ആരാണ് ജനകീയ എം എല്‍ എ?

Posted on: July 27, 2016 6:00 am | Last updated: July 27, 2016 at 12:21 am
SHARE

SIRAJസ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഈയിടെ ചില അഭിമുഖങ്ങളില്‍ പങ്കുവെച്ച ആശയങ്ങളും മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും സംസ്ഥാന നിയമസഭയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ അര്‍ഥവത്താക്കാനുതകുന്നവയാണ്. നിയമസഭാ സാമാജികന്റെ കടമ സംബന്ധിച്ചാണ് അദ്ദേഹം പ്രധാനമായും സംസാരിച്ചത്. നിയമസഭ നിയമനിര്‍മാണ സഭയാണ്. ജനങ്ങളെ ബാധിക്കുന്നതും അവരുടെ ജീവിതം ക്ഷേമകരമാക്കുന്നതും നിയമവാഴ്ച ഉറപ്പ് വരുത്തുന്നും കാലാനുസൃതമായ മാറ്റത്തിന് നാന്ദി കുറിക്കുന്നതുമായ നിയമങ്ങള്‍ നിര്‍മിക്കുകയെന്ന ഗൗരവതരമായ പ്രക്രിയയാണ് അവിടെ നടക്കുന്നത്. നടക്കേണ്ടത്. എന്നാല്‍ എത്ര എം എല്‍ എമാര്‍ ഈ അര്‍ഥത്തില്‍ നിയമസഭാ അംഗത്വത്തെ കാണുന്നുണ്ട്? എത്ര പേര്‍ നിയമനിര്‍മാണ പ്രക്രിയയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ട്? ഇവ്വിഷയകമായി പഠനത്തിനും അന്വേഷണത്തിനും എത്ര പേര്‍ സമയം കണ്ടെത്തുന്നു?
ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നത് ജനപ്രതിനിധികളാണ്. അതുകൊണ്ട് എന്താണ് ജനഹിതമെന്ന് അവര്‍ക്കാണ് നന്നായി അറിയുക. ഒരു നിയമം അല്ലെങ്കില്‍ നിയമ ഭേദഗതി ആര്‍ക്കൊക്കെയാണ് പരുക്കേല്‍പ്പിക്കാന്‍ പോകുന്നതെന്നും ആരുടെയൊക്കെ ജീവിതത്തിലാണ് ഗുണപരമായ മാറ്റം ഉണ്ടാക്കുകയെന്നും കൃത്യമായി അറിയാന്‍ കഴിയുന്ന ആളാണ് നിയമസഭാ സാമാജികന്‍. നിയമം രൂപപ്പെടുത്താനുള്ള ഉത്തരവാദിത്വം വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്കോ പ്രൊഫഷനല്‍ നിയമവിദഗ്ധര്‍ക്കോ വിട്ടു കൊടുക്കുമ്പോള്‍ പിറക്കുക ജനവിരുദ്ധമായ ഉള്ളടക്കമുള്ള നിയമങ്ങളാകും. ഇത് ഒഴിവാക്കാന്‍ നിയമനിര്‍മാണത്തിന്റെ ഓരോ വഴിയിലും സാമാജികന്റെ ജാഗ്രത്തായ ഇടപെടല്‍ അനിവാര്യമാണ്. അദ്ദേഹം ഒരു നിയമജ്ഞന്‍ അല്ലായിരിക്കാം. പരിചയസമ്പത്തും കുറവായിരിക്കാം. പക്ഷേ അദ്ദേഹം തന്റെ ജനതയുടെ മുന്‍ഗണനകളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നത് മിനിമം കാര്യമാണല്ലോ. ആ അറിവ് നിയമനിര്‍മാണത്തില്‍ ഉപയോഗിക്കാന്‍ ഓരോ അംഗവും തയ്യാറാകേണ്ടതുണ്ട്. അതില്ലാതെ പോകുമ്പോഴാണ് നിയമ സഭയും പാര്‍ലിമെന്റും വെറും രാഷ്ട്രീയ വാഗ്വാദത്തിന്റെ അരങ്ങായി അധഃപതിക്കുക. ബില്ലുകളിന്‍മേലുള്ള ചര്‍ച്ചകള്‍ നോക്കിയാല്‍ ഇത് മനസ്സിലാകും. വിരലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമാണ് ചര്‍ച്ചകളെ ഗൗരവത്തോടെ കാണുന്നത്. ചര്‍ച്ച നടക്കുമ്പോള്‍ കര്‍ണാടകയിലെ എം എല്‍ എമൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ട വാര്‍ത്ത വന്നിരുന്നുവല്ലോ. ഉറങ്ങുന്ന ചിത്രങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടാകാറില്ല.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ‘വികസന നായകന്‍’ എന്ന് വിശേഷിപ്പിച്ചതില്‍ ജാള്യം തോന്നുന്നുവെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. എം എല്‍ എ അല്ലെങ്കില്‍ എം പിയുടെ കടമയെന്താണ് എന്നതില്‍ ജനങ്ങള്‍ക്കാകെയുള്ള അവബോധത്തിലേക്കാണ് അദ്ദേഹം വിരല്‍ ചൂണ്ടുന്നത്. ആരാണ് ജനകീയ എം എല്‍ എ/എം പി എന്ന ചോദ്യത്തിന് നമ്മുടെ ഉത്തരം റോഡ് ടാറിടുന്നതിലും കലുങ്കു പണിയുന്നതിലും സ്‌കൂളിന് കമ്പ്യൂട്ടര്‍ കൊടുക്കുന്നതിലും ബസ്റ്റോപ്പ് പണിയുന്നതിലുമൊക്കെ മുന്നില്‍ നിന്നയാള്‍ എന്നതാണല്ലോ. അനുവദിച്ചിട്ടുള്ള ഫണ്ട് വിനിയോഗിച്ചത് ചൂണ്ടിക്കാട്ടി സമാജികനെ വിലയിരുത്തുന്ന പ്രവണത വ്യാപകമായിട്ടുണ്ട്. എല്ലാ കല്യാണ വീട്ടിലും മരണ വീട്ടിലും എത്തുന്ന, മുഴുവന്‍ സമയവും മണ്ഡലത്തിലുള്ളയാളാണ് നല്ല എം എല്‍ എ/ എം പിയെന്നതാണ് ഊട്ടിയിറപ്പിക്കപ്പെടുന്ന തെറ്റുദ്ധാരണ. ജനപ്രതിനിധിയുടെ ഗുണഗണങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹം നിയമനിര്‍മാണ സഭയില്‍ നടത്തിയിട്ടുള്ള പ്രസംഗങ്ങളെക്കുറിച്ച് ആരും പറയാറില്ല. അദ്ദേഹം സഭയില്‍ എത്ര ചോദ്യം ചോദിച്ചുവെന്നും ആരായാറില്ല. സ്വകാര്യ ബില്ലുകള്‍ കൊണ്ടു വന്നോ എന്നും ചോദിക്കാറില്ല. തൊട്ടതിനും പിടിച്ചതിനും ഫഌക്‌സു വെക്കുന്ന രാഷ്ട്രീയക്കാര്‍ എന്താണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയാക്കാത്തത്? ഈ നില മാറണം. സാമാജികന്റെ സഭയിലെ പ്രകടനം വിലയിരുത്തിയേ തീരൂ. ഫണ്ട് വിനിയോഗത്തിന് മേല്‍നോട്ടം വഹിക്കാന്‍ വാര്‍ഡംഗത്തിനോ ബ്ലോക്ക് അംഗത്തിനോ ഒക്കെ സാധിക്കും. നിയമനിര്‍മാണത്തില്‍ സജീവ പങ്കാളിത്തം വഹിക്കുകയെന്നത് നിയമസഭാംഗത്തിന് മാത്രം സാധ്യമായ ഒന്നാണെന്നോര്‍ക്കണം. സഭയില്‍ മൗനിയായിരുന്ന പ്രതിനിധിയെ അങ്ങനെ തന്നെ വിലയിരുത്തുന്ന സ്ഥിതിയുണ്ടാകണം. സഭാ നടപടികള്‍ തടസ്സപ്പെടുത്താന്‍ മാത്രം സടകുടഞ്ഞ് എഴുന്നേല്‍ക്കുകയും അല്ലാത്ത സമയങ്ങളില്‍ മുഴുവന്‍ ഉറങ്ങുകയും ചെയ്യുന്ന അംഗത്തെ മാധ്യമങ്ങള്‍ തുറന്ന് കാട്ടണം.
ജനപ്രതിനിധി ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതില്ല എന്നതല്ല ഈ പറഞ്ഞതിന് അര്‍ഥം. തീര്‍ച്ചയായും മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ മുന്‍കൈ ഉണ്ടാകണം. എന്നാല്‍ തന്റെ നിയമനിര്‍മാണ പങ്കാളിത്തം അതിനോളമോ അതിനേക്കാളേറെയോ പ്രധാനമാണെന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ വോട്ടര്‍മാരും തിരിച്ചറിയണമെന്ന് മാത്രം. നിയമനിര്‍മാണ പ്രക്രിയയില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയും വേണം. സബ്ജക്ട് കമ്മിറ്റിക്ക് വിടുകയെന്നത് യാന്ത്രികമായ ഒരു ഏര്‍പ്പാടാകരുത്. ബില്ലുകളില്‍ ജനകീയ അഭിപ്രായം തേടുകയെന്ന പ്രക്രിയ കുറ്റമറ്റ രീതിയില്‍ നടക്കണം. ജനങ്ങള്‍ക്ക് നിയമ നിര്‍ദേശങ്ങള്‍ നടത്താന്‍ സമാന്തര സംവിധാനമൊരുക്കുമെന്ന സ്പീക്കറുടെ പ്രഖ്യാപനം അങ്ങേയറ്റം ആശാവഹമാണ്.