് ഐ അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാഗിംഗിനിരയായ രണ്ട് വിദ്യാര്‍ഥികള്‍ ഇന്നലെ ആശുപത്രി വിട്ടു. എല്ലിന് ക്ഷതമേറ്റ വിദ്യാര്‍ഥികള്‍ വിദഗ്ധ ചികിത്സ തേടുമെന്ന് അറിയിച്ചു. അധ്യാപകരും കോളജ് അധികൃതരും നോക്കി നില്‍ക്കെ തങ്ങളെ സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ ആവര്‍ത്തിച്ചു.