മോ ഫറ: ബ്രിട്ടന്റെ സൊമാലിയന്‍ കുതിപ്പ്

Posted on: July 26, 2016 5:48 am | Last updated: July 26, 2016 at 12:49 am
SHARE

riro2016ലണ്ടന്‍ ആനിവേഴ്‌സറി ഗെയിംസില്‍ 5000 മീറ്ററില്‍ സ്വര്‍ണം ! മോ ഫറ എന്ന ദീര്‍ഘദൂര ഓട്ടക്കാരന്‍ ഒളിമ്പിക് പട്ടം നിലനിര്‍ത്തുമെന്ന് വിളിച്ചോതുകയായിരുന്നു ട്രാക്കില്‍. ബ്രിട്ടന്റെ സൊമാലിയന്‍ വംശജന്‍ മോ ഫറ എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് ലണ്ടന്‍ ഡയമണ്ട് ലീഗില്‍ നല്‍കിയിരിക്കുന്നത്.
എട്ടാം വയസില്‍ സൊമാലിയയില്‍ നിന്ന് ബ്രിട്ടനിലെത്തിയ മോ ഫറ ഇന്ന് ബ്രിട്ടന്റെ ദേശീയ ഹീറോയാണ്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 5000, 10000 മീറ്ററുകളില്‍ സ്വര്‍ണമണിഞ്ഞ മോ ഫറ 2013, 2015 ലോകചാമ്പ്യന്‍ഷിപ്പുകളിലും ‘ഡബിള്‍’ ആവര്‍ത്തിച്ചു. കഴിഞ്ഞില്ല 2010, 2014 യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ബ്രിട്ടീഷ് താരത്തിന് രണ്ടിനങ്ങളിലും എതിരില്ലായിരുന്നു. ഇങ്ങനെ ബ്രിട്ടന്റെ അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ഇതിഹാസപുരുഷനാണ് മോ ഫറ.
2011, 2012 വര്‍ഷങ്ങളില്‍ യൂറോപ്യന്‍ അത്‌ലറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരവും സൊമാലിയന്‍ വംശജനെ തേടിയെത്തി.
ഏഴ് സുപ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ ജയിച്ച മോ ഫറ യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം പേരില്‍ കുറിച്ചിട്ടു. ഇതാകട്ടെ, യൂറോപ്യന്‍ അത്‌ലറ്റിക്‌സിലെ എക്കാലത്തേയും മികച്ച വ്യക്തിഗത പ്രകടനവും. 2013 ല്‍ കമാന്‍ഡര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍ ബഹുമതിയും മോ ഫറയെ തേടിയെത്തി.
ദീര്‍ഘദൂര ഓട്ടത്തില്‍ വേഗം കുറച്ചും കൂട്ടിയും ട്രാക്കില്‍ ആധിപത്യം സ്ഥാപിക്കുന്ന മോ ഫറ ഫിനിഷിംഗില്‍ സ്പ്രിന്ററെ പോലെ കുതിക്കും. റിയോയിലും ആ കുതിപ്പ് പ്രതീക്ഷിക്കാം.