തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന മുത്തശ്ശി ഗിന്നസ് ബുക്കിലേക്ക്‌

Posted on: July 26, 2016 5:51 am | Last updated: July 26, 2016 at 12:53 am
SHARE
ദാക്ഷായണി
ദാക്ഷായണി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും പ്രായമേറിയ ആന ദാക്ഷായണി ഗിന്നസ് ബുക്കിലേക്ക്. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമുള്ള നാട്ടാനയാണ് ദാക്ഷായണിയെന്നാണ് വിലയിരുത്തല്‍. ഗിന്നസ് ബുക്കില്‍ ഇടംനേടാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തായ്‌ലാന്‍ഡിലുണ്ടായിരുന്ന 92 വയസുള്ള ആനയായിരുന്നു ഏറ്റവും പ്രായമേറിയ നാട്ടാന. ഇത് ചരിഞ്ഞ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് ഗിന്നസ് നേട്ടത്തിനായി ശ്രമിക്കുന്നത്.
ഇതിന് മുന്നോടിയായി ബുധനാഴ്ച ദേവസ്വം ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ദാക്ഷായണിക്ക് ഗജരാജമുത്തശ്ശിപട്ടം നല്‍കി ആദരിക്കും. ആദരിക്കല്‍ ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ദാക്ഷായണിയെ പരിചരിച്ച പാപ്പാന്‍മാരെയും ആദരിക്കും. മന്ത്രി കെ രാജു, കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും പ്രയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.