ഭക്ഷണം ബാക്കിവെച്ചാല്‍ പിഴ; സമൂഹത്തെ പഠിപ്പിക്കാന്‍ റസ്റ്റോറന്റ്

Posted on: July 25, 2016 7:16 pm | Last updated: July 25, 2016 at 7:16 pm
SHARE

doha reataurantദോഹ: ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നത് ഇല്ലാതാക്കാനുള്ള ആശയവുമായി ദോഹയിലെ ജപ്പാനീസ് തായ് റസ്റ്റാറന്റ്. പാത്രത്തില്‍ ബാക്കിയാക്കി തള്ളുന്ന ഭക്ഷണത്തിന് പിഴ ഈടാക്കിയാണ് അബൂ ഹമൂറിലെ മേസണ്‍ ഡി സൂഷി എന്ന റസ്റ്റാറന്റ് പരീക്ഷണത്തിനിറങ്ങിയത്. മുഴു സമയ ബുഫേ രീതിയുള്ള ഇവിടെ ഉപഭോക്താക്കള്‍ക്ക് എത്ര വേണമെങ്കിലും ഭക്ഷണമെടുക്കാം, പക്ഷെ ബാക്കിയാക്കി കളയരുത്.
ആളൊന്നിന് 80/100 റിയാല്‍ തോതിലാണ് മെനു നിരക്ക്. പാത്രത്തില്‍ ബാക്കിയാക്കുന്ന ഭക്ഷണത്തിന് അഞ്ചു റിയാല്‍ ഈടാക്കും. ജനങ്ങള്‍ക്ക് മേല്‍ പിഴ ചുമത്തുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് റസ്റ്റാന്റ് മാനേജര്‍മാരിലൊരാളായ നഈല്‍ സലാഹുദ്ദീന്‍ പറഞ്ഞു. ദോഹ ന്യൂസ് വെബ് പോര്‍ട്ടലാണ് റസ്റ്റോറന്റിനെ പരിചയപ്പെടുത്തിയത്. ഭക്ഷണം പാഴാക്കാതിരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഉദ്ദേശിക്കുന്നത്.
ആവശ്യപ്പെടുന്നവര്‍ക്ക് ബാക്കിയാകുന്ന ഭക്ഷണം പാര്‍സലായി കൊണ്ടുപോകാന്‍ സൗകര്യമുണ്ട്. എങ്കിലും ഭക്ഷണം പാഴാക്കരുതെന്നാണ് മേസണ്‍ ഡി സൂഷിയുടെ താത്പര്യം.
അല്‍സദ്ദിലെ യീ ഹ്വാ എന്ന കൊറിയന്‍ജപ്പാനീസ് റസ്റ്റാറന്റും ഭക്ഷണം പാഴാക്കി നശിപ്പിക്കാതിരിക്കാന്‍ ഇതേ രീതി സ്വീകരിച്ചുവരുന്നുണ്ട്. എന്നാല്‍ ഇതൊരു കര്‍ക്കശമായ നയമല്ല. ഭക്ഷണം പാഴാക്കുന്നതിന്റെ ഗൗരവം ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നും സംരഭകര്‍ പറയുന്നു.
പാഴാക്കുന്ന ഭക്ഷണത്തിന് പണം ഈടാക്കുന്നതിനോട് ഉപഭോക്താക്കളില്‍നിന്നും വ്യത്യസ്ത പ്രതികരണമാണ് ലഭിക്കുന്നത്. അതൃപ്തി പ്രകടിപ്പിക്കുന്ന ചിലര്‍ പണം നല്‍കാന്‍ വിസമ്മതിക്കുമ്പോള്‍ അധികപേരും ആശയത്തെ പിന്തുണക്കുന്നു. പ്രോത്സാഹനം നല്‍കുന്നവരും നിരവധിയുണ്ട്. പണമടച്ചു പോകുന്ന ചിലര്‍ തിരിച്ചു വന്ന് തങ്ങളെ അഭിനന്ദിക്കും. ഖത്വരികളാണെങ്കില്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കും. ആളുകള്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം തുടച്ചു വൃത്തിയാക്കുന്നത് ഭക്ഷണം രുചകരമായതു കൊണ്ടാണോ പിഴ പേടിച്ചാണോ എന്നു വ്യക്തമല്ലെന്ന് ഹോട്ടല്‍ മാനേജര്‍ തമാശയോടെ പറയുന്നു.